കൊച്ചി: ലോട്ടറി ഏജൻറായ ഭർത്താവിനെതിരെ നിലനിൽക്കുന്ന നടപടിയുടെ പേരിൽ ഭാര്യക്ക് ലഭിച്ച ലോട്ടറി സമ്മാനത്തുക തടഞ്ഞുവെക്കാനാവില്ലെന്ന് ഹൈകോടതി. ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിെൻറ പേരിൽ നടപടി നേരിട്ട കണ്ണൂരിലെ മഞ്ജു ലോട്ടറി ഏജൻസി ഉടമ മുരളീധരെൻറ ഭാര്യ പി. ഷിതക്ക് ലഭിച്ച ലോട്ടറി ടിക്കറ്റിെൻറ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ തടഞ്ഞതിനെതിരെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണെൻറ ഉത്തരവ്.
2015ൽ ഷിത എടുത്ത ലോട്ടറി ടിക്കറ്റിന് 65 ലക്ഷം രൂപ അടിച്ചിരുന്നു. എന്നാൽ, ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിെൻറ പേരിൽ ഭർത്താവ് മുരളീധരെൻറ ഏജൻസി സസ്പെൻഡ് ചെയ്യുകയും കേസ് എടുക്കുകയും ചെയ്തതിനാൽ പണം നൽകാനാവില്ലെന്ന് വ്യക്തമാക്കി സർക്കാർ സമ്മാനത്തുക തടഞ്ഞുവെച്ചു. ഇതിനെതിരെ ഹരജിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു.
സമ്മാനത്തുകക്ക് അർഹമായ ലോട്ടറി ടിക്കറ്റ് നടപടിക്രമങ്ങൾ പാലിച്ചാണ് ഹരജിക്കാരി സമർപ്പിച്ചതെന്നും ഹരജിക്കാരിക്കെതിരെ കേസ് നടപടികളൊന്നും നിലവിലില്ലെന്നും കോടതി വിലയിരുത്തി. അതിനാൽ ഹരജിക്കാരിക്ക് സമ്മാനത്തുകക്ക് അർഹതയുണ്ട്. തുക തടഞ്ഞുവെച്ച സർക്കാർ ഉത്തരവ് കോടതി റദ്ദാക്കി. ഇവർക്ക് രണ്ടു മാസത്തിനകം തുക കൈമാറാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.