ന്യൂഡൽഹി: മെഡിക്കൽ പഠനം പുനരാരംഭിക്കുന്നതിനായി ഹാദിയ സേലത്തെ ബി.എച്ച്.എം.എസ് കോളജിലേക്ക് പുറപ്പെട്ടു. ഉച്ചക്ക് 11 മണിയോടെ കേരള ഹൗസിൽ നിന്ന് പൊലീസ് സുരക്ഷയിൽ പ്രത്യേക കാറിലാണ് ന്യൂഡൽഹി വിമാനത്താവളത്തിലേക്ക് സംഘം പോയത്. അവിടെ നിന്ന് 1.20നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഹാദിയ കോയമ്പത്തൂരിലേക്ക് പോകുക. തുടർന്ന് റോഡ് മാർഗം സേലത്തെ കോളജിലെത്തും.
ഹാദിയയുടെ യാത്രക്കുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്ന് കേരളാ ഹൗസ് അധികൃതർക്ക് നിർദേശം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് യാത്രാ വേഗത്തിലാക്കിയത്. കേരളത്തിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ ഹാദിയക്കൊപ്പമുണ്ട്. അതേസമയം, ഹാദിയയുടെ മാതാപിതാക്കൾ ഇന്ന് കേരളത്തിലേക്ക് മടങ്ങും.
കേരള ഹൈകോടതി വിവാഹം റദ്ദാക്കിയ വിധി നിലനിൽക്കുന്നതിനാൽ, ഭർത്താവ് ശഫിൻ ജഹാെൻറ കൂടെ പോകണമെന്നും ഭർത്താവിെന കോളജിലെ രക്ഷിതാവായി പരിഗണിക്കണമെന്നുമുള്ള ഹാദിയയുടെ ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അനുവദിച്ചില്ല. നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലെ എല്ലാ വിഷയങ്ങളും നിലനിൽക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ശഫിൻ ജഹാൻ നൽകിയ അപ്പീൽ ജനുവരി മൂന്നാം വാരം വീണ്ടും പരിഗണിക്കും.
പൊലീസിെൻറ സംരക്ഷണത്തിൽ മാതാപിതാക്കൾക്കൊപ്പം കോടതിമുറിയിലെത്തിയ ഹാദിയ തനിക്ക് സ്വാതന്ത്ര്യം വേണമെന്നും സ്വന്തം വിശ്വാസവും പഠനവുമായി മുന്നോട്ടുപോകണമെന്നും ഭർത്താവ് ശഫിൻ ജഹാനൊപ്പം ജീവിക്കണമെന്നും മൂന്നംഗ ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കിയിരുന്നു. മനുഷ്യനെന്ന പരിഗണനയാണ് പ്രഥമമായി വേണ്ടതെന്നും 11 മാസത്തെ നിയമവിരുദ്ധമായ കസ്റ്റഡി അവസാനിപ്പിക്കണമെന്നുമുള്ള ഹാദിയയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.