വീണ്ടുമൊരു ഓണക്കാലം. കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക അടിത്തറയെ പരുവപ്പെടുത്തിയ പരമ്പരാഗത കൈത്തൊഴിൽ ഉൽപന്നങ്ങളുടെ മേളകൾ ഓണക്കാലത്തിന്റെ കാഴ്ചയായിരുന്നു. എന്നാൽ, കൈത്തറി, ഫർണിച്ചർ, മൺപാത്രം, അച്ചാർ, ഉപ്പേരി, പപ്പടം നിർമാണം പോലുള്ള ഗ്രാമീണ കൈത്തൊഴിൽ മേഖലകളുടെ നിലനിൽപ് ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. ചിലത് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരവിന്റെ പാതയിലുമാണ്. അവ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അതിജീവന വഴികളെക്കുറിച്ചുമുള്ള അന്വേഷണം ഇന്ന് മുതൽ...
ഒരുകാലത്ത് മലയാളി കുടുംബങ്ങളുടെ അലങ്കാരവും ആർഭാടവുമായിരുന്നു മൺപാത്രങ്ങൾ. വൈവിധ്യം കൊണ്ടും ഗുണമേന്മ കൊണ്ടും അവ അടുക്കളകൾ അടക്കിവാണു. മൺപാത്രങ്ങൾ നിറച്ച കുട്ടകൾ തലയിലേന്തി വീടുകളിലെത്തുന്ന വിൽപനക്കാർ ഗ്രാമീണ കേരളത്തിലെ പതിവ് കാഴ്ചയായിരുന്നു. വെട്ടിത്തിളങ്ങുന്ന ലോഹപ്പാത്രങ്ങളുടെ തള്ളിക്കയറ്റത്തിൽ മൺപാത്രങ്ങൾ അടുക്കളകൾക്ക് പുറത്തായതോടെ ഈ മേഖലയുടെ പ്രതിസന്ധിയും ആരംഭിച്ചു. അധ്വാനിച്ചിട്ടും ഉടഞ്ഞുപോയ ജീവിതങ്ങളുടെ കഥകളാണ് ഇന്ന് മൺപാത്ര നിർമാണ മേഖലക്ക് പറയാനുള്ളത്. എറണാകുളം ജില്ലയിൽ കീഴ്മാട്, വാഴക്കുളം പഞ്ചായത്ത് പ്രദേശങ്ങളിലാണ് പരമ്പരാഗത മൺപാത്ര നിർമാതാക്കൾ കൂടുതലുള്ളത്. കീഴമാട്, എഴിപ്രം പാടശേഖരങ്ങളിലെ കളിമണ്ണ് പാത്ര നിർമാണത്തിന് അനുയോജ്യമാണെന്നതാണ് പ്രധാന കാരണം. എന്നാൽ, മൺപാത്രം നിർമിക്കാനുള്ള കളിമണ്ണ് എടുക്കാൻ കഴിയാത്തതാണ് ഈ മേഖലയിൽ പണിയെടുക്കുന്നവർ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. ഏറെ പ്രയാസം സഹിച്ച് നിർമിക്കുന്ന മൺപാത്രങ്ങൾക്ക് സ്ഥിര വിപണിയോ മെച്ചപ്പെട്ട വിലയോ ലഭിക്കാത്തത് പ്രതിസന്ധി വർധിപ്പിക്കുന്നു.
തൊഴിൽ സാധ്യത മുന്നിൽകണ്ടാണ് കീഴ്മാട്, വാഴക്കുളം പ്രദേശങ്ങളിൽ പരമ്പരാഗത മൺപാത്ര നിർമാതാക്കളായ വേളാർ സമുദായം സ്ഥിരതാമസമുറപ്പിച്ചത്. ഇവർ തന്നെയാണ് നിലവിൽ കളിമൺ പാത്ര വ്യവസായ മേഖലയിലുള്ളതും. എന്നാൽ, പരമ്പരാഗത തൊഴിലിൽനിന്ന് ഇവരിൽ പലരും മാറി. മറ്റു തൊഴിൽ മേഖലകളിലെ നൂതന സാധ്യതകളും പരമ്പരാഗത തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധികളും പുതുതലമുറയെ പിന്തിരിപ്പിച്ചു. പണ്ടുകാലങ്ങളിൽ കീഴ്മാട് പഞ്ചായത്ത് പ്രദേശങ്ങളിൽ മൺപാത്രം നിർമിക്കുന്നവർക്ക് ആവശ്യത്തിനുള്ള മണ്ണ് വളരെ കുറഞ്ഞ ചെലവിൽ ലഭിച്ചിരുന്നു. എടയപ്പുറം, മാടപ്പള്ളിതാഴം തുടങ്ങിയ പാടശേഖരങ്ങളിൽനിന്നാണ് മണ്ണ് എടുത്തിരുന്നത്. എന്നാൽ, പിന്നീട് ലഭിക്കാതായി. ധാരാളം പാടശേഖരങ്ങൾ ഉണ്ടെങ്കിലും മണ്ണെടുക്കാൻ സർക്കാർ സമ്മതിക്കുന്നില്ലെന്ന് പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളി സംഘടന ജില്ല പ്രസിഡന്റ് സി.കെ. സുബ്രഹ്മണ്യൻ പറയുന്നു. മുൻ സർക്കാറിന്റെ കാലത്ത് മൺപാത്ര നിർമാണത്തിനായി 50 ടൺ മണ്ണെടുക്കാൻ അനുവാദമുണ്ടായിരുന്നു. ഇന്ന് അതില്ല. കർണാടകയടക്കം സംസ്ഥാനങ്ങളിൽനിന്നാണ് ഇപ്പോൾ മണ്ണ് ലഭിക്കുന്നത്. ഒരോവർഷവും അവിടങ്ങളിൽനിന്നുള്ള മണ്ണിന്റെ വില വൻതോതിൽ വർധിക്കുകയാണ്. പാത്രം ചുട്ടെടുക്കാനുള്ള ചെലവും കൂടി. ചൂളക്കാവശ്യമായ വൈക്കോൽ, വിറക് തുടങ്ങിയവക്കെല്ലാം വില കുതിച്ചുയർന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് വൻ വിലകൊടുത്ത് മണ്ണ് വാങ്ങുന്നതിനുള്ള സാമ്പത്തികശേഷി ഇല്ലാത്തതാണ് പലരും ഈ തൊഴിൽ മേഖലയിൽനിന്ന് പിൻവാങ്ങാൻ കാരണം.
ഈ മേഖലയിലെ പ്രതിസന്ധി പല കുടംബങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഓണക്കാല മേളകളിൽ മൺപാത്രങ്ങൾ അന്വേഷിച്ച് എത്തുന്നവരുടെ എണ്ണം അടുത്തകാലത്തായി വർധിച്ചിട്ടുണ്ട്. എന്നാൽ, ആവശ്യത്തിന് കളിമണ്ണ് കിട്ടാത്തതിനാൽ നിർമാണ മേഖലയിൽ മാന്ദ്യം നിലനിൽക്കുകയാണ്. പരമ്പരാഗത മൺപാത്ര നിർമാതാക്കൾക്ക് വർഷത്തിൽ രണ്ട് ലോഡ് കളിമണ്ണ് കൊണ്ടുപോകാം എന്ന് സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും ഇതെവിടെനിന്ന് ഖനനം ചെയ്യാമെന്ന് ഉത്തരവിലില്ല. മൺപാത്ര നിർമാണ കോർപറേഷൻ രൂപവത്കരിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. നിലവിലെ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ പരമ്പരാഗത മൺപാത്ര നിർമാതാക്കൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി കളിമണ്ണ് എടുക്കാൻ അനുവാദം കൊടുത്താൽ മാത്രമേ ഈ മേഖല പ്രതിസന്ധിയിൽ നിന്ന് കരകയറൂ.
പരമ്പരാഗത മൺപാത്ര നിർമാണം സംരക്ഷിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ ജൂൺ 15ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന പിന്നാക്ക സമുദായ ക്ഷേമസമിതി യോഗത്തിൽ മൺപാത്ര നിർമാണ തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി തൊഴിലാളി സംഘടന നേതാവ് സി.കെ. സുബ്രഹ്മണ്യൻ പറഞ്ഞു. എന്നാൽ, അനുകൂല തീരുമാനം ഉണ്ടായില്ല. ഈ തൊഴിലിനെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരിതമനുഭവിക്കുന്ന പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്ക് തുണയാണ് കീഴ്മാട് ഖാദി ഗ്രാമവ്യവസായ സഹകരണ സംഘം.
സംഘത്തിന്റെ ഭൂമിയിൽനിന്ന് മുൻകാലങ്ങളിൽ പരിസരവാസികളായ മൺപാത്ര നിർമാതക്കൾക്ക് കുറഞ്ഞ വിലക്ക് കളിമണ്ണ് എടുക്കാൻ അനുവാദം കൊടുത്തിരുന്നു. അതവർക്ക് ആശ്വാസമായിരുന്നു. ഇപ്പോൾ സംഘത്തിലാണ് പ്രധാനമായും മൺപാത്ര നിർമമാണം നടക്കുന്നത്. 30 ലധികം പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.