പൊളിറ്റ് ബ്യൂറോയിലെത്താന്‍ മാത്രം യോഗ്യത തനിക്കില്ലെന്ന് ഇ.പി. ജയരാജന്‍

കണ്ണൂര്‍: പൊളിറ്റ് ബ്യൂറോയിലെത്താന്‍ മാത്രം യോഗ്യത തനിക്കില്ലെന്ന് മുന്‍ മന്ത്രി ഇ.പി. ജയരാജന്‍. പി. ബിയിലെത്താന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വഹിക്കാന്‍ പൂര്‍ണമായി കഴിഞ്ഞിട്ടില്ല. താൻ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. പൊളിറ്റ് ബ്യൂറോ എന്ന് പറയുന്നത് ലളിതമായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

'മഹാ ചുമതലയാണ് അത്, അതിനൊന്നും ഞാനായിട്ടില്ല, സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാത്തത് പാര്‍ട്ടിക്ക് സംഭവിച്ച അപചയത്തിന്റെ ലക്ഷണമാണ്. കോണ്‍ഗ്രസിനെ ബി.ജെ.പിയുടെ പ്രേതം ബാധിച്ചിരിക്കുകയാണ്. നെഹ്റുവിന്റെ പാര്‍ട്ടി എത്ര ചെറുതായാണ് ചിന്തിക്കുന്നത്' ഇ.പി. ജയരാജന്‍ പറഞ്ഞു.

കെ റെയിലിനെപ്പറ്റി പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യില്ല. കെ റെയില്‍ ജനങ്ങള്‍ അംഗീകരിച്ച പദ്ധതിയാണ്. അതിന്മേല്‍ ഇനി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട കാര്യമില്ല. ജനങ്ങള്‍ വികസനത്തെ ആഗ്രഹിക്കുന്നു. ജനങ്ങള്‍ അത് സഹര്‍ഷം സ്വാഗതം ചെയ്തു കഴിഞ്ഞു. ഏതോ കുറച്ച് അഞ്ചോ പത്തോ കോണ്‍ഗ്രസുകാര്‍ തെക്കും വടക്കും പോയി കല്ലു പറിച്ചതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ല. അതൊന്നും ചര്‍ച്ച ചെയ്യുന്ന വേദിയല്ല സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

കെ.വി തോമസ് പാര്‍ട്ടി സമ്മേളനത്തില്‍ വരുമോയെന്ന് കാത്തിരുന്ന് കാണാം. കെ.വി തോമസ് സോണിയാഗാന്ധിക്ക് കത്തു നല്‍കിയോ എന്നൊന്നും അറിയില്ല. കോണ്‍ഗ്രസില്‍ ചിലര്‍ ഇങ്ങനെ കത്തു കൊടുക്കും. ചിലര്‍ കത്തിന് പുല്ലു വില പോലും കല്‍പ്പിക്കില്ല. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് അതല്ലേയെന്ന് ജയരാജന്‍ ചോദിച്ചു.

23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ ചൊവാഴ്ചയാണ് പതാക ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയര്‍ത്തുക. ബുധനാഴ്ച രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. 815 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. 

Tags:    
News Summary - He is not qualified to go to the Politburo says EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.