കൊച്ചി: ഹൈകോടതി ജഡ്ജിയോട് പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന് ഹൈകോടതി. കരഞ്ഞ് മാപ്പുപറഞ്ഞതിനാല്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ശബരിമല സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സിറ്റിങ് ജഡ്ജിയോട് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഹരജിക്കാർ യതീഷ് ചന്ദ്രക്കെതിരെ ആരോപണമുന്നയിച്ചിരുന്നു.
ആരോപിച്ച പ്രകാരമല്ലെങ്കിലും ജഡ്ജിയെ അപമാനിക്കുന്ന വിധം പെരുമാറ്റമുണ്ടായെന്ന് കോടതി സ്ഥിരീകരിച്ചു. ഉടന്‍ പ്രശ്നപരിഹാരത്തിന് ഉദ്യോഗസ്ഥൻ ശ്രമിച്ചു. സ്വമേധയാ കേസെടുക്കേണ്ട സംഭവമാണ്. ഉദ്യോഗസ്ഥെൻറ കണ്ണുനീരും മാപ്പും ഹൃദയത്തില്‍ തട്ടിയതിനാലാണ് നടപടി സ്വീകരിക്കാത്തത്. ഒരുപക്ഷേ, ഉദ്യോഗസ്ഥെൻറ ഭാഗത്തുനിന്നുള്ള അമിതാവേശമാവാം അതിന് കാരണമായത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണത്തിന് പ്രത്യേക കോർ കമ്മിറ്റിയുണ്ടാക്കാന്‍ ആഗസ്റ്റിൽതന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ ഐ.പി.എസുകാരിയായ വനിത പൊലീസ് ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തണമെന്ന് പിന്നീട് നിര്‍ദേശിച്ചു. അതില്‍ സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. അതിനാലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ശേഷി സംബന്ധിച്ച് റിപ്പോർട്ട് നല്കാന് നിര്‍ദേശിച്ചതെന്നും കോടതി വ്യക്തമാക്കി.
പൊലീസിനെതിരായ ഹൈകോടതിയുടെ പരാമർശങ്ങൾക്കെതിരെ ഐ.പി.എസ് അസോസിയേഷെൻറ പ്രമേയമുണ്ടെന്ന് ഹരജിക്കാരിലൊരാൾ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. എന്നാൽ, കോടതിയുടെ നടപടികളിൽ ഇടപെടുന്നതല്ലെന്ന കാരണത്താൽ ആ വിഷയം പരിഗണിക്കുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രതികൂല പരാമർശങ്ങൾക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ ഇതിൽ ഹരജിക്കാർ ആകുലപ്പെടേണ്ടെന്നും സർക്കാറിന് നിയമാനുസൃത നടപടി സ്വീകരിക്കാൻ തടസ്സമില്ലെന്നുമുള്ള നിലപാടാണ് കോടതി സ്വീകരിച്ചത്.
രാത്രി 11ന് ഹരിവരാസനം പാടി നടയടച്ചശേഷം ഭക്തർക്ക് ഭക്ഷണവും പ്രസാദവും ലഭ്യമാകാത്ത സാഹചര്യമുണ്ടാക്കിയതെന്തിനെന്ന് വാദത്തിനിടെ കോടതി സർക്കാറിനോട് ആരാഞ്ഞു. ഇൗ നടപടി ഭക്തരെ പരിഭ്രാന്തരാക്കില്ലേയെന്നും കോടതി വാക്കാൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.