പ്രചാരണത്തിനിടയിലും ആതുരശുശ്രൂഷ; രോഗികൾക്ക് മരുന്ന് കുറിച്ചുകൊടുത്ത് ഡോ. ജോ ജോസഫ്

കാക്കനാട്: പ്രചാരണം കൊഴുക്കുന്നതിനിടെ ആതുരശുശ്രൂഷയിലും പങ്കാളിയായി എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്. ശനിയാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പലയിടത്തും താൻ ചികിത്സിക്കുന്ന രോഗികളെ അദ്ദേഹം കാണാനിടയായി. വോട്ട് ചോദിക്കുന്നതിനിടെ അവർക്ക് മരുന്നു കുറിച്ചുകൊടുക്കാനും ഡോക്ടർ മറന്നില്ല. വൈറ്റില തൈക്കൂടത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ കണ്ടുമുട്ടിയ തോമസ് മൂഴിയിലിന്‍റെ കൈപിടിച്ച് പൾസ് പരിശോധിച്ചാണ് അദ്ദേഹം മടങ്ങിയത്.

ശനിയാഴ്ച രാവിലെ തൈക്കൂടം ഭാഗത്തുനിന്നായിരുന്നു പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തൈക്കൂടം സെന്‍റ് റാഫേല്‍സ് പള്ളിയിലെത്തി കുര്‍ബാന കഴിഞ്ഞിറങ്ങിയവരുടെ പിന്തുണയും തേടിയ ശേഷം ജൈവകൃഷി ചെയ്യുന്ന പള്ളിയിലെ അംഗങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച ശേഷം മണ്ഡലത്തില്‍ ജൈവകൃഷി സജീവമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്തു. പരിസരത്തെ വീടുകളിലും കടകളിലും വോട്ടഭ്യര്‍ഥിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും തൈക്കൂടത്ത് പ്രചാരണത്തിനുണ്ടായിരുന്നു. പിന്നീട് ജനത ജങ്ഷനിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പര്യടനം. വെണ്ണലയിലെ മരിയ സദന്‍ കോണ്‍വെന്റിലെത്തി കന്യാസ്ത്രീകളുടെ പിന്തുണ തേടി.

വൈകീട്ട് തൃക്കാക്കര ഭാഗങ്ങളിലായിരുന്നു പ്രചാരണം. ഭാരത് മാത കോളജ്, സേക്രഡ് ഹാർട്ട് മൈനര്‍ സെമിനാരി, കരുണാലയം, വിദ്യാജ്യോതി പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളിലെത്തി അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും പിന്തുണ തേടുകയും ചെയ്തു. മന്ത്രിമാരായ വീണ ജോർജ്, ആർ. ബിന്ദു, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, എ.എൻ. ഷംസീർ എം.എൽ.എ തുടങ്ങി നിരവധി പ്രമുഖർ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

Tags:    
News Summary - Health care during the campaign; He prescribed the medicine to the patients. Jo Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.