ജി. സുധാകരൻ

ഹമാസ് വോട്ടെടുപ്പിലൂടെ ഗസ്സയിൽ അധികാരത്തിലെത്തിയ രാഷ്ട്രീയപാർട്ടി -ജി. സുധാകരൻ

ആലപ്പുഴ: ആയിരക്കണക്കിന്​ ആളുകളെ ബോംബിട്ട്​ കൊല്ലുന്ന ഇസ്രായേൽ സമീപനം ഫാഷിസമാണെന്ന്​ മുൻമന്ത്രി ജി. സുധാകരൻ. ആലപ്പുഴ പ്രസ്​ക്ലബിൽ മാധ്യമപ്രവർത്തകൻ സന്തോഷ്​ കുമാർ പുന്നപ്ര അനുസ്‌മരണ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിറ്റ്​ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിൽ​ 8,000 പേരെ കൊല്ലാൻ വർഷങ്ങളെടുത്തു. ഫലസ്തീനിലെ സ്​ത്രീകളും കുട്ടികളുമടക്കം 8000​ പേരെ ഇസ്രായേൽ ​കൊന്നത്​ 25 ദിവസം കൊണ്ടാണ്​.

ഹമാസ്​ തീവ്രവാദികളാണെന്നാണ്​ മറ്റൊരു പ്രചാരണം. വോട്ടെടുപ്പിലൂടെ ഗസ്സയിൽ അധികാരത്തിലെത്തിയ രാഷ്ട്രീയപാർട്ടിയാണ്​ ഹമാസ്​. ഗസ്സ ഭരിക്കുന്ന അവർക്ക്​ സായുധസൈന്യവുമുണ്ട്​. അന്തർദേശീയ രാഷ്ട്രീയമാണിത്​. ഇസ്രായേൽ കാട്ടുന്നത്​ ജൂതന്മാരുടെ വർഗീയതയാണ്​. അൽജസീറ ചാനൽ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഓഫിസ്​ പൂട്ടുന്നതിനൊപ്പം മാധ്യമപ്രവർത്തക​രെയും കൊന്നു. മാധ്യമങ്ങൾക്കുപോലും ഏകാധിപതികളുടെ മുന്നിൽ രക്ഷയില്ലാത്ത സ്ഥിതിയാണ്​.

ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം ആരുംചർച്ച ചെയ്യുന്നില്ല. സമാധാനത്തിനുവേണ്ടി വാദിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡനാണ്​ ഇസ്രായേലിന്‍റെ​ യുദ്ധത്തിന്​ എല്ലാ ഏർപ്പാടും ചെയ്യുന്നത്​. ഹിന്ദുക്കൾ ഭൂരിപക്ഷമായ ഇന്ത്യയിലെ ഹിന്ദുവർഗീയത എത്രമാത്രം അപകടമാണോ അതേപോലെയാണ്​ ജൂതന്മാരുടെ വർഗീയത. മാധ്യമങ്ങൾ സത്യവും വസ്തുതയും വിളിച്ചുപറയണമെന്നും അദ്ദേഹം പറഞ്ഞു.

ചേർത്തല മനോരമ ലേഖകൻ പി. ദിലീപ്​ അവാർഡ്​ ഏറ്റുവാങ്ങി. ​പ്രസ്​ക്ലബ്​ വൈസ്​ പ്രസിഡന്‍റ്​ ശരണ്യ സ്​നേഹജൻ അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗം കെ.എ. ബാബു മുഖ്യപ്രഭാഷണം നടത്തി. പ്രസ്​ ക്ലബ് സെക്രട്ടറി ടി.കെ. അനിൽകുമാർ സ്വാഗതവും ജോയന്‍റ്​​ സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ എത്തിയ സംഘടനയാണ് ഹമാസെന്നും അവരെ ഭീകരസംഘടനയായി ഇന്ത്യ ഇതുവരെയും മുദ്രകുത്തിയിട്ടില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം ​വ്യക്തമാക്കിയിരുന്നു. ഹമാസിനെ സംബന്ധിച്ച സി.പി.എം കാഴ്ചപ്പാട് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോഴാണ് സി.പി.എം ജനറല്‍ സെക്രട്ടറി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ‘തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ എത്തിയ സംഘടനയാണ് ഹമാസ്. അവരെ ഭീകരസംഘടനയായി ഇന്ത്യ ഇതുവരെയും മുദ്രകുത്തിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ കാഴ്ചപ്പാട് എന്താണ്?’ -എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.

Tags:    
News Summary - Hamas is the political party that came to power in Gaza through vote -G. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.