പാലക്കാട്: ബി.പി.എൽ കുടുംബങ്ങളിൽ നിന്ന് ഹരിതസേന മാലിന്യം ശേഖരിക്കാനുള്ള യൂസർ ഫീ വാങ്ങരുതെന്ന തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ ഉത്തരവിറങ്ങി ദിവസങ്ങൾക്കകം പിൻവലിച്ചു.
സർക്കാർ ഭാഗത്ത് നിന്ന് വ്യക്തത വരേണ്ടതിനാലാണ് ഉത്തരവ് പിൻവലിച്ചതെന്ന് പരാതിക്കാരനായ ദേശീയ വിവരാവകാശ കൂട്ടായ്മ സംസ്ഥാന കോ ഓഡിനേറ്റർ ടി.പി. മുജീബ് റഹ്മാൻ പത്തിരിയാലിനെ അറിയിച്ചു. ഡിസംബർ മൂന്നിനായിരുന്നു യൂസർ ഫീ വാങ്ങരുതെന്ന പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ ഉത്തരവ് ഇറങ്ങിയത്.
മാസാമാസം പിരിക്കുന്ന യൂസർ ഫീ ഒരു കൺസോർട്യം രൂപവത്കരിച്ച് അതിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അതിൽനിന്ന് ഓരോ മാസത്തെയും ഹാജർ നോക്കി അംഗങ്ങൾക്ക് ശമ്പളം നൽകും. യൂനിഫോം, ഐ.ഡി കാര്‍ഡ് തുടങ്ങിയവയും നല്‍കുന്നുണ്ട്. ഇതിനു പുറമെ ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. നൂറുശതമാനം വീടുകളും സ്ഥാപനങ്ങളും പങ്കാളികളായ ഇടങ്ങളിലാണ് കൂടുതൽ വരുമാനം കിട്ടുന്നത്.
മാലിന്യം വലിച്ചെറിയുന്നതടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ പ്രത്യേക ജില്ലതല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇടുക്കിയിൽ നടത്തിയ 2312 പരിശോധനകളിൽ 903 നോട്ടീസുകൾ നൽകി. 15,62,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
കോഴിക്കോട് മാലിന്യ ശേഖരണത്തിന്റെ യൂസർ ഫീസ് കലക്ഷനായി ഒക്ടോബറിൽ മാത്രം 2,30,25,612 രൂപയാണ് ലഭിച്ചത്. ആറുമാസ കാലയളവിലെ ഏറ്റവും ഉയർന്ന ഫീസ് കലക്ഷനാണിത്. 70 ഗ്രാമപഞ്ചായത്തുകളിലെയും ഏഴ് മുനിസിപ്പാലിറ്റികളിലെയും കോഴിക്കോട് കോർപറേഷനിലെയും മൂവായിരത്തോളം വരുന്ന ഹരിതകർമ സേന അംഗങ്ങളാണ് മാലിന്യശേഖരണത്തിലൂടെ ഇത്രയും തുക സമാഹരിച്ചത്.
തുകയുടെ എൺപത് ശതമാനവും ഇത്രയും പേർക്കുള്ള വേതനത്തിനാണ് ചെലവഴിക്കുന്നത്. ബാക്കിയാണ് മാലിന്യം കയറ്റി അയക്കുന്നതിനുൾപ്പെടെ ചെലവാക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് ഏഴു തരമായാണ് വേർതിരിക്കുന്നത്. മിൽമയുടേതുപോലെ വിലകിട്ടുന്ന കട്ടിയുള്ള കവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുടങ്ങിയവ പ്രത്യേകം വേർതിരിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ സംഭരണ കേന്ദ്രങ്ങളിലാണ് വേർതിരിച്ച പ്ലാസ്റ്റിക് ശേഖരിക്കുക. ഇവിടെനിന്ന് മാലിന്യം തരംതിരിച്ച് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിയില്‍ കൊണ്ടുവരുന്നു. അവിടെനിന്നാണ് ക്ലീൻകേരള കമ്പനി ഇത് കൊണ്ടുപോവുക.
വിലകിട്ടുന്ന പ്ലാസ്റ്റിക്കിന്റെ വില ക്ലീൻ കേരള കമ്പനി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. പുനരുപയോഗം ചെയ്യാൻ കഴിയുന്നവ ആ നിലക്ക് മാറ്റും. അതിന് സാധിക്കാത്തവ പ്ലാസ്റ്റിക് ഷ്രെഡിങ് മെഷീൻ വഴി പൊടിച്ച് റോഡ് ടാറിങ്ങിനും മറ്റും ഉപയോഗിക്കുന്ന തരത്തിലേക്ക് മാറ്റും.
കൂടാതെ വീട്ടുകാര്‍ക്ക് ജൈവമാലിന്യ സംസ്കരണത്തിനുതകുന്ന പരിഹാരങ്ങള്‍ നൽകിയും പാഴ്വസ്തുക്കളില്‍നിന്ന് മികച്ച ഉൽപന്നങ്ങളുണ്ടാക്കുന്ന ഹരിത സംരംഭങ്ങള്‍ തുടങ്ങിയും മറ്റു നൂതന സംരംഭ മാതൃകകള്‍ നടപ്പാക്കിയും സ്വയംപര്യാപ്തമാകാന്‍ ഹരിത കര്‍മസേനകള്‍ ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.