കോഴിക്കോട്: വയറ്റിൽ ശസ്ത്രക്രിയോപകരണം കുടുങ്ങിയതിനെ തുടർന്ന് ദുരിതത്തിലായ ഹർഷിന മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ ഏഴു ദിവസമായി നടത്തിവന്ന സത്യഗ്രഹം ആരോഗ്യമന്ത്രി വീണ ജോർജിന്റെ വാക്കിൽ വിശ്വസിച്ച് അവസാനിപ്പിച്ചു. മെഡിക്കൽ കോളജിലെ പ്രിൻസിപ്പലിന്റെ ഓഫിസിൽ ഹർഷിനയുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സമരം നിർത്തിയത്.
ശനിയാഴ്ച വൈകീട്ട് മന്ത്രി സമരപ്പന്തലിലെത്തി. തുടർന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽവെച്ച് ഹർഷിനയുമായി സംസാരിച്ചു. പിന്നീട് മാധ്യമങ്ങൾക്കു മുന്നിലെത്തിയ മന്ത്രി, ഹർഷിനക്ക് എല്ലാ പിന്തുണയും നൽകുമെന്നും സർക്കാർ ഹർഷിനക്കൊപ്പമാണെന്നും ആവർത്തിച്ചു വ്യക്തമാക്കി. രണ്ടാമത്തെ അന്വേഷണ സമിതി റിപ്പോർട്ട് തനിക്ക് പരിശോധിക്കാനായിട്ടില്ല. റിപ്പോർട്ട് എന്തു തന്നെയായാലും സർക്കാർ ഹർഷിനക്കൊപ്പമാണ്. രണ്ടാഴ്ചക്കകം അവർക്ക് നീതി ലഭ്യമാക്കും -മന്ത്രി പറഞ്ഞു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലുമായാണ് ഹർഷിനക്ക് ശസ്ത്രക്രിയ നടന്നത്. വീഴ്ച എവിടെനിന്നുള്ളതാണെങ്കിലും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായൊന്നും കണ്ടെത്താനായിട്ടില്ല. വിദഗ്ധാഭിപ്രായം പറയാൻ തനിക്കാവില്ല. അന്വേഷണം നടത്തി സത്യം കണ്ടെത്തും -മന്ത്രി പറഞ്ഞു.
മതിയായ നഷ്ടപരിഹാരം മന്ത്രി ഉറപ്പുതന്നതായി ഹർഷിന പറഞ്ഞു. മന്ത്രി നേരത്തേ ഫോണിൽ നൽകിയ വാക്ക് പാലിക്കപ്പെട്ടിരുന്നില്ല. എന്നാൽ, നേരിട്ട് ചർച്ച നടത്തുകയും വാക്കുനൽകുകയും ചെയ്ത സാഹചര്യത്തിൽ മന്ത്രിയുടെ വാക്കിൽ വിശ്വസിക്കുകയാണ്. മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ തന്നെയാണ് വീഴ്ച സംഭവിച്ചത് എന്ന കാര്യത്തിൽ തനിക്ക് ഉറപ്പുണ്ട്.
പൊലീസിൽ നൽകിയ പരാതി പിൻവലിക്കില്ലെന്നും ഹർഷിന പറഞ്ഞു. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണക്കൊപ്പമാണ് ഹർഷിന ചർച്ചക്കെത്തിയതെങ്കിലും ഹർഷിനയോടും കുടുംബത്തോടും ചർച്ച നടത്തിയശേഷം സമരസമിതി ചെയർമാനെ ചർച്ചക്ക് വിളിക്കാമെന്നാണ് പൊലീസ് അറിയിച്ചത്. പക്ഷേ, പിന്നീട് സമരസമിതിക്കാരുമായി ചർച്ചയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.