കരിപ്പൂർ: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. ഏറ്റവും കൂടുതൽ അപേക്ഷകർ കേരളത്തിൽനിന്നാണ്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷവും ഇന്ത്യയിൽനിന്ന് ഹജ്ജ് തീർഥാടനത്തിന് അനുമതിയുണ്ടായിരുന്നില്ല. ഇക്കുറി സൗദി അറേബ്യ അനുമതി നൽകുമെന്നാണ് പ്രതീക്ഷ.
കേരളത്തിൽനിന്ന് ഇത്തവണ 11,463 പേരാണ് അപേക്ഷ നൽകിയത്. ഇതിൽ 669 പേർ 70 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലും 1,585 പേർ മെഹ്റം ഇല്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലുമാണ്. 9209 പേരാണ് ജനറൽ വിഭാഗത്തിൽ അപേക്ഷ നൽകിയവർ. കഴിഞ്ഞവർഷം 6,392 പേരായിരുന്നു സംസ്ഥാനത്തുനിന്ന് അപേക്ഷ നൽകിയവർ. 2020ൽ കേരളം ഇന്ത്യയിൽ അപേക്ഷകരുടെ എണ്ണത്തിൽ നാലാമതായിരുന്നു. 26,060 പേരായിരുന്നു അന്ന് അപേക്ഷിച്ചത്.
2013 മുതൽ 2019 വരെ അപേക്ഷകരുടെ എണ്ണത്തിൽ കേരളമായിരുന്നു ഒന്നാമത്. കേരളത്തിന് പിറകിൽ ജമ്മുകശ്മീരാണ് ഇക്കുറി രണ്ടാമത് -10,612 പേർ. മഹാരാഷ്ട്ര -9,188, ഉത്തർപ്രദേശ് -8,941, പശ്ചിമബംഗാൾ -7,073 എന്നിങ്ങനെയാണ് മറ്റ് അപേക്ഷകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.