പ്രശ്നങ്ങൾ പരിഹരിക്കാൻ മുസ്ലിം ലീഗ് നേതൃത്വം നടത്തുന്ന ശ്രമങ്ങളുടെ ആദ്യപടിയായിരുന്നു മുനവ്വറലി തങ്ങളുമായി കൂടിക്കാഴ്ചമലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനും മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബിനുമെതിരെ വനിത കമീഷനെ സമീപിച്ച 'ഹരിത' ഭാരവാഹികളുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച നടത്തി.
നവാസ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് വനിത വിഭാഗമായ 'ഹരിത'യുടെ സംസ്ഥാന ഭാരവാഹികൾ കഴിഞ്ഞ ദിവസം വനിത കമീഷന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ മുസ്ലിം ലീഗ് നേതൃത്വം നടത്തുന്ന ശ്രമങ്ങളുടെ ആദ്യപടിയായിരുന്നു മുനവ്വറലി തങ്ങളുമായി കൂടിക്കാഴ്ച. പാർട്ടി നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിക്കുമെന്ന് ഇദ്ദേഹം ഉറപ്പ് നൽകിയതായാണ് വിവരം.
ജൂൺ 22ന് എം.എസ്.എഫ് സംസ്ഥാന ഓഫിസായ കോഴിക്കോട്ടെ ഹബീബ് സെൻററിൽ സംസ്ഥാന കമ്മിറ്റി യോഗം ചേർന്നിരുന്നു. യോഗത്തിൽ സംഘടന സംബന്ധിച്ച കാര്യങ്ങളിൽ ഹരിതയുടെ അഭിപ്രായമാവശ്യപ്പെട്ട് സംസാരിക്കവേ, നവാസ് അതിനെ വിശേഷിപ്പിച്ചത് 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണമുണ്ടാകും' എന്നാണ്. ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയുമാണെന്ന് 'ഹരിത' ഭാരവാഹികൾ ഇതിനെതിരെ പ്രതികരിച്ചിരുന്നു.
എം.എസ്.എഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വഹാബ് ഫോൺ മുഖേനയും മറ്റും അസഭ്യവാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചത്. ഹരിതയുടെ നേതാക്കൾ പ്രസവിക്കാത്ത ഒരു തരം ഫെമിനിസ്റ്റുകളാണെന്നും പ്രചാരണം നടത്തി പൊതുമധ്യത്തിൽ അപമാനിച്ചു.
പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഭാരവാഹികളെയും പ്രവർത്തകരെയും സ്വഭാവദൂഷ്യമുള്ളവരും അപമാനിതരുമാക്കുന്ന നവാസിനും വഹാബിനുമെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് പെൺകുട്ടികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നാണ് പരാതിയിൽ അഭ്യർഥിച്ചിരുന്നത്. പരാതി പുറത്തുവന്നത് ലീഗ് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. എം.എസ്.എഫിന് വനിത വിഭാഗം ആവശ്യമില്ലെന്ന അഭിപ്രായവും ചില നേതാക്കൾ ഉയർത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.