കണ്ണൂർ: സി.പി.എം നേതൃത്വത്തിലുള്ള പലിശരഹിത സഹകരണ സ്ഥാപനമായ ഹലാൽ ഫായിദ കോഒാപ് സൊസൈറ്റി മാംസ സംസ്കരണ വിപണന മേഖലയിലേക്ക്. രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ബീഫ് രാഷ്ട്രീയത്തിൽ പാർട്ടിയുടെ പ്രതിരോധം എന്ന നിലക്കുള്ള പദ്ധതി കൂടിയാണിത്. ഏക്കർ കണക്കിന് സ്ഥലം ഏറ്റെടുത്ത് വിപുലമായ തോതിൽ കാലി വളർത്തൽ, ആധുനിക സൗകര്യങ്ങളോടെ അറവുശാല എന്നിങ്ങനെ ശതകോടികൾ മുതൽമുടക്കുള്ള പദ്ധതിയാണ് ഹലാൽ ഫായിദ തയാറാക്കുന്നത്.
സി.പി.എം നേതൃത്വത്തിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന ബ്രഹ്മഗിരി സൊസൈറ്റി മാംസോൽപാദന വിപണന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന സംരംഭമാണ്. അതിെൻറ മാതൃകയിൽ കുറെക്കൂടി വിപുലമായ പദ്ധതിയാണ് ഹലാൽ ഫായിദ സൊസൈറ്റി ലക്ഷ്യമിടുന്നത്. കേരളത്തിെൻറ ഇറച്ചി വിപണി അനേക കോടികൾ മറിയുന്ന വ്യാപാരമാണ്. അതിൽ ചെറിയൊരു ശതമാനം വിപണി പിടിക്കാനായാൽപോലും കച്ചവടം മികച്ച ലാഭമാകുമെന്നാണ് ഹലാൽ ഫായിദ നടത്തിയ പഠനത്തിൽ ലഭിച്ച വിവരം.
സാമ്പത്തികമായി മാത്രമല്ല, സി.പി.എമ്മിനെ സംബന്ധിച്ച് രാഷ്ട്രീയമായും ലാഭകരമായ പദ്ധതിയാണിത്. തീൻമേശയിലേക്ക് പോലും കടന്നുകയറുന്ന ഫാഷിസത്തെ ഇങ്ങനെ തന്നെയാണ് പ്രതിരോധിക്കേണ്ടതെന്ന് സൊസൈറ്റിയുടെ ഒാഹരി വിതരണം ഉദ്ഘാടനം ചെയ്യവേ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഇത് രാജ്യത്തിനും ലോകത്തിനും കേരളം നൽകുന്ന സന്ദേശമാണെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് സി.പി.എം പലിശ രഹിത സൊസൈറ്റി സംരംഭത്തിന് തുടക്കമിടുന്നത്. സൊസൈറ്റിയുടെ ഒാഫിസ് ഉൾപ്പെടെയുള്ളവ ഉടൻ കണ്ണൂരിൽ തുറക്കും. ഇസ്ലാമിക് ബാങ്കുകളുടേതുപോലെ പലിശ പൂർണമായും ഒഴിവാക്കിയായിരിക്കും പുതിയ സംരംഭവും പ്രവർത്തിക്കുക. പലിശ ആഗ്രഹിക്കാത്ത ആർക്കും സൊസൈറ്റിയുടെ ഒാഹരിയെടുക്കാം. ഇൗ പണം ലാഭകരമായ പദ്ധതികളിൽ നിക്ഷേപിക്കും. ലാഭത്തിെൻറ വിഹിതം നിക്ഷേപകർക്ക് ഡിവിഡൻറ് ആയി നൽകും. തുടക്കത്തിൽ കണ്ണൂർ ജില്ലക്കാരായ ആളുകൾക്ക് മാത്രമാണ് സൊസൈറ്റിയിൽ അംഗത്വമെടുക്കാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.