കൊച്ചി: ഏറെനാളത്തെ യാതനകൾക്കൊടുവിൽ ജന്മനാടിെൻറ തണലിലേക്ക് പറന്നിറങ്ങുമ്പോൾ ബിജിമോളുടെ മുഖത്ത് ആശ്വാസത്തിെൻറ തിരതള്ളലായിരുന്നു. വന്നിറങ്ങിയതിന് പിന്നാലെ തേടിയെത്തിയ സന്തോഷ വാർത്ത, ആ ആശ്വാസത്തെ ദീർഘനിശ്വാസത്തിനും സന്തോഷക്കണ്ണീരിനും വഴിമാറ്റി. സ്വന്തമായൊരു വീടെന്ന ഏറെനാളത്തെ സ്വപ്നം ഡോ. ആസാദ് മൂപ്പെൻറ കീഴിലെ ആസ്റ്റർ ഹോംസിലൂടെ സഫലമാവുന്നുവെന്നതായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകീട്ട് വന്നിറങ്ങിയ ബിജിയെ തേടിയെത്തിയ സന്തോഷവാർത്ത.
ഇവർ ദുബൈയിൽ വിസ തട്ടിപ്പിനിരയായി കുടുങ്ങിയതും ലോക്ഡൗൺ കാലത്ത് നാട്ടിൽവെച്ച് അർബുദബാധിതനായ ഭർത്താവ് മരിച്ചതിനെത്തുടർന്നുണ്ടായ നൊമ്പരങ്ങളുമെല്ലാം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് ഇന്ത്യൻ കോൺസുലേറ്റും സുമനസ്സുകളും ഇടപെട്ടാണ് ബിജിയുടെ മടക്കയാത്ര തരപ്പെടുത്തിയത്. സ്വന്തമായി വീടില്ലാത്തതും സാമ്പത്തിക പ്രയാസങ്ങളുമുൾെപ്പടെ നാട്ടിലെത്തിയാൽ നേരിടേണ്ട ദുരിതങ്ങളെക്കുറിച്ചും ‘മാധ്യമം’ വാർത്ത നൽകി. ഇത് ശ്രദ്ധയിൽപെട്ട ഡോ. ആസാദ് മൂപ്പൻ, അനാഥർക്കും വിധവകൾക്കുമായി എറണാകുളത്ത് നിർമാണത്തിലുള്ള ആസ്റ്റർ ഹോംസ് പദ്ധതിയിലുൾപ്പെടുത്തി ബിജിക്കും മക്കൾക്കും വീട് നൽകാമെന്നറിയിക്കുകയായിരുന്നു.
ആസ്റ്റർ ഗ്രൂപ്പിെൻറ സാമൂഹിക സേവന വിഭാഗമായ ആസ്റ്റർ ഡി.എം ഫൗണ്ടേഷന് കീഴിലാണ് വീടും സ്ഥലവും ഒരുങ്ങുക. 14 ദിവസത്തെ ക്വാറൻറീൻ കഴിഞ്ഞാൽ വീടിനുള്ള സമ്മതപത്രം കൈമാറും. നിർമാണം പൂർത്തിയായശേഷം ‘മാധ്യമ’വും ആസ്റ്ററും ചേർന്നൊരുക്കുന്ന ചടങ്ങിൽ വീടും സമർപ്പിക്കും. ‘എല്ലാവരോടും നന്ദിയുണ്ട്. ‘മാധ്യമ’ത്തോടും ആസ്റ്റർ ഗ്രൂപ്പിനോടും നാട്ടിലെത്താനും അവിടെ കുടുങ്ങിക്കിടന്നപ്പോഴും സഹായിച്ചവരോടുമെല്ലാം തീരാത്ത കടപ്പാടുണ്ട് -സന്തോഷവാർത്ത അറിഞ്ഞപ്പോൾ ബിജിയുടെ പ്രതികരണം ഇതായിരുന്നു.
അർബുദബാധിതനായ ഭർത്താവ് ശ്രീജിത്തിെൻറ ചികിത്സക്കും ഉപജീവനത്തിനുമായാണ് കടം വാങ്ങിയും മറ്റും മാസങ്ങൾക്കുമുമ്പ് ദുബൈക്ക് പോയത്. ഏജൻറ് ചതിച്ചതോടെ ഇവരുടെ ജീവിതം ഇരുട്ടിലായി. ഇതിനിടെ, നാട്ടിൽവെച്ച് ഭർത്താവ് മരിക്കുകയും പതിനേഴും പന്ത്രണ്ടും ഏഴും വയസ്സുള്ള മൂന്ന് പെൺമക്കൾ കാക്കനാട് ചിൽഡ്രൻസ് ഹോമിലാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.