സർക്കാർ-ഗവർണർ പോരിൽ കുരുങ്ങി സ്ഥിരം വി.സിമാരില്ലാത്ത സർവകലാശാലകൾ അര ഡസൻ

തിരുവനന്തപുരം: സർക്കാർ-ഗവർണർ പോരിൽ കുരുങ്ങി സ്ഥിരം വൈസ് ചാൻസലർമാരില്ലാത്ത സർവകലാശാലകളുടെ എണ്ണം ആറായി. മലയാളം സർവകലാശാല വൈസ്ചാൻസലർ ഡോ. വി. അനിൽകുമാറിന്‍റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്നതോടെയാണ് നാഥനില്ലാ സർവകലാശാലകളുടെ എണ്ണം അര ഡസനിലെത്തുന്നത്. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ഫിഷറീസ്, അഗ്രികൾചർ സർവകലാശാലകൾ, കലാമണ്ഡലം കൽപിത സർവകലാശാല എന്നിവക്കും സ്ഥിരം വി.സി ഇല്ല. കേരള സർവകലാശാലയിൽ സ്ഥിരം വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപവത്കരിക്കാനുള്ള നീക്കം കോടതിയിലെത്തി നിൽക്കുകയാണ്.

യു.ജി.സി നടപടിക്രമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാല വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതിയും ഫിഷറീസ് സർവകലാശാല വി.സി ഡോ. റിജി ജോണിന്‍റെ നിയമനം ഹൈകോടതിയും റദ്ദാക്കി. കേരള വി.സിയായിരുന്ന ഡോ. വി.പി. മഹാദേവൻ പിള്ളയുടെ കാലാവധി ഒക്ടോബറിൽ അവസാനിച്ചു. അഗ്രികൾചർ സർവകലാശാല വി.സി ആയിരുന്ന ഡോ. ചന്ദ്രബാബുവിന്‍റെ കാലാവധി പൂർത്തിയായിട്ട് മാസങ്ങൾ പിന്നിട്ടു. കലാമണ്ഡലം കൽപിത സർവകലാശാല വി.സി ആയിരുന്ന ഡോ. ടി.കെ. നാരായണന്‍റെയും കാലാവധി പൂർത്തിയായി. കലാമണ്ഡലം ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി പകരം മല്ലിക സാരാഭായിയെ സർക്കാർ നിയമിച്ചിരുന്നു.

കാലടി സംസ്കൃത സർവകലാശാല വി.സി ഡോ. എം.വി. നാരായണനാണ് കലാമണ്ഡലം വി.സിയുടെ താൽക്കാലിക ചുമതല. ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റിയിട്ടും കലാമണ്ഡലത്തിന് സ്ഥിരം വി.സിയെ നിയമിച്ചില്ല. ഏപ്രിലിൽ കുസാറ്റ് വി.സിയുടെയും മേയിൽ എം.ജി സർവകലാശാല വി.സിയുടെയും കാലാവധി അവസാനിക്കും. ഇതോടെ സ്ഥിരം വി.സിമാരില്ലാത്ത സർവകലാശാലകളുടെ എണ്ണം എട്ടാകും.

സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതിലും താൽക്കാലിക വി.സിയെ നിയമിക്കുന്നതിലും സർക്കാറും ഗവർണറും പരസ്യ ഏറ്റുമുട്ടലിലാണ്. സർക്കാർ ശിപാർശ തള്ളി സാങ്കേതിക സർവകലാശാലയിൽ ഗവർണർ ഡോ. സിസ തോമസിനെ താൽക്കാലിക വി.സിയായി നിയമിച്ചതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഏറ്റുമുട്ടൽ പാരമ്യത്തിലെത്തിയതോടെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടില്ല.

നേരത്തേ വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി ഘടന മാറ്റാനും ഗവർണർക്കുള്ള നിയന്ത്രണം ഇല്ലാതാക്കാനുമുള്ള ബില്ലും സഭ പാസാക്കി. അതും ഗവർണർ ഒപ്പിട്ടില്ല. സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദ് ചെയ്ത വിധി ബാധകമാക്കി ഒമ്പത് സർവകലാശാല വി.സിമാർക്കും പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ നോട്ടീസ് നൽകിയിരുന്നു. ഇതു ചോദ്യം ചെയ്ത് വി.സിമാർ സമർപ്പിച്ച ഹരജി ഹൈകോടതിയിലാണ്. സർക്കാർ-ഗവർണർ പോര് തുടരുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ അനിശ്ചിതത്വത്തിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ട്.

Tags:    
News Summary - Half a dozen universities without permanent VCs due to government-governor conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.