കൊച്ചി: ഒപ്പമുറങ്ങിയവരുടെ മൃതദേഹങ്ങൾപോലും കാണാനാകാതെ വിങ്ങുകയാണ് മൂന്നാർ പെട്ടിമുടി ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവർ. ജനിച്ച മണ്ണ് തൊടുന്ന നിമിഷം മരണം തട്ടിയെടുത്ത സഹയാത്രികരുടെയും കുടുംബാംഗങ്ങളുടെയും വിയോഗത്തിൽ തളർന്നവർ കരിപ്പൂർ വിമാനദുരന്തത്തിെൻറ നോവുന്ന നേർസാക്ഷ്യമാണ്. അപ്രതീക്ഷിത ദുരന്തം ഏൽപിച്ച ആഘാതത്തിൽ ഹൃദയം വിറങ്ങലിച്ച ഇവരുടെ ആത്മവീര്യം വീണ്ടെടുക്കാൻ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
കോവിഡ് പശ്ചാത്തലത്തിൽ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി തെരഞ്ഞെടുത്ത വിഭാഗങ്ങൾക്ക് സാമൂഹിക, മാനസിക പിന്തുണ ഉറപ്പാക്കുന്ന 'ഒറ്റക്കല്ല, ഒപ്പമുണ്ട്' പദ്ധതിയുടെ തുടർച്ചയായാണ് പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തെയും കരിപ്പൂർ വിമാനദുരന്തത്തെയും അതിജീവിച്ചവരുടെ മാനസിക ആഘാതം ലഘൂകരിക്കാൻ ആരോഗ്യവകുപ്പ് മുൻകൈയെടുക്കുന്നത്. പെട്ടിമുടിയിലെ ലയങ്ങളിൽ ദുരന്തത്തിന് സാക്ഷികളായവർ ഞെട്ടലിൽനിന്ന് മുക്തരായിട്ടില്ല.
കരിപ്പൂർ ദുരന്തം കുട്ടികളും സ്ത്രീകളുമടക്കമുള്ളവരിൽ സൃഷ്ടിച്ച നടുക്കം ചെറുതല്ല. ഈ സാഹചര്യത്തിൽ ഇരുദുരന്തത്തെയും അതിജീവിച്ചവരുടെ സങ്കടങ്ങൾ കേൾക്കുകയും അവർക്ക് ആത്മവിശ്വാസവും മാനസികൈധര്യവും പകരുകയുമാണ് ലക്ഷ്യമെന്ന് മാനസിക ആരോഗ്യപരിപാടിയുടെ സംസ്ഥാന നോഡൽ ഓഫിസർ ഡോ. പി.എസ്. കിരൺ 'മാധ്യമ'ത്തോട് പറഞ്ഞു.
ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരെ ഫോണിൽ വിളിച്ച് മാനസികാവസ്ഥ വിലയിരുത്തുകയും പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്യും. ആവശ്യമുള്ളവർക്ക് കൗൺസലിങ് നൽകും. ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഉതകുന്ന തുടർപ്രവർത്തനങ്ങളുമുണ്ടാകും. മനഃശാസ്ത്രജ്ഞർ, മാനസിക ആരോഗ്യവിദഗ്ധർ, കൗൺസലർമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്്. ക്വാറൻറീനിൽ കഴിയുന്നവർ, വയോജനങ്ങൾ, വിദ്യാർഥികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവരെ നിശ്ചിത ഇടവേളകളിൽ ഫോണിൽ ബന്ധപ്പെടുകയും ആവശ്യമായവർക്ക് കൗൺസലിങ് സേവനം ലഭ്യമാക്കുകയും ചെയ്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.