കോഴിക്കോട്: ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ വരാണസി ജില്ലാ കോടതി വിധി വേദനാജനകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
വിധി മുസ്‌ലിംകളെ മാത്രമല്ല രാജ്യത്തെ എല്ലാവിഭാഗം മതവിശ്വാസികളെയും വേദനിപ്പിക്കുന്നതാണ്. പള്ളിക്കുള്ളില്‍ പൂജ നടത്തുന്നത് 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ അന്തസത്തക്ക് എതിരാണ്. ബാബരി മസ്ജിദ് കേസ് വിധിന്യായത്തില്‍ 1991ലെ ആരാധനാലയ സംരക്ഷണനിയമം ശക്തമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സുപ്രീം കോടതി ഊന്നിപ്പറഞ്ഞിരുന്നു. 1947 ആഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഒരു കെട്ടിടം പള്ളിയായിരുന്നെങ്കില്‍ അത് തുടര്‍ന്നും പള്ളിയാണെന്നും അതില്‍ മറ്റൊരു വിഭാഗത്തിന് അവകാശവാദമുന്നയിക്കാന്‍ അധികാരമില്ലെന്നുമാണ് ഈ നിയമത്തിലുള്ളത്. 1678ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് നിര്‍മിച്ചതാണ് ഗ്യാന്‍വാപി മസ്ജിദ്. നൂറുവര്‍ഷത്തിലധികം കഴിഞ്ഞാണ് 1780ല്‍ ഇന്‍ഡോര്‍ രാജ്ഞി അഹില്യ ഹോല്‍കര്‍ പള്ളിക്ക് തൊട്ടടുത്ത് കാശി വിശ്വനാഥക്ഷേത്രമുണ്ടാക്കുന്നത്.
ഗ്യാന്‍വാപി പള്ളി കൈവശപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ഗൂഢനീക്കം പ്രതിഷേധാര്‍ഹവും വേദനാജനകവുമാണ്. വിധിക്കെതിരെ നീതിപീഠത്തെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തീരുമാനിക്കും. രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയോടുള്ള വിശ്വാസം തിരിച്ചുപിടിക്കുന്നതിന് ഉന്നത നീതിപീഠം സത്യസന്ധമായും നിഷ്പക്ഷമായും ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.