കൊച്ചി: താൻ തെറ്റ് ചെയ്തിട്ടില്ലെന്നും തനിക്കുണ്ടായ നഷ്ടങ്ങൾ നികത്താൻ ആർക്കും കഴിയില്ലെന്നും വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ മുൻ നേതാവ് അബിൻ സി. രാജ്. പറയാനുള്ള കാര്യങ്ങൾ പൊലീസിനോടും കോടതിയിലും പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂൾ പഠനത്തിലും പ്ലസ്ടുവിലും താൻ ഉന്നത വിജയം നേടി. പഠിച്ച കോളജിൽ മെറിറ്റിലാണ് തനിക്ക് പ്രവേശനം ലഭിച്ചത്. നിരവധി അഭിമുഖങ്ങൾക്ക് ശേഷമാണ് ഇന്‍റർനാഷണൽ സിലിബസ് പഠിക്കുന്ന മാലിദ്വീപിലെ സ്കൂളിൽ ജോലി ലഭിച്ചത്. സ്കൂളിലെ ജോലിയും നഷ്ടമായെന്ന് അബിൻ വ്യക്തമാക്കി.
ഇത്രയും പണം ചെലവാക്കി പൊലീസ് മാലിദ്വീപിൽ വരേണ്ട കാര്യമില്ലായിരുന്നു. നാട്ടിലേക്ക് മടങ്ങി വരണമെന്ന് ആരും തന്നോട് ആവശ്യപ്പെട്ടില്ല. ആവശ്യപ്പെട്ടിരുന്നെങ്കിൽ താൻ സ്വന്തം ചെലവിൽ എത്തിയേനെ. ഒരു പ്രതിയുടെ മൊഴിയിലാണ് തനിക്കെതിരെ വാർത്തകൾ സൃഷ്ടിച്ചതെന്നും അബിൻ സി. രാജ് വ്യക്തമാക്കി.
എസ്.എഫ്.ഐ മുൻ ഏരിയ പ്രസിഡന്റും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു അബിൻ സി. രാജ്. കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രധാന കണ്ണിയാണ് അബിനെ ഇന്നലെ രാത്രിയാണ് കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. മാലിയിലായിരുന്ന അബിനെ രാത്രി 11.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചാണ് കസ്റ്റഡിയിലെടുത്തത്.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായതോടെ അബിൻ സി. രാജിനെ ജോലിയിൽ നിന്ന് മാലിദ്വീപ് ഭരണകൂടം പിരിച്ചുവിട്ടിരുന്നു. കൂടാതെ, അബിന്‍റെ സിമ്മും വർക്ക് പെർമിറ്റും അധികൃതർ റദ്ദാക്കിയിട്ടുണ്ട്. ഒന്നര വർഷം മുമ്പ് മാലിദ്വീപിലെത്തിയ ഇയാൾ, മാലെ സിറ്റിയിലെ കലഫാനു സ്കൂളിലെ അധ്യാപകനായിരുന്നു. മാലെ സിറ്റിക്കടുത്ത് ഹുൽഹുമലെ ദ്വീപിലാണ് താമസിച്ചിരുന്നത്.
അതേസമയം, അബിൻ സി. രാജിനെ കുറിച്ച് കൂടുതൽ അറിയില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയമാണ് അക്കാര്യങ്ങൾ അന്വേഷിക്കേണ്ടതെന്നും സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി. ആളുകൾ പലതും പറയുന്നുണ്ട്. ഇതെല്ലാം സത്യമാണോ എന്നറിയില്ല. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കരാറിലാണ് ഇയാൾ എത്തിയതെന്നും പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി.
പ്രധാന പ്രതിയായ എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനു പിന്നാലെ അബിൻ സി. രാജും കസ്റ്റഡിയിലായതോടെ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ഇരുവരുടെയും സംഘടന കാലയളവിൽ സഹപ്രവർത്തകരായിരുന്നവർക്കും പാർട്ടി ചുമതലക്കാർക്കും ഇതറിയാമായിരുന്നെന്ന വിവരവും നിഖിൽ കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.