കോഴിക്കോട് : ഹാരിസൺസ് കമ്പനി 1923ൽ തിരുവിതാംകൂർ രാജവംശവുമായുണ്ടാക്കിയ ഉടമ്പടി രേഖ തിരുത്തിയെന്ന കേസിൽ കാലഗണന പരിശോധന സാധ്യമാണോയെന്ന് വിജിലൻസിനോട് കോടതി. വിജിലൻസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് സ്വീകരിക്കാതെ കോടതി സുപ്രധാന നീക്കമാണ് നടത്തിയത്. കാലഗണന നിശ്ചയിക്കാൻ കാർബൺ ഡേറ്റിങ് സാങ്കേതികവിദ്യയോ മറ്റ് സാങ്കേതിക പരിശോധനയോ സർക്കാർ അംഗീകൃത ലാബുകളിലോ മറ്റ് സ്ഥാപനങ്ങളിലോ സാധ്യമാണോയെന്ന് വരുന്ന 29ന് റിപ്പോർട്ട് നൽകണമെന്നും വിജിലൻസിനോട് കോടതി നിർദേശിച്ചു.
ഹാരിസൺസ് കമ്പനി ഹാജരാക്കിയ 1923ലെ രേഖയുടെ കാലഗണന നിർണം സംബന്ധിച്ച് വ്യക്തമായി റിപ്പോർട്ടാണ് കോടതി ആവശ്യപ്പെടുന്നത്. കൊല്ലം തഹസിൽദാർ ഓഫിസിൽ സൂക്ഷിച്ചിരുന്ന 1923ലെ ഉടമ്പടി രേഖ സർക്കാരിന്റെ കൈവശമുണ്ട്. അതിന്റെ പകർപ്പായി ഹാരിസൺസ് കമ്പനി ഹാജരാക്കിയ പ്രമാണം അഹമ്മദാബാദ് നവരംഗപുര ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലോ ന്യൂ ഡെൽഹിയിലെ ഇന്തർ യൂനിവേഴ്സിറ്റി ആക്സിലറേഷൻ സെന്ററിലോ ശാസ്ത്രീയ പരിശോധനക്ക് അയക്കണമെന്നാണ് അഡ്വ. മനോജ് കോടതിയിൽ ആവശ്യപ്പെട്ടത്.
കാലഗണന പരിശോധിക്കാൻ മറ്റ് സ്ഥാപനങ്ങളുണ്ടെങ്കിൽ അതിന് തയാറാകണമെന്നും അഡ്വ.മനോജ് ആവശ്യപ്പെട്ടിരുന്നു. കോടതിക്ക് തെളിവാണ് അവശ്യമെങ്കിൽ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ കാലഗണ നിശ്ചയിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയുള്ള സ്ഥാപനങ്ങളുണ്ടെങ്കിൽ അതു ചെയ്യണമെന്നും അദ്ദേഹം വാദിച്ചു.
ഹാരിസൺസ് അധികൃതർ വ്യാജരേഖയുണ്ടാക്കിയെന്ന കേസിൽ നിർണായക തെളിവായ ഫോറൻസിക് സയൻസ് ലാബിലെ (എഫ്.എസ്.എൽ) റിപ്പോർട്ട് വിജിലൻസ് മൂന്ന് വർഷത്തിലധികം മറച്ചുവെച്ചത് നേരത്തെ വിവാദമായിരുന്നു. 2018 ജൂൺ 12നാണ് ഫോറൻസ് സയൻസ് ലാബിലെ അസിസ്റ്റൻറ് ഡയറക്ടർ എസ്. അപർണ റിപ്പോർട്ട് വിജിലൻസിന് സമർപ്പിച്ചത്. അന്വേഷണത്തിന് ഉത്തരവിട്ടത് റവന്യൂ വകുപ്പാണെങ്കിലും വിജിലൻസ് അവർക്കും റിപ്പോർട്ട് കൈമാറിയില്ല.
വിജിലൻസ് കോടതിയിൽ കേസ് അവസാനിപ്പിക്കാൻ സത്യവാങ് മൂലവും സമർപ്പിച്ചപ്പോഴാണ് ഗവ. മുൻ സ്പെഷ്യൽ പ്ലീഡർ അഡ്വ. സുശീല ആർ.ഭട്ട് ഇടപെട്ടത്. ഈ കേസിൽ എതിർ കക്ഷിയായ സുശീലാ ഭട്ടിന് കോടി നോട്ടീസ് അയച്ചതാണ് വഴിത്തിരവായത്. .സുശീല ഭട്ട് എതിർത്തില്ലായിരുന്നെങ്കിൽ ഹാരിസൺസ് കമ്പനിക്കെതിരായ വ്യാജരേഖ കേസ് അവസാനിക്കുമായിരുന്നു. ഫോറൻസ് സയൻസ് ലാബിലെ റിപ്പോർട്ടിൽ നാലുകാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചത്. അതിൽ രണ്ടെണ്ണത്തിൽ പ്രമാണ രേഖയിൽ തിരുത്തലുകൾ നടന്നുവെന്ന വ്യക്തമാക്കി.
പ്രമാണ രേഖയിൽ ധാരാളമായി തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വ്യത്യസ്തമായ മഷി ഉപയോഗിച്ച് പിൽക്കാലത്ത് നടത്തിയിയെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആധാരത്തിലെ 54ാം പേജിൽ 1030 ഏക്കർ, 11 സെൻറ് ഭൂമി ഏഴുതി ചേർത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മുൻപും തുടർന്നുള്ളതുമായ എഴുത്തുകളിൽനിന്ന് വ്യത്യസ്തമായ ഒരു ഫ്ലൂറസൻസാണ് ഇതിന് ഉപയോഗിച്ചതെന്ന് ശാസത്രീയ പരിശോധനയിൽ വ്യക്തമായി. അതുപോലെ പദങ്ങളും അക്ഷരങ്ങളും താരതമ്യേന ചെറിയ വലിപ്പമുള്ളവയാണ്. പദങ്ങൾ തമ്മിലുള്ള അകല ക്രമീകരണത്തിലും വ്യത്യസ്തത കണ്ടെത്തി.
എന്നാൽ, മൂന്നാത്തേതിൽ തിരിമറി നടത്തിയ കാലം കണ്ടെത്തനായിട്ടില്ലെന്ന് വ്യക്തമാക്കി. നാലാമത് നിലവിൽ ലാബിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രമാണ രേഖയുടെ കാലഗണന കണ്ടെത്താനാവില്ലെന്നും സൂചിപ്പിച്ചു. ഇക്കാര്യത്തിലാണ് തുടർ പരിശോധന സാധ്യമാണോയെന്ന് വിജിലൻസ് കോടതി ആരാഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.