കൊച്ചി: ചരിത്രം കുറിച്ച് പിണറായി സർക്കാർ വീണ്ടുമെത്തിയപ്പോൾ ഇത്തവണത്തെ വിജയാഘോഷവും ചരിത്രമായി. തെരുവുകളിൽ ആയിരങ്ങൾ അണിനിരക്കാറുള്ള, ആർപ്പുവിളികളും ആഹ്ലാദനൃത്തവും അലയടിക്കാറുള്ള ആഘോഷക്കാഴ്ചകൾ വീട്ടുമുറ്റങ്ങളിലേക്കും സമൂഹ മാധ്യമങ്ങളിലേക്കും ചുവടുമാറിയപ്പോൾ ചുവന്നുതുടുത്തത് ഫേസ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റാഗ്രാമുമെല്ലാമാണ്.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി പൊതുവിടങ്ങളിലെ ഒത്തുചേരലുകളും വിജയാഹ്ലാദ പ്രകടനങ്ങളും വിലക്കിയതിനെത്തുടർന്നാണ് സൈബർ ലോകത്ത് ആഹ്ലാദത്തിെൻറ വിർച്വൽ കാഴ്ചകൾ വർണാഭമായത്. മാസ്കണിയേണ്ടാത്ത, സമൂഹ അകലം പാലിക്കേണ്ടാത്ത സമൂഹ മാധ്യമങ്ങളിൽ ആർപ്പുവിളികളും മുദ്രാവാക്യങ്ങളും പരിഹാസങ്ങളും പൊട്ടിച്ചിരികളും ഒരുപോലെ നിറഞ്ഞു.
തെരുവിലിറങ്ങി ഉച്ചത്തിൽ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാൻ പറ്റാത്തതിെൻറ വിഷമം എല്ലാവരും തീർത്തത് വീടുകളിൽതന്നെ ഇരുന്ന് മുദ്രാവാക്യം വിളിച്ചും വിപ്ലവഗാനങ്ങൾ ആലപിച്ചുമാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പോവാനാവാത്ത അടിയുറച്ച രാഷ്ട്രീയക്കാർ ഞായറാഴ്ച അതിരാവിലെ മുതൽ ചാനലുകൾക്ക് മുന്നിലായിരുന്നു. സ്ഥാനാർഥികളും രാഷ്ട്രീയ നേതാക്കളുമെല്ലാം സ്വന്തം വീടുകളിലെ ടി.വിക്ക് മുന്നിലിരുന്നാണ് ഫലം കണ്ടറിഞ്ഞത്. വിജയം അറിഞ്ഞെത്തിയ പ്രവർത്തകർക്ക് മധുരം നൽകിയും നന്ദി പറഞ്ഞും വിജയികളും കളംനിറഞ്ഞു.
വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലുമെല്ലാം നിയുക്ത എം.എൽ.എമാർക്കുള്ള അഭിനന്ദനങ്ങൾ നിറഞ്ഞു. ഫലം വരുന്നതിനുപിന്നാലെ ആർട്ടിസ്റ്റുകൾ തയാറാക്കുന്ന ഗ്രാഫിക്കൽ ചിത്രീകരണങ്ങളും കാരിക്കേച്ചറുകളും പോർട്രെയിറ്റുകളുമെല്ലാം ഉൾപ്പെട്ട ആകർഷകമായ പോസ്റ്ററുകൾ ക്ഷണവേഗത്തിൽ വൈറലായി. രണ്ടാം തേരോട്ടത്തിലെയും ക്യാപ്റ്റനായ പിണറായി വിജയെൻറ ചിത്രങ്ങൾക്കാണ് പൊലിവേറിയത്. തോറ്റവരുടെ മുൻ പോസ്റ്റുകൾക്കുകീഴിലെ പൊങ്കാലകളും ട്രോളുകളും ട്രോൾ വിഡിയോകളുമായിരുന്നു ആഘോഷത്തിലെ ഒഴിവാക്കാനാവാത്ത മറ്റൊരിനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.