കോട്ടയം: ഇടവേളക്കുശേഷം മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ മലയോര മേഖലയിൽ ആശങ്ക. രണ്ടുദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ജില്ലയുടെ കിഴക്കൻ മേഖലയിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. കൂട്ടിക്കൽ കാവാലിയിലും ചോറ്റി മാങ്ങാപേട്ടയിലും വെള്ളപ്പാച്ചിലുണ്ടായി. പൂഞ്ഞാര്‍ തെക്കേക്കര ഭാഗത്ത് അണകംപടി ഭാഗത്ത് മണ്ണിടിച്ചിലുമുണ്ടായി. മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ ഭീതിയും നിലനിൽക്കുന്നുണ്ട്. നദികളിലെല്ലാം ജലനിരപ്പുയർന്നു.
കോട്ടയം: അതിശക്തമായ മഴ സാധ്യതയെത്തുടർന്ന് ജില്ലയിൽ ഞായറാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ 19, 20, 21 തീയതികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാൻ തഹസിൽദാർമാർക്ക് കലക്ടർ നിർദേശവും നൽകി.
കോട്ടയം: ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലെ മണിമല (പുല്ലകയാർ സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്പാ (മടമൺ സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമീഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കലക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. നദീതീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടക്കയം: നിലക്കാത്ത മഴയിൽ മലയോര മേഖലയില്‍ നാശം. പൂഞ്ഞാര്‍ തെക്കേക്കര അണകംപടി ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. ശക്തമായ മഴയിൽ ശനിയാഴ്ച പുലര്‍ച്ചയായിരുന്നു മണ്ണിടിച്ചിലുണ്ടായത്.
കൂറ്റന്‍പാറകളും മണ്ണും തടികളും ചോലത്തടം-കൂട്ടിക്കല്‍ റോഡില്‍ പതിച്ചു. ഇതോടെ തടസ്സപ്പെട്ട ഗതാഗതം ശനിയാഴ്ച ഉച്ചയോടെയാണ് പുനഃസ്ഥാപിച്ചത്. ആദ്യം ഉരുള്‍പൊട്ടലാണെന്ന പ്രചാരണം ഭീതിക്കിടയാക്കി. സംഭവമറിഞ്ഞ് നിരവധിപേർ രക്ഷാപ്രവര്‍ത്തനത്തിനായി അവിടേക്ക് എത്തിയിരുന്നു. പിന്നീടാണ് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമാണെന്ന് വ്യക്തമായത്.
കൂട്ടിക്കല്‍-കാവാലി-ചോലത്തടം റൂട്ടിലും വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞു. ഇത് മേഖലയില്‍ ഗതാഗത തടസ്സത്തിനിടയാക്കി. മലവെള്ളപ്പാച്ചിലില്‍ മേഖലയില്‍ റോഡുകള്‍ മിക്കതും തകര്‍ന്നു. ചെറുകാനകള്‍ കവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി. ശനിയാഴ്ച മഴക്ക് അൽപം ശമനമുണ്ടായെങ്കിലും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല.
മണിക്കൂറുകളോളം നിലക്കാത്ത പെയ്ത മഴയില്‍ ജലസ്രോതസ്സുകളെല്ലാം കവിഞ്ഞൊഴുകുകയാണ്. മേഖലയിലെ പ്രധാന ജലസ്രോതസ്സുകളായ മണിമലയാര്‍, പുല്ലകയാര്‍ പാപ്പാനി തോട്, അഴുതയാര്‍, കൊടികുത്തിയാര്‍ എല്ലാം കവിഞ്ഞൊഴുകി. മുമ്പ് നിരവധി തവണ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലെ ജനങ്ങള്‍ വെള്ളിയാഴ്ച ഭീതിയിലായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും മുന്നറിയിപ്പുകളുമായി രംഗത്തുവന്നു. കൂട്ടിക്കല്‍ പൂച്ചക്കല്‍ ഭാഗത്ത് ജലനിരപ്പുയര്‍ന്നതോടെ സമീപവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. മുണ്ടക്കയം കോസ്വേ, കൂട്ടിക്കല്‍ ചപ്പാത്ത് എന്നിവിടങ്ങളില്‍ ജലനിരപ്പു പാലത്തിനൊപ്പം എത്തിയതോടെ അധികാരികള്‍ അപകട മുന്നറിയിപ്പ് നൽകി.
കോട്ടയം: ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും വരുംദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചതിനാലും രണ്ടുദിവസത്തേക്ക് തഹസിൽദാർമാരും വില്ലേജ് ഓഫിസർമാരും ഹെഡ് ക്വാർട്ടേഴ്സ് വിട്ടുപോകാൻ പാടില്ലെന്നും അതത് ഓഫിസുകളിൽ ഉണ്ടായിരിക്കമെന്നും കലക്ടർ ജോൺ വി. സാമുവൽ ഉത്തരവിട്ടു. പൊലീസ്, ആരോഗ്യം, അഗ്നിരക്ഷാസേന, കെ.എസ്.ഇ.ബി, പൊതുമരാമത്ത് റോഡ്, പൊതുമരാമത്ത് കെട്ടിട വിഭാഗം, തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, ഹൈഡ്രോളജി റോഡ്സ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ജില്ല മേധാവികൾ കാലാവസ്ഥ മാറ്റത്തെ ജാഗ്രതയോടെ വീക്ഷിച്ച് നടപടി സ്വീകരിക്കണം.
അതത് വകുപ്പുകൾ പ്രാദേശികതലത്തിൽ ഉദ്യോഗസ്ഥരെ ഏകോപനച്ചുമതല നൽകി നിയോഗിക്കണം. കേന്ദ്ര ജല കമീഷൻ മണിമലയാറിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇറിഗേഷൻ, ഫയർ, പൊലീസ് വകുപ്പുകളും തഹസിൽദാർമാരും ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടെങ്കിൽ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണം.
പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ വില്ലേജുകളിൽ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി വിന്യസിക്കണം. ഡെപ്യൂട്ടി തഹസിൽദാർമാരെ പ്രകൃതിക്ഷോഭ സാധ്യത പ്രദേശങ്ങളിൽ പ്രത്യേകം നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പാലാ ആർ.ഡി.ഒയെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.