തിരുവനന്തപുരം: ഡോ. മൻമോഹൻ സിങ് വിടപറയുമ്പോൾ അദ്ദേഹത്തിന്റെ നിത്യസ്മാരകങ്ങളായി ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലയിൽ തലയെടുപ്പോടെ കേരളത്തിലും ഒട്ടേറെ സ്ഥാപനങ്ങൾ. സാങ്കേതിക വിദ്യാഭ്യാസമേഖലയിൽ കേരളത്തിലെ ‘ഐക്കൺ’ ആയി വളരുന്ന പാലക്കാട് ഐ.ഐ.ടി കേരളത്തിന് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്.
കാസർകോട് കേന്ദ്രസർവകലാശാല ആരംഭിക്കുന്നതും മൻമോഹൻ സിങ് സർക്കാറിന്റെ കാലത്താണ്. ശാസ്ത്രപഠന ഗവേഷണ മേഖലയിൽ രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലൊന്നായി വളർന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതും മൻമോഹൻ സിങ്ങിന്റെ കാലത്തായിരുന്നു.
ഭാരത്രത്ന ജേതാവ് കൂടിയായ സി.എൻ.ആർ റാവുവിന്റെ ഉപദേശ പ്രകാരമാണ് ശാസ്ത്രപഠന ഗവേഷണം പ്രോത്സാഹിപ്പിക്കാൻ ഏഴിടങ്ങളിൽ ഐസർ തുടങ്ങാൻ മൻമോഹൻ സിങ് തീരുമാനിക്കുന്നത്.
ഇതിലൊന്നാണ് തിരുവനന്തപുരത്ത് വിതുരയിലുള്ളത്. ഐസറുകൾ സ്ഥാപിക്കുന്നതിൽ ഡോ. മൻമോഹൻ സിങ് വഹിച്ച നേതൃപരമായ പങ്ക് 2019ൽ വിതുര കാമ്പസിൽ ബിരുദദാന സമ്മേളനത്തിനെത്തിയ ഡോ.സി.എൻ.ആർ. റാവു തന്നെ അനുസ്മരിച്ചു.
ബഹിരാകാശ പഠന ഗവേഷണ മേഖലയിൽ രാജ്യത്തെ പ്രധാന കേന്ദ്രമാണ് തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി). 2007ൽ തുടങ്ങിയ സ്ഥാപനം 2010ലാണ് സ്ഥിരം കാമ്പസിലേക്ക് മാറിയത്.
തിരുവനന്തപുരം പാപ്പനംകോട്ടുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻ.ഐ.ഐ.എസ്.ടി) വളർച്ചയുടെ സുപ്രധാനഘട്ടത്തിലേക്ക് കടന്നതും മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്. കൗൺസിൽ ഓഫ് സയന്റിഫിക് ആന്‍ഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സി.എസ്.ഐ.ആർ) റീജനൽ റിസർച്ച് ലബോറട്ടറിയായി തുടങ്ങിയ സ്ഥാപനം 2007ലാണ് എൻ.ഐ.ഐ.എസ്.ടിയായത്.
തിരുവനന്തപുരം ആക്കുളത്തുള്ള ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രവും (എൻ.സി.ഇ.എസ്.എസ്) വളർച്ചയുടെ സുപ്രധാന ഘട്ടത്തിലേക്ക് പ്രവേശിച്ചതും മൻമോഹൻ സിങ്ങിന്റെ കാലത്താണ്.
ശാസ്ത്രപഠന ഗവേഷണ മേഖലയിൽ കേരളത്തിന്റെ അഭിമാന സ്തംഭമായി വളർന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയെ (ആർ.ജി.സി.ബി) കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണാധികാരമുള്ള ദേശീയ സ്ഥാപനമാക്കി മാറ്റുന്നതും 2006ൽ മൻമോഹൻ സിങ്ങിന്റെ കാലത്താണ്.
ആരോഗ്യ ഗവേഷണ മേഖലയിൽ അന്തർദേശീയ തലത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി വളർച്ചയുടെ പ്രധാനഘട്ടത്തിലേക്ക് കടന്നതും മൻമോഹൻ സിങ്ങിന്റെ ഇടപെടലിലൂടെയാണ്.
ഇൻസ്റ്റിറ്റ്യൂട്ടിലെ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിന് തറക്കല്ലിട്ടത് 1992ൽ ധനമന്ത്രിയായിരിക്കെ, മൻമോഹൻ സിങ്ങായിരുന്നു. കേരളത്തിൽ നിലവിലുള്ള പല കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെയും വളർച്ചക്കാവശ്യമായ ഇടപെടലുകളും ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.