കോഴിക്കോട്: ആർ.എം.പി.ഐ നേതാവ് കെ.എസ്. ഹരിഹരന്റെ സ്ത്രീ വിരുദ്ധ പ്രസംഗത്തിന് പിന്നാലെ, സി.പി.എം ‘വടകര പ്രതിരോധ’ത്തിൽനിന്ന് യു.ഡി.എഫിനെതിരായ പ്രത്യാക്രമണത്തിലേക്ക്. വടകര ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലുണ്ടായ ആരോപണ, പ്രത്യാരോപണങ്ങളുടെ പേരിലും തുടർന്നുണ്ടായ സംഭവവികാസങ്ങളിലും പാർട്ടി പല സമയവും പ്രതിരോധത്തിലായിരുന്നു. ഹരിഹരന്റെ അധിക്ഷേപത്തിൽ പ്രതിഷേധമുയർത്തുന്നതോടൊപ്പം യു.ഡി.എഫിനും ആർ.എം.പി.ഐക്കുമെതിരെ ശക്തമായി ആരോപണങ്ങളുന്നയിക്കുക കൂടിയാണിപ്പോൾ സി.പി.എം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയെ കൂട്ടിപിടിച്ചെന്ന് ചൂണ്ടിക്കാട്ടി സി.പി.എമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കാനാണ് യു.ഡി.എഫ് വൻ മുന്നൊരുക്കത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയടക്കം പങ്കെടുപ്പിച്ച് പൊതുയോഗം സംഘടിപ്പിച്ചത്. അതിലാണ് ഹരിഹരൻ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കും നടി മഞ്ജു വാര്യർക്കുമെതിരെ അധിക്ഷേപം നടത്തിയത്. ഹരിഹരനെ യു.ഡി.എഫും ആർ.എം.പി.ഐയും തള്ളിപ്പറഞ്ഞെങ്കിലും വിഷയം പൊതുസമൂഹത്തിൽ വലിയ വിമർശനത്തിന് വിധേയമായി. ഇതോടെയാണ് സി.പി.എം യു.ഡി.എഫിനെതിരായ പ്രത്യാക്രമണം രൂക്ഷമാക്കിയത്. ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിള അസോസിയേഷൻ അടക്കമുള്ളവരും പാർട്ടിക്കൊപ്പം രംഗത്തുണ്ട്.
യു.ഡി.എഫ് സ്ത്രീ സമൂഹത്തോട് മാപ്പുപറയണമെന്നാണ് സി.പി.എം ആവശ്യപ്പെട്ടത്. ആർ.എം.പി.ഐ നേതാവിന്റെ സ്ത്രീവിരുദ്ധ പ്രസംഗത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും വേദിയിലുണ്ടായിട്ടും തിരുത്താതെ പ്രോസാഹിക്കുന്ന നിലപാടാണ് കൈക്കൊണ്ടതെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു.
വടകരയിൽ മത്സരിക്കാൻ ഷാഫി പറമ്പിൽ എത്തിയതുമുതൽ എൽ.ഡി.എഫും യു.ഡി.എഫും കൊമ്പുകോർക്കുകയായിരുന്നു. കൊണ്ടും കൊടുത്തുമാണ് പ്രചാരണം മുന്നേറിയത്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇതിന് മാറ്റമുണ്ടായില്ല. ശൈലജയുടെ വ്യാജ വിഡിയോ നിർമിച്ചു എന്നതിനെ ചൊല്ലിയായിരുന്നു ഏറ്റവും വലിയ പോർവിളി. അതേസമയം, സ്ത്രീവിരുദ്ധ പരാമർശത്തിനു പിന്നാലെ ഹരിഹരന്റെ വീടിനുനേരെ ബോംബെറുണ്ടായത് യു.ഡി.എഫും ആർ.എം.പി.ഐയും വലിയ ചർച്ചയാക്കുന്നുണ്ട്.
വീടിനുനേരെ ആക്രമണം: അന്വേഷണം ഊർജിതമാക്കി
തേഞ്ഞിപ്പലം: ആര്.എം.പി കേന്ദ്ര കമ്മിറ്റിയംഗം കെ.എസ്. ഹരിഹരന്റെ വീടിനുനേരെയുണ്ടായ ആക്രമണത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. തേഞ്ഞിപ്പലം ഒലിപ്രംകടവിലെ വീടിന് മുന്നില്‍ സ്ഫോടകവസ്തു പൊട്ടിച്ച് പരിഭ്രാന്തിയുണ്ടാക്കിയതിനും കാറിലെത്തിയ സംഘം അസഭ്യംപറഞ്ഞതിനുമാണ് കേസ്. ഇരു സംഭവങ്ങളിലും വെവ്വേറെ കേസാണ് എടുത്തത്.
ഞായറാഴ്ച രാത്രി 8.30ഓടെയാണ് ഹരിഹരന്റെ വീട്ടില്‍ സ്ഫോടനം നടന്നത്. വീട്ടുമതിലില്‍ വലിയ ഗുണ്ട് വെച്ച് പൊട്ടിച്ചതാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ വിശദ പരിശോധനക്കായി പൊലീസ് ശേഖരിച്ച് അയച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഞായറാഴ്ച ഉച്ചക്കാണ് കാറിലെത്തിയ സംഘം അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. കേസില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.