ന്യൂഡൽഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെയും ഭൂരിപക്ഷാഭിപ്രായം തള്ളി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഹജ്ജ് നയത്തിനെതിരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ മറികടന്ന് സർക്കാർ അടിച്ചേൽപിച്ച മാർഗനിർദേശങ്ങൾ റദ്ദാക്കണമെന്നും ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. കേന്ദ്ര സർക്കാറിനെ എതിർകക്ഷിയാക്കി സമർപ്പിച്ച ഹരജിയിൽ കേരള സർക്കാറിനെയും കക്ഷി ചേർത്തിട്ടുണ്ട്. 2018 മുതൽ 22 വരേക്കുള്ള ഹജ്ജ് നയത്തിെൻറ അന്തിമ വിജ്ഞാപനമിറക്കാതെയാണ് കേന്ദ്രം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്നും അതിന് പകരം ഹജ്ജ് നയമിറക്കി അതിെൻറ അടിസ്ഥാനത്തിൽ മാർഗനിർദേശങ്ങൾ ഇറക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
സ്വകാര്യ ടൂർ ഒാപറേറ്റർമാരുടെ സമ്മർദങ്ങൾക്ക് വഴങ്ങി സർക്കാർ ക്വോട്ട 75 ശതമാനത്തിൽനിന്ന് 70 ആക്കി ചുരുക്കി ആ അഞ്ച് ശതമാനം കൂടി സ്വകാര്യ ക്വോട്ടയാക്കി മാറ്റിയത് റദ്ദാക്കണമെന്നും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി അഡ്വ. ഹാരിസ് ബീരാൻ, പല്ലവി പ്രതാപ് എന്നിവർ മുേഖന സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു.
മൂന്നു വർഷമായി നറുക്കെടുപ്പിൽ പെങ്കടുത്തുകൊണ്ടിരിക്കുന്ന വിശ്വാസികളെ നാലാം പ്രാവശ്യം നറുക്കെടുക്കാതെ തെരഞ്ഞെടുക്കണമെന്ന് 2012ൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിലുള്ളതായിരുന്നു. ഇത് പിന്നീട് നാലു വർഷം തുടർച്ചയായി അപേക്ഷിച്ചവർക്ക് അഞ്ചാം വർഷം എന്നാക്കി മാറ്റിയിരുന്നുവെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി. 2012ലെ നയം പിന്തുടരുകയോ നിലവിലുള്ള രീതി തുടരുകയോ ചെയ്യണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഹജ്ജ് സർവിസ് പുനരാരംഭിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഹജ്ജ് തീർഥാടകരിൽനിന്ന് വൻതുക വിമാനക്കൂലി ഇനത്തിൽ ചുമത്തുന്നത് നിർത്തി യുക്തിസഹമായ നിരക്ക് ഇൗടാക്കാനുള്ള നടപടി സ്വീകരിക്കണം. ഒരു സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ നോക്കി ഹജ്ജ് ക്വോട്ട വീതംവെക്കുന്നതിന് പകരം അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി രാജ്യത്തിന് അനുവദിക്കുന്ന മൊത്തം ക്വോട്ട വീതംവെക്കണമെന്ന ആവശ്യവും കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.