ദുബൈ: യു.എ.ഇയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനാണ് അഷ്റഫ് താമരശ്ശേരി. അവിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപന്തിയിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ, ആ മരണങ്ങളെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ കരളലിയിക്കുന്നതാണ്. അത്തരമൊരു മനംനോവിക്കുന്ന പോസ്റ്റിൽ തൃശൂര്‍ സ്വദേശിയായ 22കാരൻ ജൗഫറിന്‍റെ മൃതദേഹം കയറ്റി അയക്കുേമ്പാളുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം.
റമദാന്‍റെ 30 നോമ്പ് നോറ്റ്, കൃത്യനിഷ്ഠയോടെ ആരാധനകളെല്ലാം നിർവഹിച്ച്, പെരുന്നാള്‍ നമസ്കരിച്ച് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുവാന്‍ ഇരിക്കുമ്പോഴാണ് ചെറിയൊരു തലചുറ്റല്‍ വന്ന് അവിടെ തന്നെ കുഴഞ്ഞ് വീണ് ജൗഫർ മരിക്കുന്നത്. എംബാമിങ് കഴിഞ്ഞ് ആ മൃതദേഹം പെട്ടിയിൽ വെച്ചപ്പോൾ തന്‍റെ മനസ്സ് അറിയാതെ പിടച്ചുപോയെന്നും പുഞ്ചിരി തൂകി കിടക്കുന്ന ആ മുഖം കുറച്ചുനേരം താൻ നോക്കിനിന്നെന്നും അഷ്റഫ് താമരശ്ശേരി എഴുതുന്നു. പിന്നീട് ആരോ വെള്ളത്തുണി കൊണ്ട് മുഖം മറക്കുമ്പോഴാണ് ആ പൊന്നുമോന്‍ യാത്രയാവുകയാണെന്ന് താൻ തിരിച്ചറിയുന്നതെന്നും അദ്ദേഹം കുറിക്കുന്നു.
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് ആശംസകള്‍ പറയുന്നതിനിടെ എനിക്ക് ഒരു മരണ വാര്‍ത്തയുമായി ഫോണ്‍കാള്‍ വന്നു. തൃശൂര്‍ സ്വദേശിയായ 22 വയസ്സുളള ജൗഫറിന്‍റെ മരണ വാര്‍ത്തയായിരുന്നു അത്. ഇന്ന് എംബാംമിങ് കഴിഞ്ഞ് ആ പൊന്നുമോന്‍റെ മയ്യത്ത് പെട്ടിയില്‍ വെച്ചപ്പോള്‍ എന്‍റെ മനസ്സ് അറിയാതെ ഒന്ന് പിടച്ചുപോയി. പുഞ്ചിരി തൂകികൊണ്ട് കിടക്കുന്ന, ഈമാന്‍റെ അഴക് (വിശ്വാസിയുടെ സൗന്ദര്യം) മുഖത്ത് നിന്നും ലവലേശം പോലും കുറയാതെ പ്രകാശിച്ച് നില്‍ക്കുകയാണ്. അങ്ങനെ കുറച്ച് നേരം മയ്യത്തിന്‍റെ മുഖം കാണുവാന്‍ ഞാന്‍ ആഗ്രഹിച്ചുപോയി.
പിന്നീട് ആരോ വെളളത്തേണി കൊണ്ട് മുഖം മറക്കുമ്പോഴാണ് ഞാന്‍ അറിയുന്നത്, ആ പൊന്നുമോന്‍ യാത്രയാവുകയാണ്. പടച്ചവന്‍റെ അരികിലേക്ക്. ഇനിയും എത്ര കാലം ഈ ദുനിയാവില്‍ ജീവിക്കേണ്ടവനാണ്. ഇവിടെത്തെ എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച്, ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിവെച്ച് അല്ലാഹുവിന്‍റെ വിളിക്ക് ഉത്തരം നല്‍കി ആ ചെറുപ്പക്കാരന്‍.
റമദാന്‍റെ 30 നോമ്പ് നോല്‍ക്കുകയും കൃത്യനിഷ്ഠയോടെ തറാവിഹും തഹജ്ജിദും രാത്രികാല പ്രാര്‍ത്ഥനയിലും മുഴുകി നോമ്പനുഷ്ഠിച്ചു. പെരുന്നാള്‍ നമസ്കരിച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഭക്ഷണം കഴിക്കുവാന്‍ ഇരിക്കുമ്പോഴാണ് ചെറിയൊരു തലചുറ്റല്‍ വന്ന് അവിടെ തന്നെ കുഴഞ്ഞ് മരണം സംഭവിക്കുകയായിരുന്നു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.
ഒന്നും എഴുതുവാന്‍ കഴിയുന്നില്ല. ഒരു തരം മരവിപ്പ് പിടിച്ചതുപോലെ. അല്ലാഹു ഈ ചെറുപ്പക്കാരന്‍റെ കുടുംബത്തിന് ശാന്തിയും സമാധാനവും നല്‍കുന്നതോടൊപ്പം അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ! ആമീന്‍. അല്ലാഹുവേ നാളെ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരുടെ കൂട്ടത്തില്‍ ഈ ചെറുപ്പക്കാരനെയും ഞങ്ങളില്‍ നിന്നും മരണപ്പെട്ടുപോയവരെയും നാളെ ഞങ്ങളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ. ആമീന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.