മുട്ടം: മുട്ടത്തെ പരിഹരിക്കാൻ കഴിയാതെ കിടക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാലിന്യം പ്രശ്നം. കഴിഞ്ഞ 15 വർഷത്തിലധികമായി മുട്ടത്തെ തെരുവോരങ്ങളിലെ അവസ്ഥ പരിതാപകരമാണ്. റോഡിലും റോഡ് വക്കിലും തോട്ടിലും തോട്ട് പുറംപോക്കിലും മാലിന്യം കുമിഞ്ഞുകൂടുകയാണ്. 13000ത്തിലധികം പേർ തിങ്ങിപ്പാർക്കുന്ന മുട്ടത്ത് മാലിന്യം സംസ്കരിക്കാൻ ഒരു പദ്ധതിയും നിലവിലില്ല. കഴുകി വൃത്തിയാക്കി നൽകുന്ന പ്ലാസ്റ്റിക് കവറുകൾ മാത്രം ശേഖരിക്കാൻ ഹരിതകർമ സേന അംഗങ്ങൾ ഉണ്ട്. 50 രൂപ യൂസർ ഫീ നൽകണം. ഈ കാരണത്താൽ പലരും ഹരിതകർമ സേനയുമായി സഹകരിക്കുന്നില്ല.
കോടതിക്കവല മുതൽ മൂന്നാം മൈൽ വരെ റോഡിന് ഇരുവശത്തുമായി മാലിന്യം കുമിഞ്ഞു കൂടിയിരിക്കുകയാണ്. മഴ പെയ്യുന്നതോടെ ഓടയിലെ മാലിന്യം മുഴുവനും റോഡിലേക്ക് കയറി ഒഴുകുന്ന അവസ്ഥയാണ്. പച്ചക്കറി, മത്സ്യ, മാംസ മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും ഗാർഹിക മാലിന്യവുമാണ് റോഡിൽ നിറഞ്ഞ് കിടക്കുന്നത്.
ഈ മാലിന്യം മുഴുവൻ ചെന്നുപതിക്കുന്നതാകട്ടെ നിരവധി പഞ്ചായത്തുകളുടെയും തൊടുപുഴ മുനിസിപ്പാലിറ്റി ഉൾപ്പെടെ പതിനായിരക്കണക്കിന് ജനങ്ങൾ അലക്കാനും കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന മലങ്കര ജലാശയത്തിലേക്കാണ്. ആറു പഞ്ചായത്തിന്റെ കുടിവെള്ളത്തിനുള്ള ഏക ആശ്രയം മലങ്കര ജലാശയമാണ്. എന്നാൽ, ജലാശയം മാലിനമാകുന്നത് തടയാൻ നടപടി ഉണ്ടാവുന്നുമില്ല. തൊടുപുഴ റൂട്ടിൽ പെരുമറ്റത്തിനു സമീപം കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ റോഡരികിൽ തള്ളുന്നത് പതിവാണ്.
നിരവധി തവണ പൊലീസ് ഇവിടെ മാലിന്യം തള്ളിയവരെ പിടികൂടിയിട്ടുമുണ്ട്. മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും 25,000 രൂപ വരെ പിഴ ഈടാക്കാനും പഞ്ചായത്തുകൾക്ക് അധികാരം ഉണ്ടെങ്കിലും ഇതിന് പഞ്ചായത്തുകൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. ഹരിതകർമ സേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യം വീടുകളിൽ എത്തി ശേഖരിക്കുന്നുണ്ടെങ്കിലും പലരും നൽകാൻ തയാറാകാത്ത സാഹചര്യമുണ്ട്. 50 രൂപ ഫീസ് നൽകാൻ കഴിയാത്തതിനാലും കഴുകി വൃത്തിയാക്കി ഇനം തിരിച്ച് നൽകണം എന്നുള്ളതിനാലുമാണ് പലരും മാലിന്യം ഹരിതകർമ സേനക്ക് നൽകാത്തത്.
ഇത്തരക്കാർ കൂട്ടിയിട്ട് കത്തിക്കുകയോ ആളൊഴിഞ്ഞ സ്ഥലത്ത് വലിച്ചെറിയുകയോയാണ് ചെയ്യുന്നത്. ഇത് പിടികൂടാനും കർശന നടപടി സ്വീകരിക്കാനും കഴിയാതെ വരുന്നതാണ് റോഡുവക്കിൽ മാലിന്യം കുമിഞ്ഞുകൂടാൻ കാരണം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.