കോഴിക്കോട്: എം.എസ്.എഫിന്‍റെ വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഹരിത നേതാവ് ഹഫ്സമോൾ. ഹരിത മുന്‍ സംസ്ഥാന ഭാരവാഹിയായ ഹഫ്‌സമോൾ രൂക്ഷമായ ഭാഷയിലാണ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. മാത്രമല്ല, പുതുതായി നിലവിൽ വരാനിരിക്കുന്ന ഹരിത നേതൃത്വത്തിന്‍റെ ലിസ്റ്റ് പുറത്തുവിട്ടുകൊണ്ട ഇവർക്ക് മുൻകൂർ ആശംസകൾ നേരുന്നതാണ് ഹഫ്സയുടെ പോസ്റ്റ്.
മിണ്ടരുത്, മിണ്ടിയാൽ പടിക്ക് പുറത്താണ്. ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി പുറത്താക്കുമെന്നും ഹഫ്സമോൾ പോസ്റ്റിൽ പറയുന്നു. ഇവരിൽ നിന്നും നീതി പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യവുമായി ജയ് സാദിഖലി ശിഹാബ് തങ്ങൾ എന്നുപറഞ്ഞുകൊണ്ടാണ് ഹഫ്സ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എം.എസ്. എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയ ഹരിത വിഭാഗം പിരിച്ചുവിട്ട നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായിരുന്നു സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നി മാധ്യമം ദിനപത്രത്തിൽ എഴുതിയ ലേഖനം. സംഘടനാപരമായി അവകാശങ്ങൾ ലഭിക്കാഞ്ഞതുകൊണ്ടുമല്ല. ആത്മാഭിമാനത്തിനു പോറൽ ഏറ്റപ്പോൾ പ്രതികരിച്ചതാണ്. അതിൽ നീതി പ്രതീക്ഷിച്ചിരുന്നു. 21ാം നൂറ്റാണ്ടിലും രാഷ്ട്രീയപാർട്ടികളിൽ പുരുഷൻ മുതലാളിയായും സ്ത്രീകൾ തൊഴിലാളിയായും തുടരുകയാണ്. സ്ത്രീ വിരുദ്ധത ഉള്ളിൽ പേറുന്ന രാഷ്ട്രീയമാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉള്ളതെന്നും ലേഖനത്തിൽ മുഫീദ പറഞ്ഞു.
ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലായിരുന്നു ഹരിത കമ്മറ്റിയെ പിരിച്ചുവിടാനുള്ള തീരുമാനം സ്വീകരിച്ചത്. കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതൃത്വം നടത്തിയിരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.
പുതുതായി വരുന്നmsf ഹരിത സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാൻ പോവുന്ന
പ്രെസിഡന്റ് : ആയിഷ ബാനു
വൈസ് പ്രെസി : നജ്‌വ ഹനീന കുറുമാടൻ, നഹാല സഹീദ്, അഖീല
ജനറൽ സെക്രട്ടറി : റുമൈസ കണ്ണൂർ
ജോ. സെക്രട്ടറി :തൊഹാനി, റംസീന നരിക്കുനി, നയന സുരേഷ്
ട്രഷറർ : സുമയ്യ
തുടങ്ങിയവർക്ക് മുൻകൂർ അഭിവാദ്യങ്ങൾ. വിശദമായ അഭിവാദ്യങ്ങൾ കമ്മിറ്റി നിലവിൽ വന്ന ശേഷം നേരുന്നതാണ്.
ഇന്നേ പൊക്കിയടിക്കാൻ തുടങ്ങൂ.. നാളെ കമ്മിറ്റിയില് വരാം..
മിണ്ടരുത്.. മിണ്ടിയാൽ പടിക്ക് പുറത്താണ്..
ആരാണ് പുറത്താക്കുക എന്ന് അറിയുമോ ?
ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി..
അല്ലേലും നിങ്ങൾ ഇവരിൽ നിന്ന് നീതി പ്രതീക്ഷിചിരുന്നൊ നിഷ്കളങ്കരെ...😌😌
സ്രാങ്ക് പറയും അപ്പം കേട്ടാൽ മതി
സ്രാങ്ക് ചെയ്യും അപ്പം കണ്ടാൽ മതി..
ജയ് സദിഖലി ശിഹാബ് തങ്ങൾ 😆
വിസ്മയമാണെന്റെ ലീഗ് 🥰🥰🥰
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.