തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട് ദിവസം കൂടി ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ആന്ധ്ര പ്രദേശ്, ഒഡീഷ തീരങ്ങളിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. രണ്ടുദിവസത്തിന് ശേഷം മഴയുടെ അളവിൽ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.
കോട്ടയം മണർകാട് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എയര്‍പോര്‍ട് ടാക്സി ഡ്രൈവറായ അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാറിനുള്ളിൽനിന്നാണ് മൃതദേഹം ലഭിച്ചത്. മല്ലപ്പള്ളിയിലേക്ക് ഓട്ടം പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും നടത്തിയ തെരച്ചിലാണ് കാർ കണ്ടെത്തിയത്.
കനത്ത മഴയെത്തുടർന്ന് പമ്പ അണക്കെട്ടിെൻറ ആറ് ഷട്ടറുകളും തുടർന്നു. മഴയെത്തുടർന്ന് നാടുകാണി ചുരത്തിൽ വീണ വിള്ളലിെൻറ വ്യാപ്തി വർധിച്ചിട്ടുണ്ട്. രാത്രി എട്ടുമുതൽ രാവിലെ ആറുവരെ ഇതുവഴി ഗതാഗതം നിരോധിച്ചു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും തയാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
മഴ കൂടുതൽ ഇടുക്കിയിലും വയനാട്ടിലും
ആഗസ്റ്റ് ഒന്ന് മുതൽ ഒമ്പത് വരെയുള്ള കാലയളവിൽ ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 772 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. 716.5 മില്ലിമീറ്റർ മഴ ലഭിച്ച വയനാടാണ് രണ്ടാമത്. കണ്ണൂർ (517.6 മില്ലിമീറ്റർ), മാഹി (501.6), കോഴിക്കോട് (494.3), എറണാകുളം (485.6), കോട്ടയം (457.1), കാസർകോട് (427.9), പാലക്കാട് (419), തൃശൂർ (392.7), മലപ്പുറം (368.8), ആലപ്പുഴ (289.3), കൊല്ലം (282.4), പത്തനംതിട്ട (236.2), തിരുവനന്തപുരം (166.4) എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലെ കണക്കുകൾ.
ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു
ഇടുക്കിയിൽ ഞായറാഴ്ച മഴ കൂടിയും കുറഞ്ഞുമിരുന്നു. വൈകീട്ട് ശക്തിപ്രാപിച്ചു. മുല്ലപ്പെരിയാർ, ഇടുക്കി അടക്കം അണക്കെട്ടുകളിൽ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. മലങ്കര, പൊന്മുടി, കല്ലാർകുട്ടി, മൂന്നാർ ഹെഡ്വർക്സ്, ലോവർ പെരിയാർ ഡാമുകൾ തുറന്ന നിലയിൽ തന്നെയാണ്. വണ്ടിപ്പെരിയാർ ടൗണിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽനിന്ന് താമസക്കാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ നാല് താലൂക്കിലായി 18 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 42 കുടുംബത്തിൽ നിന്നായി 146 പേരെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. 36 വീട് ഭാഗികമായി തകർന്നു. ജില്ലയിൽ 1650 ഹെക്ടറിൽ കൃഷി നാശമുണ്ട്.
വയനാട്ടിൽ 81 ദുരിതാശ്വാസ ക്യാമ്പുകളിലായി 4288 പേര്‍
കാലവര്‍ഷത്തെ തുടര്‍ന്ന് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി തുറന്ന 81 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുന്നത് 1247 കുടുംബങ്ങളിലെ 4288 പേര്‍. ഇവരില്‍ 2098 പുരുഷന്മാരും 2190 സ്ത്രീകളുമാണ് (ആകെ 1039 കുട്ടികള്‍). ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ഒമ്പത് പേര്‍ ഭിന്നശേഷിക്കാരും ഒമ്പത് ഗര്‍ഭിണികളും 324 പേര്‍ മുതിര്‍ന്ന പൗരന്മാരുമാണ്.
2330 പേര്‍ പട്ടിക വര്‍ഗക്കാരാണ്. മാനന്തവാടി താലൂക്കില്‍ 25 ക്യാമ്പുകളിലായി 441 കുടുംബങ്ങളിലെ 1517 പേരാണുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ 17 ക്യാമ്പുകളിലായി 206 കുടുംബങ്ങളിലെ 689 പേരും വൈത്തിരി താലൂക്കില്‍ 39 ക്യാമ്പുകളിലായി 600 കുടുംബങ്ങളിലെ 2082 പേരുമുണ്ട്. അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകളിലേക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്.
കാസർകോട് ഒരുമരണം
കാലവർഷത്തിൽ ജില്ലയിൽ ഞായറാഴ്ച ഒരു മരണം. വെള്ളത്തിൽ വീണ 26കാരിയുടെ മൃതദേഹം കണ്ടെടുത്തു. രാജപുരം പൂടങ്കല്ലിലെ നാരായണൻ-രമണി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിയുടെ മൃതദേഹമാണ് ഇന്നലെ രാവിലെ 11.30ഓടെ ചുള്ളിക്കര കാഞ്ഞിരത്തടി പാലത്തിനു സമീപത്തുനിന്ന് കണ്ടുകിട്ടിയത്.
ജില്ലയിൽ 935 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആറു ക്യാമ്പുകൾ ആരംഭിച്ചു. 10 വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മലയോര പഞ്ചായത്തുകളില്‍ പലയിടത്തും വ്യാപക കൃഷിനാശവുമുണ്ട്.
കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയും അപ്പർ കുട്ടനാടും പൂർണമായും വെള്ളത്തിൽ
ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ പടിഞ്ഞാറൻ മേഖലയും അപ്പർ കുട്ടനാടും പൂർണമായും വെള്ളത്തിലായി. മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടരുന്നതിനാൽ മലയോരമേഖല അതീവ ജാഗ്രതയിലാണ്. ജില്ലയിൽ 194 ദുരിതാശ്വാസ ക്യാമ്പുകളിലായി 5000ത്തോളം പേരുണ്ട്.
മീനച്ചിൽ, മണിമല, പമ്പ, മൂവാറ്റുപുഴ- അച്ചൻ കോവിൽ ആറുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ കഴിഞ്ഞ പ്രളയത്തിന് സമാനമായ അവസ്ഥയിലാണ് പടിഞ്ഞറൻ മേഖലയും അപ്പർകുട്ടനാടും. ഈരാറ്റുപേട്ടയിൽ യുവാവ് ഷോേക്കറ്റ് മരിച്ചു.
കോട്ടയം-കുമരകം-ചേർത്തല,ചങ്ങനാശ്ശേരി-ആലപ്പുഴ റൂട്ടിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വണ്ടിപ്പെരിയാറിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് കോട്ടയം-കുമളി റൂട്ടിലും ഗതാഗതം നിലച്ചു.
തൃശൂരിൽ മഴ ശക്തം; കാഞ്ഞിരപ്പുഴയിൽ ആനയുടെ ജഡം ഒഴുകിയെത്തി
ഇരിങ്ങാലക്കുട, കാട്ടൂർ മേഖലകളിലും തൃക്കൂർ പഞ്ചായത്തിലും എടത്തിരുത്തി, പെരിഞ്ഞനം, മണത്തല, വാടാനപ്പള്ളി, വടക്കേക്കാട് വില്ലേജുകളിലും വെള്ളം കയറി.
തീരദേശത്ത് കടലാക്രമണം രൂക്ഷമാണ്. എറിയാട്, എടവിലങ്ങ്, ചാവക്കാട് അഞ്ചങ്ങാടി എന്നിവിടങ്ങളിൽ കടൽ കരയിലേക്ക് കയറി. അഞ്ചങ്ങാടി മൂസറോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
മനക്കൊടി-പുള്ള്-ശാസ്താംകടവ് റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞു. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ നിരവധി വീടുകൾ വെള്ളക്കെട്ടിലായി. എറിയാട് പഞ്ചായത്ത് മേഖലയിൽ കടൽ ക്ഷോഭവും ശക്തമാണ്. പ്രദേശത്ത് കടൽ കരയിലേക്ക് കയറി.
തീരപ്രദേശത്തെ തോടുകളും പുരയിടങ്ങളും നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. ശക്തമായ അടിയൊഴുക്ക് കാരണം കൊടുങ്ങല്ലൂരിൽ ആനയുടെ ജഡം പുഴയിലൂടെ ഒഴുകിയെത്തി. ഒരാഴ്ചയിൽ താഴെ പഴക്കമുള്ള ഏകദേശം 10 - 15 വയസ്സ് പ്രായം വരുന്ന കൊമ്പെൻറ ജഡമാണ് കാഞ്ഞിരപ്പുഴയിൽ ഒഴുകിയെത്തിയത്. കൊടുങ്ങല്ലൂർ, തൃശൂർ, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് താലൂക്കുകളിലായി 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 126 കുടുംബങ്ങളാണ് ഇപ്പോൾ ക്യാമ്പുകളിലുള്ളത്.
എറണാകുളം ജില്ലയിൽ പരക്കെ നാശം: 1200 പേർ ക്യാമ്പുകളിൽ
കാലവർഷം ശക്തി പ്രാപിച്ചതോടെ എറണാകുളം ജില്ലയിൽ പല ഭാഗങ്ങളിലും വീടുകളും കെട്ടിടങ്ങളും തകർന്നു. കാലവർഷം ആരംഭിച്ചത് മുതൽ ഇതുവരെ ആറ് വീടുകൾ പൂർണമായും 224 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിൽ 46 ക്യാമ്പുകൾ ആണ് നിലവിൽ പ്രവർത്തിക്കുന്നത്. 453 കുടുംബങ്ങളിലെ 1200 പേർ ക്യാമ്പുകളിൽ ഉണ്ട്. ഇതിൽ 576 പേർ സ്ത്രീകളും 462 പേർ പുരുഷന്മാരും 162 പേർ കുട്ടികളുമാണ്.
60 വയസിനു മുകളിൽ പ്രായമുള്ള 67 പേർ എട്ട് ക്യാമ്പുകളിലായി താമസിക്കുന്നുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർക്കായി രണ്ട് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 18 പേരാണ് ഇവിടെ ഉള്ളത്.
ആലുവ താലൂക്കിൽ ഏഴ് ക്യാമ്പുകളും കണയന്നൂർ താലൂക്കിൽ എട്ട് ക്യാമ്പുകളും കുന്നത്തുനാട് താലൂക്കിൽ രണ്ട് ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. കോതമംഗലം താലൂക്കിൽ ഏഴ് ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. പറവൂരിൽ 16 ക്യാമ്പുകളും മുവാറ്റുപുഴ താലൂക്കിൽ നാല് ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. കൊച്ചി താലൂക്കിൽ രണ്ട് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് 37 വീട് പൂര്‍ണമായി തകർന്നു
ജില്ലയിൽ മഴക്കെടുതിയില്‍ 37 വീട് പൂര്‍ണമായും 199 വീട് ഭാഗികമായും തകര്‍ന്നു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 584 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കടല്‍ക്ഷോഭ പ്രദേശങ്ങളില്‍നിന്ന് 24 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. 5600ല്‍പരം കര്‍ഷകരുടെ 5,875 ഹെക്ടര്‍ കൃഷി നശിച്ചു.
21.44 കോടിയുടെ നഷ്ടം കണക്കാക്കുന്നു. ആറ് ഹെക്ടര്‍ തെങ്ങ്, 5,758 ഹെക്ടര്‍ കുലച്ച വാഴ, 16 ഹെക്ടര്‍ റബര്‍, 15 ഹെക്ടര്‍ നെല്ല്, 60 ഹെക്ടര്‍ പച്ചക്കറി, 13 ഹെക്ടര്‍ മരച്ചീനി, 0.04 ഹെക്ടര്‍ വെറ്റില, ആറ് ഹെക്ടർ മറ്റ് കിഴങ്ങുവര്‍ഗങ്ങള്‍ എന്നിങ്ങനെയാണ് നാശനഷ്ടം. മഴ ശക്തമായ സാഹചര്യത്തില്‍ നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടർ തുറന്നു.
കോഴിക്കോട് 700 ഒാളം വീടുകളിൽ വെള്ളം കയറി
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുൻദിവസങ്ങളെ അപേക്ഷിച്ച് പകൽ മഴക്ക് തീവ്രത കുറവായിരുന്നു. അതേസമയം, പ്രധാന പുഴയോരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കുറ്റ ്യാടി ഡാം തുറന്നതിനെ തുടർന്ന് കോഴിക്കോട് നഗരത്തിലെ പൂനൂർ പുഴ കടന്നുപോകുന്ന വിവിധ വാർഡുകളിൽ 700 ഒാളം വീടുകളിൽ വെള്ളം കയറി.
371 കുടുംബങ്ങൾ വീടൊഴിഞ്ഞു. 54 പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബാക്കിയുള്ളവർ ബന്ധുവീടുകളിലേക്കും മാറിത്താമസിച്ചു. തിരുവമ്പാടി ഉൾപ്പെടെ മലയോരമേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. ചാലിയാറിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വെള്ളം കുറഞ്ഞു. പയ്യോളി നഗരസഭ പരിധിയിൽ 30 വീടുകളിൽ വെള്ളം കയറി.
ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് 37 ക്യാമ്പുകളിലായി 699 പേരെ മാറ്റിപ്പാർപിച്ചു. ജില്ലയിൽ ഞായറാഴ്ച ഒാറഞ്ച് അലർട്ടാണെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ രാവിലെ 11ഓടെ റെഡ് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു. തിങ്കളും ചൊവ്വയും മഴ കുറയുമെന്നാണ് പ്രവചനം. രണ്ട് ദിവസങ്ങളിലും യെല്ലോ അലർട്ടാണ് പ്രവചിച്ചത്. ഞായറാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം െകായിലാണ്ടിയിൽ 9.9 സെൻറീ മീറ്റർ മഴ പെയ്തു.അടുത്തകാലത്തെ ഏറ്റവും വലിയ അളവാണിത്. വടകരയിൽ 9.4 സെൻറീമീറ്ററും കോഴിക്കോട്ട് 5.4 സെൻറീമീറ്ററുമാണ് പെയ്തത്.കക്കയം ഡാം മേഖലയിൽ 7.4 സെൻറീമീറ്ററാണ് ലഭിച്ചത്.
മലപ്പുറത്ത് 1003 പേർ ക്യാമ്പിൽ
ജില്ലയിൽ ശക്തമായ മഴയിൽ കെടുതികൾ തുടരുന്നു. കാളികാവ് പള്ളിശ്ശേരി തോട്ടിൽ വീണ് വിദ്യാർഥി മരിച്ചു. നാടുകാണി ചുരത്തിൽ വിള്ളൽ വീഴുകയും അതിെൻറ വ്യാപ്തി കൂടുകയും ചെയ്യുന്നത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. തിരൂർ താലൂക്കിൽ 102ഉം വേങ്ങരയിൽ 69ഉം കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. നിലമ്പൂർ, ഏറനാട്, പെരിന്തൽമണ്ണ താലൂക്കുകളിലായി പ്രവർത്തിക്കുന്ന 21 ദുരിതാശ്വാസ ക്യാമ്പുകളിൽ 1003 പേരാണുള്ളത്.
2266 കുടുംബങ്ങളിൽ നിന്നായി 8795 പേരെ മാറ്റിപ്പാർപ്പിച്ചു. മലയോര മേഖലയിലും തീരദേശത്തും ഞായറാഴ്ച പകൽ മഴക്ക് നേരിയ കുറവുണ്ടായിരുന്നു. മഴ കുറഞ്ഞതോടെ ചില ഇടങ്ങളിൽ റോഡിൽ നിന്നും വീടുകളിൽ നിന്നും വെള്ളമിറങ്ങി. വാഴക്കാട് ഭാഗത്ത് സംസ്ഥാന പാതയിൽ വെള്ളമിറങ്ങിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചു. അരീക്കോട് തെരട്ടമ്മൽ റോഡും തുറന്നു.
കണ്ണൂരിൽ മഴക്ക് ശമനമില്ല
കണ്ണൂര്‍: രണ്ടു ദിവസമായി പെയ്യുന്ന മഴക്ക് ഞായറാഴ്ചയും ശമനമുണ്ടായില്ല. ജില്ലയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. തലശ്ശേരി താലൂക്കില്‍ 830 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
കണ്ണൂരില്‍ മൂന്ന് ക്യാമ്പുകള്‍ തുടങ്ങി. ഒമ്പത് കുടുംബങ്ങളിലെ 24 പേരെയാണ് ഇവിടേക്ക് മാറ്റിയത്. 53 കുടുംബങ്ങളിലെ 186 പേരെ ബന്ധു വീടുകളിലേക്കും മാറ്റി. പയ്യന്നൂര്‍ തോട്ടം കടവിലും പരിസരങ്ങളിലും നൂറോളംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
വണ്ണാത്തിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് തീരങ്ങളില്‍ താമസിക്കുന്ന 30ഓളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പാത്തിക്കല്‍ പാലം റോഡ്, പുഴ കരകവിഞ്ഞതിനെ തുടർന്ന് പൊലീസ് അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.