തിരുവനന്തപുരം: ഇടത് സർക്കാറിന്‍റെ സുസ്ഥിര വികസനമെന്ന അവകാശവാദത്തെ പൊളിച്ചടുക്കി ഹരിത ട്രൈബ്യൂണൽ. മൂന്നാറിലെ പരിസ്ഥിതി ശോഷണം പരിഹരിക്കുന്നതിൽ സർക്കാറിന്‍റെ വീഴ്ചകളെ സദ്ഭരണമില്ലായ്മ എന്നാണ് ട്രൈബ്യൂണലിന്‍റെ പ്രത്യേക ബെഞ്ച് വിലയിരുത്തിയത്. തിരുവനന്തപുരം, കൊച്ചി ഉൾപ്പെടെ പ്രധാന നഗരങ്ങളിലെ മാലിന്യ സംസ്കരണം അപര്യാപ്തമാണെന്നും വ്യക്തമാക്കി.
സംസ്ഥാനത്ത് മാലിന്യ സംസ്കരണത്തിന് സംവിധാനമില്ല. സംസ്കരിക്കാത്ത മാലിന്യം നേരിട്ട് ജലാശയങ്ങളിലേക്ക് പതിക്കുന്നു. ജനങ്ങളുടെ അവകാശത്തോടും നിയമ സംവിധാനത്തോടുമുള്ള അനാദരവാണിത്. ഹൈകോടതിയുടെയും ട്രൈബ്യൂണലിന്‍റെയും ഉത്തരവുകൾ സംസ്ഥാനം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച്, ഇത് നിർഭാഗ്യകരമെന്ന് പ്രസ്താവിച്ചു.
സർക്കാർ പരിസ്ഥിതി സംരക്ഷണത്തിലും മാലിന്യ നിർമാർജനത്തിലും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം വാദിക്കുന്നത്. എന്നാൽ, മൂന്നാർപോലെ അതീവ പരിസ്ഥിതി സംരക്ഷണം ആവശ്യമായ പ്രദേശങ്ങളിൽപോലും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുതയെന്ന് ട്രൈബ്യൂണലിന്‍റെ നിരീക്ഷണം അടിവരയിടുന്നു. പരിസ്ഥിതി സംരക്ഷണത്തിലുണ്ടാകുന്ന വീഴ്ച പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകർക്കുണ്ട്.
അധികാരികളുടെ ഭാഗത്തുനിന്നുള്ള താൽപര്യമില്ലായ്മയാണോ ഈ ദുഃസ്ഥിതിക്ക് കാരണമെന്ന ട്രൈബ്യൂണലിന്‍റെ ചോദ്യം പരിസ്ഥിതി വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിക്കുമേലാണ് പതിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.