ഗുരുവായൂര്‍: കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളിൽ മുൻനിരയിലുള്ള ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന് ഇന്ന് 90 വയസ്സ്. ജാതീയ വിവേചനത്തിനെതിരെ കത്തിപ്പടർന്ന സമരങ്ങളിൽ മുൻനിരയിലുള്ളതാണ് ഗുരുവായൂർ സത്യഗ്രഹം. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്ന കെ.പി.സി.സി ആഹ്വാന പ്രകാരമാണ് ഗുരുവായൂർ ക്ഷേത്രപ്രവേശന സമരം നടന്നത്. സമരത്തിന് മുന്നോടിയായി 1931 ഒക്ടോബര്‍ 21ന് സുബ്രഹ്മണ്യം തിരുമുമ്പിെൻറ നേതൃത്വത്തില്‍ എ.കെ.ജി ക്യാപ്റ്റനായി കണ്ണൂരില്‍നിന്ന് ഗുരുവായൂരിലേക്ക് ജാഥ പുറപ്പെട്ടു. ഒക്ടോബര്‍ 31ന് ജാഥ ഗുരുവായൂരിലെത്തി. 1931 നവംബര്‍ ഒന്നിന് രാവിലെ സത്യഗ്രഹം തുടങ്ങി. സത്യഗ്രഹികള്‍ ക്ഷേത്രത്തില്‍ കടക്കാതിരിക്കാന്‍ അധികാരികള്‍ വേലികെട്ടി. കെ. കേളപ്പൻ, എന്‍.എസ്.എസ് നേതാവ് മന്നത്ത് പത്മനാഭൻ, എസ്.എന്‍.ഡി.പി നേതാവ് കുഞ്ഞികൃഷ്ണൻ, വി.ടി. ഭട്ടതിരിപ്പാട്, പി. കൃഷ്ണപിള്ള, വിഷ്ണു ഭാരതീയൻ എന്നിവരെല്ലാം സമരത്തിെൻറ നേതൃത്വത്തിൽ ഉണ്ടായിരുന്നു.
ഡിസംബര്‍ 28ന് എ.കെ.ജിക്ക് ക്രൂര മർദനമേറ്റു. കാവല്ക്കാര് ചേര്‍ന്ന് ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട എ.കെ.ജിയെ ക്ഷേത്രത്തിന് പുറത്ത് തള്ളി. മൂന്നുദിവസം കഴിഞ്ഞാണ് ബോധം തെളിഞ്ഞത്. കുപിതരായ ചില സമരഭടന്മാര് തിരിച്ചടിച്ചു. ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊളിച്ചു. ഇതോടെയാണ് ക്ഷേത്രം അടച്ചിട്ടത്. ജനുവരി 28ന് ക്ഷേത്രം തുറന്നപ്പോള്‍ സത്യഗ്രഹം പുനരാരംഭിക്കുകയും ചെയ്തു. സമരക്കാരുടെ ദേഹത്ത് ആനയെ കൊണ്ട് ചവിട്ടിക്കാൻ വരെ ക്ഷേത്ര പ്രവേശനത്തെ എതിർക്കുന്നവർ ശ്രമിച്ചിരുന്നു.
പി. കൃഷ്ണപിള്ള ഒരുദിവസം ക്ഷേത്രത്തില്‍ കയറി ബ്രാഹ്മണര്‍ക്ക് മാത്രം അടിക്കാന്‍ അനുമതിയുള്ള മണിയടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ മര്‍ദിച്ച് ക്ഷേത്രത്തിന് പുറത്താക്കി. സമരത്തെ പിന്തുണച്ച് കവിതയെഴുതിയതിന് ടി.എസ്. തിരുമുമ്പിനെ രാജ്യദ്രോഹകുറ്റം ചുമത്തി ഒമ്പതുമാസം ജയിലില്‍ അടച്ചു. 1932 െസപ്റ്റംബര്‍ 21ന് കേളപ്പന് നിരാഹാരം ആരംഭിച്ചു. ഇതോടെ ഗാന്ധിജി സമരത്തില്‍ ഇടപെട്ടു. ക്ഷേത്രം എല്ലാവര്‍ക്കുമായി തുറക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത ഗാന്ധിജി കേളപ്പനോട് നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ലക്ഷ്യം നേടാതെ സമരം അവസാനിപ്പിച്ചു.
അന്ന് ക്ഷേത്രം ഉള്‍പ്പെട്ടിരുന്ന പൊന്നാനി താലൂക്കിലെ സവര്‍ണർക്കിടയില്‍ അവര്‍ണര്‍ക്ക് ദർശന അനുമതി നൽകുന്നതിനെക്കുറിച്ച് ഹിതപരിശോധന നടത്തി. 15568 പേര് പ്രവേശനത്തിന് അനുകൂലമായും 2779 പേര് പ്രതികൂലമായും വോട്ടു രേഖപ്പെടുത്തി. 2106 പേര് നിഷ്പക്ഷത പാലിച്ചു. 7302 പേര് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. 1934 ജനുവരി 11ന് ഗാന്ധിജി ഗുരുവായൂരിലെത്തി പ്രസംഗിച്ചു. 1936 നവംബർ 12ന് തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായെങ്കിലും, മലബാർ പ്രദേശത്ത് ഉൾപ്പെടുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും പ്രവേശിക്കാൻ 1947 ജൂണ്‍ 12ന് മദ്രാസ് സര്‍ക്കാറിെൻറ ക്ഷേത്രപ്രവേശന നിയമം വരെ കാത്തിരിക്കേണ്ടി വന്നു.
സത്യഗ്രഹ സ്മാരകമായി നഗരസഭ കേളപ്പൻ സ്മാരക കവാടം, എ.കെ.ജി സ്മാരക കവാടം, സത്യഗ്രഹ സ്മാരക വേദി എന്നിവ നിർമിച്ചിട്ടുണ്ട്. ദേവസ്വവും സത്യഗ്രഹ സ്മാരക സ്തൂപം പണിതീർത്തിട്ടുണ്ട്. ദേവസ്വത്തിെൻറ ഓഡിറ്റോറിയ സമുച്ചയവും സത്യഗ്രഹ സമരത്തിെൻറ പേരിലാണ്. ഗാന്ധിജി ഗുരുവായൂരിൽ പ്രസംഗിച്ച സ്ഥലത്ത് നഗരസഭ പ്രതിമ സ്ഥാപിച്ച് സ്മൃതി മണ്ഡപവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.