വൈക്കം: സുപ്രീംകോടതിയിൽ ഹാജരാകാൻ ഹാദിയയുടെ ഡൽഹി യാത്ര സംബന്ധിച്ച് രഹസ്യനീക്കങ്ങളുമായി പൊലീസും സംസ്ഥാന ഇൻറലിജൻസ് വിഭാഗവും. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പൊലീസ് പുറത്ത് പറയുന്നില്ലെങ്കിലും കൊച്ചിയിൽനിന്ന് ഡൽഹിയിലേക്ക് വിമാനത്തിൽ എത്തിക്കാൻ നടപടി പൊലീസ് പൂർത്തിയാക്കിയതായാണ് വിവരം. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടപടി. നേരത്തേ ട്രെയിനിൽ ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു പൊലീസ് നൽകിയ വിവരമെങ്കിലും ഹാദിയയുടെ ജീവനുതന്നെ ഇത് ഭീഷണി ഉയർത്തുമെന്ന ആശങ്ക വിവിധതലങ്ങളിൽനിന്ന് ഉയർന്നതോടെയാണ് യാത്ര വിമാനമാർഗമാക്കിയത്.
ഈ മാസം 27ന് ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് പിതാവ് അശോകനോട് സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് യാത്ര സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തത്. 24ന് ട്രെയിനിൽ ഡൽഹിക്ക് പോകാൻ പിതാവിനും ഹാദിയക്കും മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും ടിക്കറ്റ് എടുത്തിരുന്നെങ്കിലും പിന്നീട് റദ്ദാക്കി. കൊച്ചിയിൽനിന്ന് ശനിയാഴ്ച വൈകീട്ട് ആറിന് പുറപ്പെടുന്ന ടാറ്റയുടെ വിസ്താര എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് പൊലീസ് ഒന്നും പറയുന്നില്ല. വെള്ളിയാഴ്ച ഡൽഹിക്ക് പുറപ്പെടുമെന്ന സൂചനകളെ തുടർന്ന് രാവിലെ മുതൽ ടി.വി പുരത്തെ അശോകെൻറ വീടിനു മുന്നിൽ ദേശീയ ചാനലുകളിലേത് ഉൾപ്പെടെ മാധ്യമപ്രവർത്തകർ എത്തിയിരുന്നു. ഇവരോട് സംസാരിക്കാൻ പിതാവോ അടുത്ത ബന്ധുക്കളോ തയാറായില്ല. അതിനിടെ, ചേകന്നൂർ മൗലവിയുടെ ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ വനിത വിഭാഗം നേതാവായ ജാമിദ ടീച്ചർ വൈക്കത്തെ വസതിയിലെത്തി ഹാദിയയുമായി ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത് വിവാദമായി. ഇവർക്ക് ആര് സന്ദർശനാനുമതി നൽകി എന്നതാണ് വിവാദത്തിന് അടിസ്ഥാനം. ഇതിനെതിരെ ഭർത്താവായ ഷെഫിൻ ജഹാൻ ഡി.ജി.പിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.