ആമ്പല്ലൂർ: നെന്മണിക്കര പള്ളത്ത് മണലി പുഴയിൽ തല നഷ്ടപ്പെട്ട നിലയിൽ പുരുഷ മൃതദേഹം. ഞായറാഴ്ച ഉച്ചക്കാണ് പുഴയിൽ വീണുകിടക്കുന്ന മരച്ചില്ലയിൽ തടഞ്ഞുനിന്ന നിലയിൽ മൃതദേഹം കണ്ടത്. പാന്റും ഇന്നർ ബനിയനുമാണ് ധരിച്ചത്. അഞ്ച് ദിവസത്തോളം പഴക്കമുള്ളതായി കരുതുന്നു. പാന്റിന്റെ പോക്കറ്റിൽനിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. മരിച്ചയാളെകുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. 40 വയസോളം തോന്നിക്കും.
കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം മൃതദേഹം പുഴയിലൂടെ ഒഴുകുന്നത് പരിസരവാസികൾ കണ്ടിരുന്നു. പിന്നീട് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ഞായറാഴ്ച മൃതദേഹം കണ്ടെത്തി. പുതുക്കാട് അഗ്നിരക്ഷ സേനയെത്തി മൃതദേഹം പുറത്തെടുത്തു.
പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. കാണാതായ ആളുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആമ്പല്ലൂർ: മണലിപ്പുഴയിൽ തലയറ്റ നിലയിൽ കണ്ട മൃതദേഹം അസം സ്വദേശിയുടേതെന്ന് പൊലീസിന് സംശയം. മൃതദേഹത്തിൽ നിന്നു കിട്ടിയ ഫോണിലെ സിം കാർഡ് മറ്റൊരു ഫോണിലിട്ടപ്പോൾ വന്ന കോളിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. വിളിച്ചയാളുമായി സംസാരിച്ചതിൽ മലപ്പുറത്തേക്ക് ജോലിക്കെത്തിയ അസം സ്വദേശിയുടേതാണ് സിം കാർഡ് എന്നും ഇയാളുടെ സഹോദരനാണ് വിളിച്ചതെന്നും പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ദിവസങ്ങളായി സഹോദരനെ ബന്ധപ്പെടാനാവുന്നില്ലെന്നും വിളിച്ചയാൾ പറഞ്ഞു. മലപ്പുറം പൊലീസുമായി ബന്ധപ്പെട്ട് അസം സ്വദേശിയുടെ വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.