തിരുവനന്തപുരം: ജലസംരക്ഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വരൾച്ചയെ നേരിടാൻ സമഗ്രവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങളുമായി ഹരിതകേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും പ്രവർത്തനമാരംഭിച്ചു. ഇത് സംബന്ധിച്ചു കോവളം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ സാങ്കേതിക ശിൽപ്പശാല സമാപിച്ചു.
അതതു പ്രദേശങ്ങളിലെ സവിശേഷതകൾക്ക് അനുസരിച്ചുള്ള പ്രായോഗിക പദ്ധതികളാണ് ശിൽപ്പശാലയിൽ അവതരിപ്പിച്ചത്. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് എല്ലാ ജില്ലകളിലും നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനപങ്കാളിത്തം ഉറപ്പാക്കിയാവും പ്രവർത്തനങ്ങൾ നടത്തുന്നത്. കൃഷി, മണ്ണ് - ജലസംരക്ഷണം, ജലസേചനം, ഭൂജലം, എം.ജി.എൻ.ആർ.ജി. എസ്, ഹരിതകേരളം മിഷൻ, ജല അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളും ഏജൻസികളും ഏകോപിപ്പിച്ചുള്ള ജല സംരക്ഷണ-വരൾച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നീർത്തടാധിഷ്ഠിത വികസനത്തിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. 15 ബ്ലോക്കുകളിലെ 94 ഗ്രാമ പഞ്ചായത്തുകളിൽ ജലബജറ്റും തയാറാക്കി. പ്രാദേശിക അടിസ്ഥാനത്തിലുള്ള ജലവിഭവ- ജലവിനിയോഗത്തെ അടിസ്ഥാനമാക്കിയുള്ള ഫലപ്രദമായ നിർവഹണവും പഞ്ചായത്തുതല സാങ്കേതിക സമിതിയുടെ മേൽനോട്ടത്തിൽ നടപ്പാക്കും.
ഒരു പ്രദേശത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ പൂർണമായും പ്രയോജനപ്പെടുത്താനുള്ള കാമ്പയിൻ പ്രവർത്തനങ്ങളും ശിൽപ്പശാലയിൽ ആസൂത്രണം ചെയ്തു. ശിൽപ്പശാലയിൽ ധാരണയിലെത്തിയ വരൾച്ചാ പ്രതിരോധ-ജല സംരക്ഷണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാനുള്ള ഏകോപന സംവിധാനമായി ഹരിതകേരളം മിഷൻ പ്രവർത്തിക്കുമെന്ന് ശിൽപ്പശാല ക്രോഡീകരിച്ചുകൊണ്ട് നവകേരളം കർമപദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ സീമ അറിയിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് സമാപന പ്രസംഗത്തിൽ മിഷൻ ഡയറക്ടർ എ. നിസാമുദീൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.