താമരശ്ശേരി: ചുരം മേഖലയിലുണ്ടായ കനത്ത മഴയില്‍ അടിവാരം ടൗണിൽ വെള്ളം കയറി. വീടുകളിലും കടകളിലും വെള്ളം കയറുകയും ദേശീയപാതയിൽ കാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മുപ്പേതക്ര, കണലാട് ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെയാണ് അടിവാരം അങ്ങാടിയില്‍ വെള്ളം കയറിയത്. മലവെള്ളപ്പാച്ചിലിൽ തോടുകൾ നിറഞ്ഞൊഴുകി. പൊട്ടിക്കയ്, കൈതപ്പൊയില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പുഴയിലും തോടുകളിലും ജലനിരപ്പുയര്‍ന്നു.
ദേശീയപാതയില്‍ അടിവാരത്ത് പുനര്‍നിര്‍മിക്കുന്ന പാലത്തിെൻറ പണി പൂര്‍ത്തീകരിക്കാത്തതും മലവെള്ളപ്പാച്ചിലില്‍ അങ്ങാടിയിൽ വെള്ളം കയറുന്നതിന് കാരണമായി. പോത്തുണ്ടി പാലവും െവള്ളം കയറി മുങ്ങി. ഉച്ചക്കുശേഷം രണ്ടരയോടെ മഴ കുറയുകയും റോഡിൽ നിന്ന് വെള്ളം ഒഴിവാകുകയും ചെയ്തു.
കുറ്റ്യാടി ചുരത്തിൽ ഉരുൾപൊട്ടി; ഗതാഗതം മുടങ്ങി
കുറ്റ്യാടി: കുറ്റ്യാടി-പക്രന്തളം ചുരംറോഡിൽ മുളവട്ടത്ത് ഉരുൾപൊട്ടി. പൂതംപാറക്കും ചാത്തേങ്കാട്ടുനടക്കും ഇടയിൽ വെള്ളുവൻകുന്നാണ് ഇടിഞ്ഞത്. മലവെള്ളപ്പാച്ചിലിനൊപ്പം കൂറ്റൻ പാറക്കല്ലുകളും മണ്ണും താഴെ റോഡിൽ പതിച്ചു.
ൈവകീട്ട് നാലിനാണ് കനത്ത മഴക്കൊപ്പം ഉരുൾപൊട്ടലുണ്ടായത്. കുറ്റ്യാടി -വയനാട് റൂട്ടിൽ പൂർണമായി ഗതാഗതം നിലച്ചു. പ്രദേശത്ത് ഉച്ച മുതൽ കനത്ത മഴയായിരുന്നു. പൂതംപാറ, തൊട്ടിൽപാലം പുഴത്തീരങ്ങളിലെ വീടുകളിൽ വെള്ളംകയറി. ഏതാനും കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മുളവട്ടത്തിനു താഴെ പുഴസമാനമായ റോഡിലൂടെ അര കിലോമീറ്ററോളം വെള്ളം താഴേക്ക് കുത്തിയൊലിക്കുകയാണ്. രാത്രി ൈവകിയും ഇത് തുടർന്നു.
തൊട്ടിൽപാലം പൊലീസ്, അഗ്നിരക്ഷാസേന, സന്നദ്ധപ്രവർത്തകർ എന്നിവർ സഥലത്തെത്തി. മണ്ണുമാന്തി ഉപയോഗിച്ച് പാറക്കല്ലുകളും മണ്ണും നീക്കി. റോഡിൽ വീണ മരങ്ങൾ മുറിച്ചു മാറ്റി. കഠിന ശ്രമഫലമായി ൈവകീട്ട് ഏഴോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. അതുവരെ നിരവധി വാഹനങ്ങൾ ചുരംേറാഡിൽ കുടുങ്ങിക്കിടന്നു. ഗതാഗതക്കുരുള്ളതിനാൽ ചാത്തേങ്കാട്ടുനട മുതൽ മുളവട്ടംവരെയും അതിനു മേലെ ചുരത്തിലൂം റോഡിൽ രാത്രി വൈകിയും വാഹനങ്ങളുടെ നീണ്ട നിര കാണമായിരുന്നു.
സമാനമായി ചുരം മൂന്നാം വളവിലും മണ്ണിടിച്ചിലുണ്ടായി. മണ്ണുമാന്തി ഉപയോഗിച്ച് ഇത് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇരുട്ടുവളവിലും ചാപ്പന്തോട്ടത്തും ചെറിയതോതിൽ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്തെ റോഡ് ഒഴുകിപ്പോയി. തൊട്ടിൽപാലം പുഴക്കരയിൽ ചോയിച്ചുണ്ടിൽ വെള്ളം കയറിയതിനാൽ 12 കടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മുളവട്ടത്ത് അപകട സാധ്യതയുള്ള ആറ് വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ചുരം റോഡ് പലഭാഗത്തും തകർന്നിട്ടുണ്ട്. വെള്ളപ്പാച്ചിലിൽ മുവട്ടം-ചീളിയാട്ട് റോഡ് തകർന്നു.
തൊട്ടിൽപാലം–വയനാട് റോഡിൽ യാത്രക്ക് നിയന്ത്രണം
കോഴിക്കോട്: മലയോര മേഖലകളിൽ ശക്തമായ മഴയും മണ്ണിടിച്ചിലും ഉണ്ടായ സാഹചര്യത്തിൽ തൊട്ടിൽപാലം-വയനാട് റോഡ് വഴിയുള്ള അടിയന്തര ആവശ്യങ്ങൾക്കല്ലാത്ത യാത്രകൾ നിരോധിച്ച് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. നവംബർ നാലു വരെ ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്. തൊട്ടിൽപാലം-വയനാട് റോഡിൽ മഴപെയ്ത് പല സ്ഥലങ്ങളിലും ടാറിങ് പൊട്ടിപ്പൊളിഞ്ഞതിനാലും ഈ ഭാഗങ്ങളിൽ മഴ തുടർന്നാൽ പല ഭാഗങ്ങളിലും മരങ്ങളും വലിയ പാറക്കല്ലുകളും ഏതു നിമിഷവും റോഡിലേക്കു വീഴാൻ സാധ്യതയുള്ളതിനാലുമാണ് നടപടി. മലയോര മേഖലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുകയും ഉദ്യോഗസ്ഥരുടെ നിർദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ബാലുശ്ശേരിക്കടുത്ത് ഉരുൾപൊട്ടൽ
ബാലുശ്ശേരി: കുറുമ്പൊയിൽ തോരാട് മലയിൽ ഉരുൾ പൊട്ടി വീടിന് നാശം. പനങ്ങാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട തോരാട് ഹെയർപിൻ വളവിനടുത്ത് ഇന്നലെ വൈകീട്ട് മൂന്നര യോടെയാണ് ഉരുൾ പൊട്ടിയത്. 200 മീറ്ററോളം ഉയരത്തിൽ നിന്ന് മലയിടിഞ്ഞ് മണ്ണും കല്ലും ചെളിയുമടക്കം വളവിനടുത്തുള്ള വീട്ടിന്റെ പിറകിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വീട്ടുടമ കോഴിക്കോട് ഗാന്ധിനഗർ കോളനിയിലെ ജലാലുദ്ദീനും ഭാര്യ ജമീലയും പണിക്കാരായ ബാബു, ചിത്രലേഖ എന്നിവരും വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
മണ്ണും ചെളിയും കുത്തിയൊഴുകുന്ന ഇരമ്പൽ കേട്ട് വീട്ടിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു ഇവർ.ജലാലുദ്ദീനും ഭാര്യയും ഇന്നലെ ഉച്ചയോടെ തോരാട്ടെക്ക് താമസിക്കാനായെത്തിയതാണ്. വീട്ടിനു മുമ്പിൽ നിർത്തിയിട്ടിരുന്ന കാറടക്കം ചെളിയിൽ താഴ്ന്നു. വീട്ടിനു പിറകിലും മുറ്റത്തുമായി ഒരാൾ പൊക്കത്തിൽ മണ്ണും ചെളിയും കടപുഴകിയ മരങ്ങളും കുത്തിയൊഴുകിയെത്തി. തൊട്ടടുത്ത് വയലടയിലേക്കുള്ള ഹെയർപിൻ വളവിലെ റോഡിലേക്കും മണ്ണിടിഞ്ഞ് വീണതിനാൽ ഇതിലൂടെയുള്ള ഗതാഗതവും സ്തംഭിച്ചു. നരിക്കുനിയിൽ നിന്നെത്തിയ അഗ്നിശമന രക്ഷാ സംഘത്തിന്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്. ചെളിയിൽ കുടുങ്ങിയ കാറും പുറത്തെടുത്ത് റോഡിലെത്തിച്ചു. ബാലുശ്ശേരിയിൽ നിന്നുള്ള പൊലീസ് സംഘവും രക്ഷാപ്രവർത്തനത്തിന് സഹായിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തോരാട് വയലടഭാഗത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ഇന്നലെ ഉച്ചയോടെ വീണ്ടും മഴ തുടങ്ങിയിരുന്നു. ഉരുൾപൊട്ടലിനെ തുടർന്നു തോരാട് ഭാഗത്തുള്ള ആറോളം കുടുംബങ്ങൾ ഭീഷണിയിലാണ്. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ മറ്റു കുടുംബങ്ങളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം.
തോരാട് ഉരുൾപൊട്ടൽ; പാലംതല പ്രദേശത്ത് വെള്ളം കയറി
ബാലുശ്ശേരി: കാന്തലാട് തോരാട് മലയിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ ഉരുൾ പൊട്ടി മലയിൽനിന്ന് മണ്ണും ചളിയും കുത്തിയൊഴുകി. ഇതോടെ താഴെ കുറുമ്പൊയിലിനു സമീപ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പൊടുന്നനെ എത്തിയ വെള്ളം ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കി. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ പാലം തലക്കൽ, മനത്താം വയൽ പ്രദേശങ്ങളിൽ പറമ്പുകളിലും വീടുകളിലും വെള്ളം കയറി. വെള്ളം കയറിയ സ്ഥലങ്ങൾ കിനാലൂർ വില്ലേജ് ഓഫിസർ വഹാബ്, വില്ലേജ് അസിസ്റ്റൻറ് പി. മനോജ്, വാർഡ് മെംബർമാരായ സാജിത കൊല്ലരുകണ്ടി, ഷൈബാസ് എന്നിവർ സന്ദർശിച്ചു.
ഉരുൾപൊട്ടൽ: സന്നദ്ധ പ്രവർത്തകരുടെ കൈമെയ് മറന്ന രക്ഷാ പ്രവർത്തനം
കുറ്റ്യാടി: വയനാട് ചുരം റോഡിൽ മുവട്ടത്ത് ഉരുൾപൊട്ടിയപ്പോൾ വിവിധ സന്നദ്ധപ്രവർത്തകർ നടത്തിയത് കൈമെയ് മറന്ന രക്ഷാപ്രവർത്തനം. കനത്തമഴയിൽ ഉയരത്തിലുള്ള വെള്ളുവൻകുന്ന് ഇടിഞ്ഞ് മലവെള്ളത്തോടൊപ്പം കൂറ്റൻ പാറക്കല്ലുകളും മണ്ണും ഇരച്ചെത്തി റോഡ് പുഴ സമാനമാവുകയായിരുന്നു. കാൽനട യാത്രപോലും അസാധ്യമാവുംവിധം റോഡ് ഉഴുതുമറിച്ചപോലെയായി. കനത്ത മഴയിൽ വീണ്ടും ഉരുൾപൊട്ടാമെന്ന് മുന്നറിയിപ്പുണ്ടായിട്ടും സധൈര്യം എല്ലാ വിഭാഗവും സേവനത്തിൽ സജീവമായിരുന്നു. തൊട്ടിൽപാലം, കുറ്റ്യാടി ഭാഗങ്ങളിൽനിന്നെത്തിയ രക്ഷാ പ്രവർത്തകർ പൊലീസിനും അഗ്നിരക്ഷാസേനക്കും ഒപ്പം കനത്ത മഴയെ അവണിച്ച് രംഗത്തിറങ്ങുകയായിരുന്നു. സമീപത്ത് അധികം താമസക്കാരില്ലാത്തതിനാൽ ആളപായം ഒഴിവായി. മണ്ണിടിച്ചിലുണ്ടാവുന്നതിന് തൊട്ടുമുമ്പ് റോഡിലൂടെ വാഹനങ്ങൾ കടന്നുപോയതാണ്. വലിയ പാറക്കല്ലുകളാണ് റോഡിൽ പതിച്ചത്. ഇവയിൽ മിക്കതും റോഡരികിലെ പുഴയിലും വീണു.
കുറ്റ്യാടിയിൽനിന്ന് ജനകീയ ദുരന്തനിവാരണ സേന, ഡി.ൈവ.എഫ്.ഐ തുടങ്ങിയവയുടെ പ്രവർത്തകർ സജീവമായി രംഗത്തുണ്ടായിരുന്നു. േറാഡ് അലങ്കോലപ്പെട്ടതിനാൽ മണ്ണുമാന്തിക്ക് എളുപ്പം സ്ഥലത്തെത്താനായില്ല. അതുവരെ കല്ലും മണ്ണും നീക്കിയത് ഇവരായിരുന്നു. നാദാപുരത്തുനിന്ന് സ്റ്റേഷൻ ഒാഫിസർ ജാഫർ സാദിഖിെൻറ നേതൃത്വത്തിൽ ൈവകീട്ട് അഞ്ചിന് എത്തിയ അഗ്നിരക്ഷാേസന രാത്രി വൈകിയാണ് തിരിച്ചുപോയത്. എസ്.െഎ രാധാകൃഷ്ണെൻറ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിക്കാനും മറ്റുമായി തൊട്ടിൽപാലം പൊലീസും വൈകും വരെ സ്ഥലത്തുണ്ടായിരുന്നു. കുറ്റ്യാടി-വയനാട് റൂട്ടിൽ ഗതാഗതം നിലച്ചതിനാൽ നിരവധിപേർ വഴിയിൽ കുടുങ്ങി. രാത്രി ഏഴിന് തൊട്ടിൽപാലം ഡിപ്പോയിൽനിന്ന് മാനന്തവാടിക്ക് കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.