കോഴിക്കോട്: പ്രളയ ദുരിതങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും സാധ്യതകളിലേക്ക് പെയ്തിറങ്ങുന്ന അതിതീവ്ര മഴ തുടരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലവാസ്ഥ നിരീക്ഷണ കേന്ദ്രം. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ദുരന്തങ്ങൾക്ക് നടുവിലായ ഇടുക്കി, വയനാട് ജില്ലകളിൽ ഇന്നും നാളെയും അതിതീവ്ര മഴ തുടരും. ഇരുജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗസ്റ്റ് എട്ടിന് ശനിയാഴ്ച ഇടുക്കിക്കും വയനാടിനും പുറമെ തൃശൂർ, പാലക്കാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് ഏഴിന് വെള്ളിയാഴ്ച ഇടുക്കി, വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് എട്ടിന് ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദത്തെ തുടർന്നാണ് അതീതീവ്ര മഴയുടെ മുന്നറിയിപ്പ്.
കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് തയാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 204.5 മി.മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളിലുള്ളത്. അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ നാലു ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലും മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ മുൻകരുതലിെൻറ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റും. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കുന്നുണ്ട്.
മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണമായി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. വൈകീട്ട് ഏഴു മുതൽ രാവിലെ ഏഴു വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ചു.
ആഗസ്റ്റ് ഏഴിന് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ആഗസ്റ്റ് എട്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒമ്പതിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ടിൽ പ്രവചിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കും.
ആഗസ്റ്റ് ഏഴ്: തിരുവനന്തപുരം, ആഗസ്റ്റ് എട്ട്: തിരുവനന്തപുരം, കൊല്ലം, ആഗസ്റ്റ് ഒമ്പത്: ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, ആഗസ്റ്റ് 10: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ആഗസ്റ്റ് 11: കണ്ണൂർ, കാസർകോട് എന്നിങ്ങനെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ ശക്തമായ മഴ ലഭിക്കും.
പശ്ചിമഘട്ട മലനിരകളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കേരളത്തിലെ മറ്റ് ജില്ലകളെയും ബാധിക്കും എന്നതിനാൽ വടക്കൻ കേരളത്തിലും മധ്യ-കേരളത്തിലുമാകെ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ട് തയാറെടുപ്പുകൾ പൂർത്തീകരിക്കണം.
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയാറാവണം.
ക്വാറൻറീനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണമായി സഹകരിക്കണം.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കാനോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
ശക്തമായ കാറ്റ് വീശുന്നതിനാൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.