കോട്ടയം: എല്ലാ ജില്ലകളിലും ദുരന്തനിവാരണത്തിന് ഏതെങ്കിലുമൊരു സേനയുടെ സേവനം ലഭ്യമാകുമെന്ന് റവന്യു മന്ത്രി കെ. രാജൻ. എൻ.ഡി.ആർ.എഫിന്‍റെ 5 സംഘം കൂടി എത്തും. രണ്ട് സംഘം കൂടി ഇടുക്കിയിലേക്ക് തിരിക്കും. ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിൽ എൻജിനീയറിങ് ടാസ്ക് ഫോഴ്സ് എത്തും.
എസ്.ഡി.ആർ.എഫ് ഫണ്ട് എല്ലാ ജില്ലകൾക്കും ലഭ്യമാക്കും. കക്കി ഡാം തുറക്കേണ്ടി വന്നാൽ ഉച്ചയോടെയേ തുറക്കുകയുള്ളൂ. ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും പണത്തിൻ്റെ പ്രശ്നമില്ലെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ ജില്ലയിലെയടക്കം സ്ഥിതിഗതികൾ വിലയിരുത്തി.
കോട്ടയം /തിരുവനന്തപുരം: കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ കാണാതായ നാലുപേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ഇതിൽ ഓട്ടോ ഡ്രൈവറായ ഷാലറ്റിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു. മറ്റുമൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതോടെ ഇവിടെ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
കൊക്കയാറിൽ എട്ട് പേരെ കാണാതായിട്ടുണ്ട്. രണ്ടുസ്ഥലത്തും കാണാതായവർക്കായി തെരച്ചിൽ ഊർജിതമാക്കി.
അതിനിടെ പലയിടങ്ങളിലും വീണ്ടും മഴ കനത്തു. മൂന്ന് ജില്ലകളിലായി 60 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം കോട്ടയത്ത് 33ഉം ക്യാമ്പുകളാണ് തുറന്നു. ആയിരക്കണക്കിന് ആളുകളെ ഇവിടേക്ക് മാറ്റി.
ഓട്ടോ ഡ്രൈവറായ ഷാലറ്റ് കാണാതായവരുടെ പട്ടികയിൽ 13 പേരിൽ ഉൾപ്പെട്ടയാളല്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തും. മന്ത്രിമാരായ വി.എൻ. വാസവൻ,കെ. രാജൻ, റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എന്നിവർ കാത്തിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തി. കലക്ടർ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം ജയ് ദേവ് എന്നിവർ ഒപ്പമുണ്ട്.
കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ കുടുംബത്തിലെ ആറുപേരെയാണ് ഉരുൾപൊട്ടലിൽ കാണാതായത്. വട്ടാളക്കുന്നേൽ (ഒട്ടലാങ്കൽ) ക്ലാരമ്മ ജോസഫ് (65), മകൻ മാർട്ടിൻ, ഭാര്യ സിനി (35), മക്കളായ സോന (11), സ്നേഹ, സാന്ദ്ര എന്നിവരെയാണ് കാണാതായത്. ഇവരിൽ ക്ലാരമ്മ, സിനി, സോന എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ചളിയിൽ പൂണ്ട് കിടക്കുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് പുറത്തെടുക്കാനായിട്ടില്ല. ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണി, മകൻ, തൊട്ടിപറമ്പിൽ മോഹനെൻറ ഭാര്യ സരസമ്മ(60), മുണ്ടകശ്ശേരിയിൽ വേണുവിെൻറ ഭാര്യ റോഷ്നി എന്നിവരെയാണ് പ്ലാപ്പള്ളിയിൽ കാണാതായത്.
കൊക്കയാറിൽ ആൻസി(45), ചിറയിൽ ഷാജി(50), പുതുപ്പറമ്പിൽ ഷാഹുലിെൻറ മകൻ സച്ചു(മൂന്ന്), കല്ലുപുരക്കൽ ഫൈസൽ നസീറിെൻറ മക്കളായ അപ്പു, മാളു, ഫൈസലിെൻറ സഹോദരി ഫൗസിയ മക്കളായ അഹ്യാൻ, അഫ്സാന എന്നിവരേയാണ് കാണാതായത്. കൊക്കയാര്‍ പൂവഞ്ചിയിൽ മൂന്നുവീടുകൾ ഒലിച്ചുപോയി.
ഇടുക്കി തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് യുവാവും യുവതിയും മരിച്ചു. കാഞ്ഞാർ-മണപ്പാടി റോഡിലാണ് അപകടം. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടി വീട്ടിൽ നിഖിൽ ഉണ്ണികൃഷ്ണൻ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാൽ പുത്തൻപുരയിൽ നിമ കെ. വിജയൻ (32) എന്നിവരാണ് മരിച്ചത്.
കൂട്ടിക്കലിലെ കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളിലും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്തുമാണ് ഉരുൾ പൊട്ടിയത്. കൂട്ടിക്കലിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ പുറത്തെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടി.
തിങ്കളാഴ്ച നടക്കാനിരുന്ന പ്ലസ്വൺ പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കേരള സർവകലാശാല നാളെ (18/10/2021) നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കൽ, എൻട്രൻസ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.
നാളെ ( ഒക്ടോബർ 18) നടത്താനിരുന്ന എച്ച് ഡി സി പരീക്ഷയും മാറ്റിവെച്ചു പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത ടി. .ബാലൻ അറിയിച്ചു.
മഹാത്മാഗാന്ധി സർവകലാ ശാല തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.