വൈക്കം: സുപ്രീംകോടതിയിൽ ഹാജരാക്കുന്നതിനായി ഹാദിയയെ വിമാനമാർഗം ഡൽഹിയിലെത്തിക്കുമെന്ന് വൈക്കം പൊലീസ്. വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഹാദിയയും പിതാവും സുരക്ഷ ഉദ്യോഗസ്ഥരുമുൾപ്പെടെ എട്ടംഗ സംഘം ശനിയാഴ്ച ഡൽഹിക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം. ട്രെയിൻ മാർഗമാണ് പോകാനിരുന്നത്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ഇൻറലിജൻസ് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് യാത്ര വിമാനമാർഗമാക്കിയത്. ഹാദിയയിൽ നിന്ന് നേരിട്ട് മൊഴിയെടുക്കുന്നതിന് ഈ മാസം 27ന് ഹാജരാക്കാൻ പിതാവ് അശോകനോട് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു.
ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കുന്നത് വിമാനമാർഗം വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ഷെഫീൻ ജഹാൻ സംസ്ഥാന വനിതാ കമീഷനെ സമീപിച്ചിരുന്നു. ട്രെയിൻ യാത്രക്കിടെ ഹാദിയക്ക് സുരക്ഷ പ്രശ്നങ്ങളോ മൊഴിമാറ്റത്തിന് സ്വാധീനമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഷെഫീൻ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ഹാദിയയെ ഹാജരാക്കാൻ സുപ്രീംകോടതി നിർദേശിച്ചത് പിതാവിനോടാണെന്നും യാത്ര എങ്ങനെ ആകണമെന്ന് തീരുമാനിക്കേണ്ടത് അശോകനാണെന്നും വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ഇതിനോട് പ്രതികരിച്ചത്. എവിടെയായിരുന്നാലും ഹാദിയയുടെ സുരക്ഷ സർക്കാർ ഉറപ്പാക്കുമെന്നും ജോസഫൈൻ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.