പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുന്നു. മലയോര മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മഴക്കെടുതിയിൽ ഒരാൾകൂടി മരിച്ചു.

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട എസ്.പി ഓഫിസിനു സമീപത്തെ വെള്ളകെട്ടിൽ വീണ് ബൈക്ക് യാത്രക്കാരനായ പീരുമേട് സ്വദേശി സജീവാണ് മരിച്ചത്. സഹയാത്രികനായ പീരുമേട് സ്വദേശി സതീഷിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. തിങ്കളാഴ്ച വൈകീട്ടോടെ മലയോര മേഖലകളിൽ മഴയുടെ ശക്തി കൂടി. ശബരിമലയിൽ ഉൾവനത്തിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് പമ്പ ത്രിവേണിയിൽ വെള്ളം കയറി. കക്കാട്ടാറിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നു.

പുഴകളും തോടുകളും കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ഇന്നുകൂടി മഴ തുടർന്നാൽ വെള്ളം ഇറങ്ങാനുള്ള സാധ്യത കുറയും. ഇത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കും. മുൻ കരുതലിന്റെ ഭാഗമായി ആരക്കോണത്ത്നിന്നുള്ള എന്‍.ഡി.ആര്‍.എഫ് സംഘം ഇന്ന് ജില്ലയിൽ എത്തും.

അതേസമയം, സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ചൊവ്വാഴ്ച യെല്ലോ അലർട്ടാണ്. നിചക്രവാത ചുഴികളുടെ സാന്നിധ്യം മൂലം കാലവർഷ കാറ്റിന്റെ ഗതി തടസ്സപ്പെടുന്നതിനാൽ ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Tags:    
News Summary - Heavy rain in Pathanamthitta district; Holiday for educational institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.