തിരുവനന്തപുരം: ഹാരിസൺസ് മലയാളം കമ്പനിക്ക് സർക്കാർ നൽകിയ ഭൂമി മറിച്ചുവിറ്റ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി കുറ്റപത്രം ഫയലിൽ സ്വീകരിച്ചു.
കേസിൽ മൊത്തം എട്ടു പ്രതികളാണുള്ളത്. പത്തനംതിട്ട അരുവാപ്പുലം മുൻ വില്ലേജ് ഓഫിസർ മോഹൻകുമാർ, സ്പെഷൽ വില്ലേജ് ഓഫിസർ ജഗദീഷ്, മുൻ അഡീ. തഹസിൽദാർ എ. ഗോപകുമാർ, കമ്പനി പ്രതിനിധികളായ മനോമോഹൻ പണ്ടാരത്തിൽ, സുധാകർ, മോനിഷ, രജനി ചന്ദ്രൻ, തോമസ് മാത്യു എന്നിവരാണ് പ്രതികൾ. വിജിലൻസ് എസ്.പി കെ.ഇ. ബൈജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
എന്നാൽ, മുമ്പ് എഫ്.െഎ.ആറിൽ ഉൾപ്പെട്ടിരുന്ന പല പേരുകളും കുറ്റപത്രത്തിലില്ലെന്ന ആക്ഷേപവുമുണ്ട്. ഹാരിസൺസ് കമ്പനിക്ക് സർക്കാർ നൽകിയ 392 ഏക്കർ ഭൂമി വ്യാജരേഖ തയാറാക്കി മറിച്ചുവിറ്റ് സർക്കാറിന് കോടിക്കണക്കിന് നഷ്ടം വരുത്തിയെന്നാണ് കേസ്. അഴിമതി നിരോധന നിയമത്തിനു പുറമേ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകളും ഉണ്ട്. 1600/1923 നമ്പർ കരാർ ഉടമ്പടിയിൽപ്പെട്ട കാഞ്ഞിരപ്പള്ളി, പീരുമേട്, പുനലൂർ, എരുമേലി വില്ലേജുകളിലെ ഭൂമി സബ് രജിസ്ട്രാറുമാരുടെ സഹായത്തോടെ ഹാരിസൺസ് മറിച്ചുവിറ്റെന്നാണ് കേസ്. ഹാരിസൺസ് കമ്പനി കൈവശംവച്ചിരിക്കുന്ന ഭൂമിയിലൊന്നിനും യഥാർഥത്തിൽ കമ്പനിക്ക് ഉടമസ്ഥാവകാശമില്ലെന്ന് റവന്യൂ വകുപ്പിെൻറ പ്രത്യേകസംഘം കണ്ടെത്തി. ഉടമസ്ഥാവകാശത്തിന് അടിസ്ഥാനമായി കമ്പനി ഹാജരാക്കിയത് 1600/1923 എന്ന നമ്പറിലെ വ്യാജ ആധാരമായിരുന്നു. പല പേരുകളിലായി സംസ്ഥാനത്തുണ്ടായിരുന്ന കമ്പനി 1923ൽ ആണ് ഹാരിസൺസ് കമ്പനിയായി മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.