മഞ്ചേരി: കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മർദനത്തിൽ ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പുര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി (36) മരിച്ച കേസിൽ കൂറുമാറിയ സാക്ഷികൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂട്ടർ കോടതിയിൽ ഹരജി നൽകി. മൂന്നാം സാക്ഷി കുഴിക്കാട്ട് തൊടിക കെ.വി. ജലീൽ, അഞ്ചാം സാക്ഷി തവനൂർ ഒന്നാം മൈലിൽ സ്വദേശി കാഞ്ഞിരപ്പിളാക്കൽ അഖിൽ, ഏഴാം സാക്ഷി കാഞ്ഞിരപ്പിളാക്കൽ ദേവദാസ്, എട്ടാം സാക്ഷി തവനൂർ ഒന്നാം മൈലിൽ മേത്തലയിൽ മുഹമ്മദ് റഫീക്ക്, പത്താം സാക്ഷി കുണ്ടിൽത്തൊടി അലി എന്നിവർക്കെതിരെയാണ് ഹരജി. എട്ടും പത്തും സാക്ഷികളായ റഫീഖും അലിയും വിചാരണയുടെ മൂന്നാം ദിവസമായ ബുധനാഴ്ചയാണ് കൂറുമാറിയത്. മറ്റു മൂന്നുപേർ ആദ്യദിവസങ്ങളിൽ കൂറുമാറിയിരുന്നു.
വിദേശത്തുള്ള ആറാം സാക്ഷി കെ.പി. ജിതിനെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വഴി വിഡിയോ കോൺഫറൻസിലൂടെ വിസ്തരിക്കാൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അപേക്ഷ നൽകി. ഹൈകോടതി ഉത്തരവ് പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കിയാണ് വിഡിയോ കോൺഫറൻസിലൂടെ വിസ്താരം നടക്കുന്നത്. കൊലപാതക കേസായതിനാലാണ് ഇത്തരത്തിൽ സാക്ഷിയെ വിസ്തരിക്കുന്നതെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. സമദ് പറഞ്ഞു.
ബുധനാഴ്ച കൂറുമാറിയ രണ്ടു സാക്ഷികളും സംഭവസ്ഥലത്തുണ്ടായിരുന്നു. മജിസ്ട്രേറ്റിന് നൽകിയ മൊഴിയാണ് ഇരുവരും മാറ്റിയത്. മുമ്പ് കൂറുമാറിയ സാക്ഷികൾ പറഞ്ഞതുപോലെ, പൊലീസ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകിയതെന്ന് ഇരുവരും പറഞ്ഞു. കേസിലെ വിചാരണ വ്യാഴാഴ്ചയും തുടരും. കേസിൽ 123 സാക്ഷികളാണുള്ളത്.
2023 മേയ് 13നാണ് കേസിനാസ്പദമായ സംഭവം. അര്‍ധരാത്രി കിഴിശ്ശേരി തവനൂര്‍ ഒന്നാംമൈലില്‍ മുഹമ്മദ് അഫ്സലിന്റെ വീട്ടുമുറ്റത്തെത്തിയ രാജേഷ് മാഞ്ചിയെ മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. വടികള്‍, പട്ടികക്കഷണങ്ങള്‍, പ്ലാസ്റ്റിക് പൈപ്പ് എന്നിവയുപയോഗിച്ച് രണ്ടു മണിക്കൂറോളം ആള്‍ക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒമ്പതു പ്രതികളാണ് കേസിലുള്ളത്. ഇതിൽ രണ്ടു പേർക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.