കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ്: യൂത്ത്ലീഗ് നേതാക്കള്‍ കേന്ദ്രമന്ത്രിമാരെ കണ്ടു

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് നടത്തണമെന്നും അവിടെ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും കേന്ദ്രമന്ത്രിമാരെ കണ്ടു.

എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവരോടൊപ്പമാണ് ഇരുവരും കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു, കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. ഹജ്ജ് സര്‍വിസിനുള്ള ടെന്‍ഡര്‍ അടുത്തമാസം14ന് നടക്കുമെന്നും ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് നടത്താനുള്ള സാധ്യത പരിശോധിക്കുമെന്നും അശോക് ഗജപതി രാജു പറഞ്ഞതായി കൂടിക്കാഴ്ചക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എന്നാല്‍, ഈ വര്‍ഷം ഹജ്ജ് സര്‍വിസ് തുടങ്ങാന്‍ കഴിയുമെന്ന് ഉറപ്പുനല്‍കാനാവില്ളെന്നും മന്ത്രിമാര്‍ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ക്കായി രണ്ടുകൊല്ലം മുമ്പ് നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വിസ് പണിപൂര്‍ത്തിയായിട്ടും പുന$സ്ഥാപിക്കാത്തതിലുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിഷയത്തില്‍ നിയമപരമായും യൂത്ത്ലീഗ് നീങ്ങും. ഇതിന്‍െറ ഭാഗമായി ഹൈകോടതിയില്‍ ഹരജി നല്‍കും.

കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്രസര്‍ക്കാര്‍ കടുത്ത അവഗണന തുടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ മൂന്നിന് യൂത്ത് ലീഗ് പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തുമെന്നും മുനവ്വറലി പറഞ്ഞു. സംഘടനയെ ദേശീയതലത്തില്‍ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഏപ്രില്‍ രണ്ടാംവാരത്തില്‍ ബംഗളൂരുവില്‍ ദേശീയ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി നിലവില്‍വരുമെന്നും മുനവ്വറലി അറിയിച്ചു. ഹജ്ജ് സബ്സിഡി പൂര്‍ണമായി നിര്‍ത്തലാക്കണമെന്ന് യൂത്ത്ലീഗിന് അഭിപ്രായമില്ളെന്ന് ഫിറോസ് പറഞ്ഞു.

 

Tags:    
News Summary - haj service: youth league leaders meets union ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.