കൊണ്ടോട്ടി: ഹജ്ജിന് അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ഇക്കുറി ഇന്ത്യയിലൊട്ടാകെ 10,413 പേരാണ് അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയത്. അതിൽ കൂടുതൽ പേരും കേരളത്തിൽ നിന്നാണ്. മേയ് 29 വരെയുള്ള കണക്കാണിത്. അന്തിമ പട്ടിക വരുേമ്പാൾ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ.
മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി യാത്ര റദ്ദാക്കിയവരുടെ എണ്ണത്തിൽ ഇരട്ടിയിലധികമാണ് വർധന. കഴിഞ്ഞ വർഷം 700 പേരും 2016ൽ 800 പേരുമാണ് കേരളത്തിൽനിന്ന് യാത്ര റദ്ദാക്കിയത്. ഇത് ഇത്തവണ 1800 ആയാണ് വർധിച്ചിരിക്കുന്നത്.
കേരളം കഴിഞ്ഞാൽ ഉത്തർപ്രദേശാണ് രണ്ടാം സ്ഥാനത്ത് (1704). മഹാരാഷ്ട്രയിൽ 1272 പേരും റദ്ദാക്കിയിട്ടുണ്ട്. മുൻവർഷങ്ങളിൽ ശരാശരി 700-800 പേർ യാത്ര റദ്ദാക്കുന്നതാണ് ഇക്കുറി വർധിച്ചിരിക്കുന്നത്.
പുതിയ ഹജ്ജ് നയത്തിലെ മാറ്റങ്ങളും രാജ്യവ്യാപകമായുള്ള സാമ്പത്തിക പ്രതിസന്ധിയുമാണ് കാരണമെന്നാണ് വിലയിരുത്തൽ. കൂടാതെ, ഇക്കുറി ഒരിക്കൽ ഹജ്ജ്, ഉംറ ചെയ്തവർ 2,000 റിയാൽ അധികം അടക്കണമെന്ന നിബന്ധനയും ഏർപ്പെടുത്തിയിരുന്നു.
ഇൗ തുക പിൻവലിച്ചതായി പറയുന്നുണ്ടെങ്കിലും ഒൗദ്യോഗികമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ പുറപ്പെടുവിച്ചിട്ടില്ല. തുടർച്ചയായി അഞ്ച് വർഷം അപേക്ഷിക്കുേമ്പാഴാണ് കേരളത്തിൽ കൂടുതൽ പേർക്കും അവസരം ലഭിച്ചിരുന്നത്. ഇൗ സമയപരിധി കണക്കാക്കിയാണ് അപേക്ഷകർ സാമ്പത്തികമായും ഒരുങ്ങിയിരുന്നത്. അഞ്ചാം വർഷ അപേക്ഷകർക്കുള്ള മുൻഗണന പുതിയ ഹജ്ജ് നയപ്രകാരം ഒഴിവാക്കി.
ഇതോടെ 70 വയസ്സിന് മുകളിലുള്ളവരെയും മഹ്റം വിഭാഗത്തിലും അല്ലാതെയും അപേക്ഷ നൽകുന്നവരെ മുഴുവൻ ജനറൽ വിഭാഗത്തിലാണ് പരിഗണിക്കുക. റദ്ദാക്കിയവർക്ക് പകരം കാത്തിരിപ്പ് പട്ടികയിൽനിന്ന് 1816 പേർക്ക് കേരളത്തിൽനിന്ന് അവസരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.