കൊല്ലം: രണ്ടുദിവസം മുമ്പ് കൊല്ലത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചത് എച്ച് 1 എൻ 1 ബാധിച്ചാണെന്ന് കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് അധികൃതർ പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലഅതിർത്തിയായ പാരിപ്പള്ളിക്ക് സമീപം ആമിനയാണ്(22) കഴിഞ്ഞദിവസം മരിച്ചത്. യുവതിയുടെ വീട് തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശത്തായതിനാൽ പരിശോധനറിപ്പോർട്ട് തിങ്കളാഴ്ച തിരുവനന്തപുരം ഡി.എം.ഒക്ക് കൈമാറി. കഴിഞ്ഞവര്‍ഷം കൊല്ലം ജില്ലയിൽ രോഗബാധിതരായ പത്തിലധികം പേര് മരിച്ചതായാണ് കണക്ക്. പലരും സ്വയംചികിത്സ നടത്തി ആശുപത്രിയിൽ എത്താൻ വൈകിയതാണ് മരണനിരക്ക് കൂടാൻ കാരണമെന്നാണ് അധികൃതർ വെളിപ്പെടുത്തിയത്.
പനി: ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് 1-എൻ 1 പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ജലദോഷപ്പനിയോട് സാമ്യമുള്ള എച്ച് 1-എൻ 1 പനിക്ക് കൃത്യസമയത്ത് ഡോക്ടറുടെ സേവനം തേടുകയും ചികിത്സ ഉറപ്പുവരുത്തുകയും വേണം. വായു വഴി പകരുന്ന രോഗമായതിനാൽ ശ്രദ്ധ ആവശ്യമാണ്. പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ഗർഭിണികളും രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.