തിരുവനന്തപുരം: ഇടവപ്പാതിയുടെ (തെക്ക്-പടിഞ്ഞാറൻ മൺസൂൺ) വിടവാങ്ങൽ പ്രഖ്യാപിച്ച് സംസ്ഥാനത്ത് മഴ കനക്കുന്നു. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് പരക്കെയും 18വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴക്ക് സാധ്യതയുള്ളതായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ എസ്. സുദേവൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ബംഗാൾ ഉൾക്കടലിെൻറ മധ്യഭാഗത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കഴിഞ്ഞദിവസത്തെ ശക്തമായ മഴക്ക് കാരണം. ശനിയാഴ്ച തലസ്ഥാനത്ത് രാവിലെ മുതൽ പെയ്ത കനത്ത മഴയിൽ നിരവധി മരങ്ങൾ കടപുഴകി.
ചൊവ്വാഴ്ച തീരപ്രദേശങ്ങളിൽ കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാരോട് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാൽ ജില്ല ഭരണകൂടങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. എല്ലാ പൊലീസ് സ്േറ്റഷനുകളും ഫയര്‍സ്റ്റേഷനുകളും അവരവരുടെ പ്രദേശത്തെ മഴയും അനുബന്ധ ദുരന്ത സാഹചര്യവും നേരിടാൻ സന്നദ്ധമായിരിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മറ്റ് നിർദേശങ്ങൾ:
- വൈകീട്ട് ആറ് മുതല്‍ അടുത്ത ദിവസം പകല്‍ ആറ് മണി വരെ മലയോര മേഖലയിലെ റോഡുകളിലൂടെ യാത്ര പരിമിതപ്പെടുത്തുക
- ഞായർ അവധി ആയതിനാല്‍ കുട്ടികള്‍ പുഴയിലും ആഴമുള്ള വെള്ളക്കെട്ടുകളിലും കളിക്കുന്നത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.
- പുഴയിലും മറ്റും ഒഴുക്ക് വര്‍ധിച്ചതിനാല്‍ നീന്താനും മറ്റും പോകുന്ന മുതിര്‍ന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുക.
- ഒറ്റപ്പെട്ട മലയോര പ്രദേശങ്ങളിലെ വനത്തിലെയും പുഴയിലും ചാലിലും പാറക്കെട്ടുകളിലേക്കുമുള്ള വിനോദസഞ്ചാരം ഒഴിവാക്കുക
- ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയില്‍, ഒറ്റപ്പെട്ട വീടുകളില്‍ താമസിക്കുന്നവർ രാത്രിയിൽ കൂടുതല്‍ നിരപ്പായ പ്രദേശത്തെ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുക.
- മലയോര കര്‍ഷകര്‍, അവരവരുടെ പുരയിടത്തില്‍, ചരിവുള്ള ഉയര്‍ന്ന പ്രദേശത്തും പാറക്കെട്ടുകളോട് ചേര്‍ന്നും മഴവെള്ളം കെട്ടിനില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. ഇങ്ങനെ വെള്ളം കെട്ടിനിന്നാല്‍ അത് സുഗമമായി ഒഴുകിപ്പോകാന്‍ അനുവദിക്കുക.
- വെള്ളച്ചാട്ടം ആസ്വദിക്കാന്‍ മലയോര റോഡുകളില്‍ വാഹനം നിര്‍ത്തരുത്. ഇത്തരം വെള്ളച്ചാട്ടങ്ങള്‍ മിന്നല്‍ പ്രളയത്തിെൻറയും ഉരുള്പൊട്ടലിെൻറയും പാതകളാണ്
- വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാകുന്ന പ്രദേശങ്ങളിലേക്ക് ദുരന്തം കാണാനുള്ള യാത്ര ഒഴിവാക്കുക. ഇത് ദുരന്തനിവാരണ പ്രവര്‍ത്തങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.