കൽപറ്റ: മുണ്ടക്കൈ -ചൂരൽമല ഉരുൾ ദുരന്തബാധിതർക്കുള്ള പുനരധിവാസത്തിന് രണ്ടു എസ്റ്റേറ്റുകൾ ഏറ്റെടുക്കാനുള്ള തീരുമാനത്തിന് ഹൈകോടതി പച്ചക്കൊടി കാണിച്ചെങ്കിലും ടൗൺഷിപ്പ് പദ്ധതിക്ക് ഇനിയും കടമ്പകൾ ഏറെ. സർക്കാറിൽനിന്ന് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാൻ കമ്പനികൾക്ക് ഹൈകോടതി അനുമതി നൽകിയതിന് പുറമേ സർക്കാറിന് അവകാശപ്പെട്ട ഭൂമി സർക്കാർ വില കൊടുത്തു വാങ്ങുന്നതിനെതിരെ വിവിധ സംഘടനകൾ കോടതിയെ സമീപിച്ചേക്കും.
കൂടാതെ, സർക്കാർ വില കൊടുത്ത് ഏറ്റെടുക്കുന്ന രണ്ടു ഭൂമിയും പാട്ടക്കലാവധി കഴിഞ്ഞതായതിനാൽ സർക്കാറിന് അവകാശപ്പെട്ടതാണെന്ന് കാണിച്ച് ജില്ല കലക്ടർ സുൽത്താൻ ബത്തേരി കോടതിയിൽ സിവിൽ കേസും നൽകിയിട്ടുണ്ട്. എൽസ്റ്റൺ എസ്റ്റേറ്റിന്റെ കല്പറ്റ ബൈപാസിനോട് ചേര്‍ന്ന പുല്പാറ ഡിവിഷനിലെ 78.73 ഏക്കറും ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഏക്കര്‍ ഭൂമിയുമാണ് ഏറ്റെടുക്കാൻ ഉത്തരവിറക്കിയത്.
അതേസമയം, ദുരന്തബാധിതരുടെ പുനരധിവാസ പട്ടിക അഞ്ചു മാസമായിട്ടും തയാറാക്കാനായിട്ടില്ല. ഒന്നാംഘട്ടത്തില്‍ പരിഗണിക്കേണ്ട 388 പേരുടെ കരട് പട്ടിക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചെങ്കിലും വ്യാപക പരാതിയാണ് ഉയർന്നത്. നാലുമാസമെടുത്ത് തയാറാക്കിയ പട്ടികയിൽനിന്ന് അർഹരായ നിരവധി പേർ പുറത്തായതിന് പുറമെ ഇരട്ടിപ്പും മരിച്ചവരടക്കം കടന്നുകൂടിയതും പ്രതിഷേധത്തിനിടയാക്കി.
മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 502 ഗുണഭോക്താക്കളുണ്ടെന്നിരിക്കെയാണ് എഴുപതോളം പേര് രണ്ടുതവണ ഇടം പിടിച്ചിട്ടും ഒന്നാംഘട്ടത്തിൽ പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടിക 388 ലേക്ക് ചുരുങ്ങിയത്. നവംബര്‍ 26ലെ സര്‍ക്കാര്‍ ഉത്തരവിൽ കരട് പട്ടികയും അന്തിമ പട്ടികയും പ്രസിദ്ധീകരിക്കേണ്ട സമയം നല്‍കിയിരുന്നു. ഇതുപ്രകാരം ഉത്തരവ് തീയതി മുതല്‍ 10 പ്രവൃത്തി ദിവസങ്ങള്‍ക്കകമാണ് കരട് പട്ടിക പ്രസിദ്ധീകരിക്കേണ്ടിയിരുന്നതെങ്കിലും അതുണ്ടായില്ല.
കേന്ദ്രം ഫണ്ട് അനുവദിക്കാത്തതും കാര്യമായി ബാധിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 700 കോടി രൂപയാണ് ലഭിച്ചത്. 1000 സ്ക്വയർ ഫീറ്റുള്ള ആയിരം വീടുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. റോഡുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ദുരന്ത മേഖല സന്ദർശിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും അനുവദിച്ചില്ല.
പകരം, ദുരന്തനിവാരണ ചെലവ് തിരികെ ചോദിച്ചതോടെ കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നു് സഹായം ഉണ്ടാകുമോ എന്ന ആശങ്ക നിലവിലുണ്ട്. കേന്ദ്ര സഹായമില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന സർക്കാർ പറയുന്നുണ്ടെങ്കിലും ഫണ്ട് കണ്ടെത്തൽ കടമ്പയാകും. വിവിധ സംഘടനകളും വ്യക്തികളും അറുന്നൂറോളം വീടുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സർക്കാർതല ഏകോപനം ഉണ്ടായിട്ടില്ല. ഇവരുമായി ജനുവരി ആദ്യവാരം ചർച്ച നടത്താനാണ് ആലോചന.
അതിനിടെ, ഇരകൾതന്നെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആയിരത്തിലധികം കുടുംബങ്ങൾ ഇപ്പോഴും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വാടക ക്വാർട്ടേഴ്സുകളിലാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.