ന്യൂഡൽഹി: കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേർ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഹാരിസ് ബീരാൻ (മുസ് ലിം ലീഗ്), ജോസ് കെ. മാണി (കേരള കോൺഗ്രസ് എം), പി.പി. സുനീർ (സി.പി.ഐ) എന്നിവരാണ് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ദൻഖർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. ഹാരിസ് ബീരാനും ജോസ് കെ. മാണിയും ദൈവനാമത്തിൽ ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലിയപ്പോൾ പി.പി. സുനീർ മലയാളത്തിൽ ദൃഢപ്രതിജ്ഞ ചെയ്തു.
ഡൽഹി കെ.എം.സി.സി പ്രസിഡന്റ് കൂടിയായ ഹാരിസ് കാൽ നൂറ്റാണ്ടായി രാജ്യ തലസ്ഥാനത്ത് സ്ഥിരംതാമസമാക്കി പ്രവർത്തിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പോലെയുള്ള സുപ്രധാന വിഷയങ്ങളിൽ മുസ്‌ലിംലീഗിനു വേണ്ടി സുപ്രീംകോടതിയിൽ നിലകൊണ്ട ഹാരിസ് എം.എസ്.എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്.
മഹാരാജാസ് കോളജിൽ എം.എസ്.എഫ് യൂനിറ്റ് പ്രസിഡന്റായിരുന്നു. എറണാകുളം ലോ കോളജിലും എം.എസ്.എഫ് പ്രവർത്തകനായിരുന്ന ഹാരിസ് ബീരാൻ 1998ൽ ആണ് ഡൽഹി തട്ടകമാക്കുന്നത്. 2011 മുതൽ ഡൽഹി കെ.എം.സി.സി പ്രസിഡന്റാണ്. ദേശീയ തലത്തിൽ മുസ്‌ലിം ലീഗിന്റെ സംഘാടനത്തിനുവേണ്ടിയും ദേശീയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഹാരിസ് ബീരാൻ രംഗത്തുണ്ട്.
അബ്ദുന്നാസിർ മഅ്ദനിക്കും സിദ്ദീഖ് കാപ്പനും നീതി ലഭ്യമാക്കുന്നതിനുള്ള നിയമപോരാട്ടങ്ങളിലും മുൻനിരയിലുണ്ടായിരുന്നു. കപിൽ സിബലടക്കം മുതിർന്ന അഭിഭാഷകരോടൊപ്പം യു.എ.പി.എ ദുരുപയോഗത്തിനെതിരായ നിയമയുദ്ധത്തിലും സജീവ ഇടപെടൽ നടത്തി. ഡൽഹി കലാപം ഉൾപ്പെടെ നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇരകൾക്ക് സാന്ത്വനമെത്തിക്കുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ചു.
മുസ്‌ലിം ലീഗിന്റെ പേര് മാറ്റണമെന്ന ഹരജിക്കെതിരെയും മുത്തലാഖ് ബിൽ, ഹിജാബ്, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിലും നടത്തിയ നിയമപരമായ ഇടപെടലുകൾ ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പ്രവാസി വോട്ടവകാശത്തിനുവേണ്ടിയും ജാതി സെൻസസ് നടപ്പാക്കുന്നതിനും നിയമ ഇടപെടലുകൾ നടത്തുന്നു. ഓൾ ഇന്ത്യ ലോയേഴ്‌സ് ഫോറം ദേശീയ കൺവീനറാണ്. ബാബരി മസ്ജിദ്, സംവരണം തുടങ്ങിയ കേസുകളിൽ ഇടപെട്ട നിയമവിദഗ്ധനും മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറലുമായ വി.കെ. ബീരാന്‍റെ മകനാണ്. മാതാവ് സൈനബ കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ ചരിത്ര വിഭാഗം മേധാവിയായിരുന്നു. ഭാര്യ: മജ്ദ ത്വഹാനി. മക്കൾ: അൽ റയ്യാൻ, അർമാൻ.
സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ പി.പി. സുനീര്‍. നിലവില്‍ ഹൗസിങ് ബോര്‍ഡ് ചെയര്‍മാനും കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു.
1999ൽ പൊന്നാനി മണ്ഡലത്തിൽനിന്നും ലോകസഭയിലേക്ക് ഇടതു സ്ഥാനാർഥിയായി മുസ്‌ലിം ലീഗിലെ ജി.എം. ബനാത്ത് വാലയ്ക്കെതിരെയും 2004 ൽ പൊന്നാനി മണ്ഡലത്തിൽ നിന്നും മുസ്‌ലിം ലീഗ് സ്ഥാനാർഥി ഇ. അഹമ്മദിനെതിരെയും 2019 ൽ വയനാട് മണ്ഡലത്തിൽനിന്നും രാഹുൽ ഗാന്ധിക്കെതിരെയും മത്സരിച്ചിരുന്നു.
കോളജ് വിദ്യാഭ്യാസ കാലത്ത് രണ്ടു പ്രാവശ്യം കോഴിക്കോട് സർവകലാശാല യൂനിയൻ വൈസ് ചെയർമാനായി. തുടർന്ന് ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷനിലും കമ്യൂണിസ്റ്റ് പാർട്ടിയിലും മുഴുവൻ സമയ പ്രവർത്തകൻ. 2005ൽ മലപ്പുറം ജില്ല പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മാറഞ്ചേരി വാർഡിൽനിന്ന് ജില്ല പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ഷാഹിന. രണ്ടു പെൺമക്കളും ഒരു മകനും അടങ്ങുന്നതാണ് കുടുംബം.
കേരള കോൺഗ്രസ് എം ചെയർമാനാണ് ജോസ് കെ. മാണി. നിലവിൽ രാജ്യസഭാംഗമായിരുന്ന ജോസ് കെ. മാണിയെ കാലാവധി പൂർത്തിയായതോടെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. 2009ലും 2014ലും കോട്ടയം മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കേരള കോൺഗ്രസ് എം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ എത്തിയതോടെ ജോസ് കെ. മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചിരുന്നു. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാർട്ടിക്ക് തന്നെ നൽകുന്ന രീതി വച്ചാണ് സീറ്റ് കേരള കോൺഗ്രസിന് തന്നെ എൽ.ഡി.എഫ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.