കൊച്ചി: ചില വിഭാഗത്തിൽപെട്ട നായ്ക്കളുടെ ഇറക്കുമതിയും വിൽപനയും പ്രജനനവും നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് ഭാഗികമായി തടഞ്ഞ് ഹൈകോടതി. അക്രമകാരികളും മനുഷ്യന് ഭീഷണിയുമെന്ന് കരുതുന്ന ഇനം നായ്ക്കളുടെ കാര്യത്തിൽ കൊണ്ടുവന്ന ഉത്തരവിൽ പ്രജനനവും വന്ധ്യംകരണവുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ് ജസ്റ്റിസ് ടി.ആർ. രവി സ്റ്റേ ചെയ്തത്. അതേസമയം, ഇവയുടെ ഇറക്കുമതിയും വിൽപനയും തടഞ്ഞ ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് ചോദ്യം ചെയ്ത് ഒരു കൂട്ടം മൃഗസ്നേഹികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മാർച്ച് 12നാണ് റോട്ട് വീലർ, പിറ്റ്ബുൾ, അമേരിക്കൻ ബുൾഡോഗ്, റഷ്യൻ ഗാർഡ് തുടങ്ങി ഇരുപതോളം വിഭാഗങ്ങളിലുള്ള നായ്ക്കൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം ഉത്തരവിറക്കിയത്. ഇത്തരം നായ്ക്കളുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിദഗ്ധസമിതി ശിപാർശ പ്രകാരമായിരുന്നു നടപടി.
ഇന്ത്യയിൽ നിലവിൽ വളർത്തിവരുന്ന ഇത്തരം നായ്ക്കളുടെ വംശവർധന തടയാൻ വന്ധ്യംകരിക്കണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ, വന്ധ്യംകരിക്കുന്നത് ജീവന് ഭീഷണിയാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. കൊൽക്കത്ത, കർണാടക ഹൈകോടതികളും കേന്ദ്ര സർക്കുലർ ഭാഗികമായി സ്റ്റേ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. തുടർന്നാണ് കോടതി ഭാഗികമായി ഉത്തരവ് തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.