കണ്ണൂർ: വികസനമോ അഴിമതിയോ ആവട്ടെ, എല്ലാ വാദങ്ങൾക്കും ആരോപണങ്ങൾക്കും തടയിടാൻ ആയിരം വാക്കുകൾക്ക് പകരം അര ട്രോൾ മതിയെന്ന നിലയിലേക്ക് മാറി കാര്യങ്ങൾ. കോവിഡ് സാഹചര്യം കണക്കിലെടുത്തല്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണവും പോർമുഖങ്ങളും കത്തിക്കയറുന്നത് ഡിജിറ്റൽ വാർറൂമുകളിലാണ്. പ്രധാനമുന്നണികൾ അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണവാക്യം പുറത്തിറക്കിക്കഴിഞ്ഞതോടെ ഇനി ട്രോളന്മാർക്ക് ഉറക്കമില്ലാത്ത നാളുകളാണ്. വന്നുവന്ന് ജനാധിപത്യത്തിൽ ഒഴിച്ചുകൂടാനാവാത്ത സംഭവമായി മാറിയിരിക്കുകയാണ് ട്രോളുകൾ. തെരഞ്ഞെടുപ്പ് ചർച്ചകളിലും വാദപ്രതിപാദങ്ങളിലും ഒരിക്കലെങ്കിലും ട്രോളപ്പെടാത്തവർ ഇല്ലെന്നുതന്നെ പറയാം. പണ്ടൊക്കെ പഴഞ്ചൊല്ലുകൾ നിറഞ്ഞിരുന്ന പ്രസംഗങ്ങളെപോലും ട്രോളുകൾ കൈയടക്കി.
ഇത്തവണ ടാഗ്ലൈനുകളെയാണ് ട്രോളന്മാർ 'വധി'ച്ചിരിക്കുന്നത്. ഉറപ്പാണ് എൽ.ഡി.എഫെന്ന് ഇടതുപക്ഷം ടാഗ്ലൈൻ ഇറക്കിയപ്പോൾ അറപ്പാണ് എൽ.ഡി.എഫെന്ന് മറുകൂട്ടർ ട്രോളുമായെത്തി. നാട് നന്നാകാൻ യു.ഡി.എഫ് എന്ന് ഐക്യമുന്നണി എൽ.ഡി.എഫിന് ചെക്ക് പറഞ്ഞപ്പോൾ നാടുനന്നാകാൻ യു.ഡി.എഫിനെ വീട്ടിലിരുത്തണമെന്ന് സഖാക്കളുടെ കൗണ്ടർ. പഴയപാലം പൊളിച്ചെങ്കിലും പാലാരിവട്ടം ട്രോളുകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പൊളിച്ചടുക്കുകയാണ്. നാടുനന്നാകാൻ യു.ഡി.എഫ് എന്ന ടാഗ്ലൈൻ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രമായി മാറ്റിയ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് ലഭിച്ച മുപ്പതിനായിരത്തോളം ലൈക്കുകളിൽ പകുതിയോളം കുമ്മോജികളായിരുന്നു. നിരവധിപേർക്ക് തൊഴിൽ നൽകിയെന്ന എൽ.ഡി.എഫ് പോസ്റ്റുകൾക്കടിയിലും കുമ്മോജി നിറഞ്ഞു. ഇന്ധന വില വർധനക്കെതിരെ ബി.ജെ.പിയെ പലപ്പോഴും എയറിൽ നിർത്തിയാണ് ട്രോളന്മാരുടെ കളി.
കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ എൻ.ഡി.എയിലേക്ക് മാറുന്നതും സി.പി.എം ഓഫിസ് ബി.ജെ.പി ഏറ്റെടുക്കുന്നതും വാളുകളിൽ നിറഞ്ഞു. കുറിക്കുകൊള്ളുന്ന ട്രോളുകൾ തൊടുത്തുവിടാൻ കഴിവുള്ള ട്രോളന്മാരെ പ്രധാനമുന്നണികളെല്ലാം തേടിയിറങ്ങിയിട്ടുണ്ട്. ട്രോൾ കൂട്ടായ്മയുണ്ടാക്കുന്നതിന് ട്രോളന്മാരായ സഖാക്കളെ തേടുന്നതായി സി.പി.എം കേരള ഫേസ്ബുക്ക് പേജിൽ അറിയിപ്പുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.