തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽനിന്ന് നിയന്ത്രിതമായി മാത്രമേ ആളുകളെ കൊണ്ടുവരാൻ കഴിയൂവെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേരളത്തിൽ കോവിഡിൻെറ മൂന്നാം ഘട്ടമാണിത്. ആദ്യഘട്ടത്തിൽ ചൈനയിലെ വുഹാനിൽനിന്ന് വന്ന മൂന്ന് കേസുകൾ നിയന്ത്രിക്കാൻ കഴിഞ്ഞു. അതിനുശേഷം വിവിധ രാജ്യങ്ങളിൽനിന്ന് വന്നവരടക്കം അഞ്ഞൂറിനടുത്ത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേർ മാത്രമാണ് മരിച്ചത്. മറ്റു നാടുകളിലേതിനെക്കാൾ കേരളത്തിൽ മരണനിരക്ക് കുറവാണ്.
വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും ആളുകൾ വരുന്നതിനാൽ മൂന്നാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഗൾഫിൽനിന്ന് വന്നവരിൽ 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇനിയും കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്നവർ പരമാവധി സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. പരിശോധനയും ക്വാറൈൻറനും നിർബന്ധമാണ്. അധികൃതരുടെ കണ്ണുവെട്ടിച്ച് സംസ്ഥാനത്തേക്ക് വരുന്ന സാഹചര്യമുണ്ടാകരുത്. ഇങ്ങനെ സംഭവിച്ചാൽ സാമൂഹിക വ്യാപനമുണ്ടാകാൻ സാധ്യതയുണ്ട്.
സർക്കാർ സ്ഥാനപങ്ങൾക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങളും പൂർണമായിട്ടും കോവിഡ് പ്രതിരോധത്തിൽ സഹായിച്ചാൽ മാത്രമേ നമുക്ക് രക്ഷപ്പെടാൻ കഴിയൂ. സ്വകാര്യ ആശുപത്രികൾ കൂടി ചേർന്നതാണ് കേരളത്തിൻെറ ആരോഗ്യം പരിപാലന മേഖല. കോവിഡിന് പുറമെ മറ്റു രോഗങ്ങളും ചികിത്സിക്കേണ്ടതുണ്ട്.
ആദ്യഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ ചികിത്സക്ക് തയാറായിരുന്നില്ല. മതിയായ സുരക്ഷ സംവിധാനമില്ലാത്തതായിരുന്നു അവരുടെ പ്രശ്നം. എന്നാൽ ഐ.എം.എയുടെ ഇടപടൽ വഴി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഇത് കൂടാതെ പരിശീലനവും നൽകുന്നു. ഇക്കാര്യത്തിൽ ഐ.എം.എയെ അഭിനന്ദിക്കുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.