കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ തീരുമാനം തന്നെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഹർഷിന. ആരുടെയും ഔദാര്യമല്ല താന്‍ ചോദിച്ചത്. താന്‍ അനുഭവിച്ച വേദനയ്ക്കുള്ള പരിഹാരമാണ്. നഷ്ടപരിഹാരം സംബന്ധിച്ച മന്ത്രിസഭാ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും ഹർഷിന പറഞ്ഞു.
ആരോഗ്യമന്ത്രി തന്നെ ചിരിച്ചുകാണിച്ച് പറ്റിക്കുകയായിരുന്നു. വാക്കുപാലിച്ചില്ല. കഴിഞ്ഞ തവണ നടത്തിയ ഓപ്പറേഷന് പോലും രണ്ട് ലക്ഷം രൂപയില്‍ കൂടുതലായി. നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ യോഗ തീരുമാനം അറിഞ്ഞതുമുതല്‍ താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. രണ്ട് ലക്ഷം രൂപ സ്വീകരിക്കുകയുമില്ല. നീതിക്കായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങും. ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ഹര്‍ഷിനയ്ക്ക് നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പ് അന്വേഷണം ഹർഷിന സ്വാഗതം ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.