കൊണ്ടോട്ടി: പുതിയ ഹജ്ജ് നയത്തിൽ സംസ്ഥാനങ്ങൾക്ക് ക്വോട്ട അനുവദിക്കുന്നത് അപേക്ഷകരുടെ എണ്ണം പരിഗണിച്ചാകണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. നിലവിൽ മുസ്ലിം ജനസംഖ്യ അടിസ്ഥാനത്തിലാണ് ക്വോട്ട വീതിച്ചുനൽകുന്നത്. ഇത്തരത്തിൽ വീതിക്കുമ്പോൾ കേരളത്തിലെ അപേക്ഷകരിൽ ഭൂരിപക്ഷം പേർക്കും അവസരം ലഭിക്കാറില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് പുതിയനയം തയാറാക്കുമ്പോൾ ക്വോട്ട അപേക്ഷയുടെ മാനദണ്ഡത്തിലാകണമെന്ന് ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടത്. ഏപ്രിൽ രണ്ടിന് മുംബൈയിൽ ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ സംസ്ഥാന നിലപാടറിയിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിന് ശേഷം ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു.
പുതിയ ഹജ്ജ് നയത്തിന് നിർദേശം നൽകാൻ രൂപം നൽകിയ ഉപസമിതിയുടെ റിപ്പോർട്ട് യോഗം ചർച്ച ചെയ്തു. പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, നാസിറുദ്ദീൻ, ഡോ. ഇ.കെ. അഹമ്മദ് കുട്ടി എന്നിവരാണ് സമിതിയംഗങ്ങൾ. മെഹ്റം മരിച്ചാൽ നിലവിൽ കൂടെയുള്ളവർക്ക് യാത്ര ചെയ്യാനാകില്ല. ഇത്തരം സാഹചര്യത്തിൽ പുതിയ മെഹ്റത്തെ അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും നയത്തിൽ ഉൾപ്പെടുത്തണമെന്ന് ഉന്നയിക്കും. ഈ വർഷത്തെ ഹജ്ജ് സർവിസ് കരിപ്പൂരിലേക്ക് മാറ്റിയത് സംബന്ധിച്ച് കേന്ദ്രത്തിൽനിന്ന് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു. 3,00,-350 പേർക്ക് സഞ്ചരിക്കാവുന്ന വിമാനം ഉപയോഗിച്ച് കരിപ്പൂരിൽനിന്ന് സർവിസ് നടത്താം. കൃത്യമായ മറുപടി ലഭിച്ചാൽ കോടതിയിൽ പോകുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.